പ്രായമേറിയ വിശ്വസ്തരെ ഓർക്കുക
1 എൺപത്തിനാലു വയസ്സുള്ള ഒരു വിധവ ആയിരുന്നിട്ടും ഹന്നാ ‘ദൈവാലയം വിട്ടുപിരിഞ്ഞിരുന്നില്ല’ എന്നു ബൈബിൾ പറയുന്നു. ഈ വിശ്വസ്തതയ്ക്കു യഹോവ അവളെ പ്രത്യേകം അനുഗ്രഹിച്ചു. (ലൂക്കൊ. 2:36-38) ഇന്ന് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും അനേകം സഹോദരീസഹോദരന്മാർ ഹന്നായുടേതിനു സമാനമായ മനോഭാവം പ്രകടിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങളുമായോ വാർധക്യസഹജമായ പരിമിതികളുമായോ മല്ലിടേണ്ടി വരുമ്പോൾ അത്തരം വിശ്വസ്ത സഹോദരങ്ങൾക്കു ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നിയേക്കാം. അവരെ പ്രോത്സാഹിപ്പിക്കാനും ഒരു നല്ല ആത്മീയ ചര്യ നിലനിറുത്താൻ സഹായിക്കാനുമായി നമുക്കു ചെയ്യാൻ കഴിയുന്ന ചില പ്രായോഗിക സംഗതികൾ ഇപ്പോൾ പരിചിന്തിക്കാം.
2 യോഗങ്ങളും ശുശ്രൂഷയും: മറ്റുള്ളവർ സ്നേഹപൂർവം യാത്രാസൗകര്യം ക്രമീകരിച്ചുകൊടുക്കുമ്പോൾ പ്രായമേറിയ വിശ്വസ്ത സഹോദരങ്ങളിൽ അനേകർക്കും ക്രമമായി ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നത് കൂടുതൽ എളുപ്പമായിത്തീരുന്നു. ഇത് ദീർഘകാലമായി ദൈവസേവനത്തിലായിരിക്കുന്ന ഈ വിശ്വസ്തരെ ആത്മീയമായി കെട്ടുപണി ചെയ്യുന്നു. കൂടാതെ ഇതു സഭയുടെതന്നെ പ്രയോജനത്തിൽ കലാശിക്കുന്നു. നിങ്ങൾക്ക് ഈ സത്പ്രവൃത്തിയിൽ ഒരു പങ്കുണ്ടായിരുന്നിട്ടുണ്ടോ?—എബ്രാ. 13:16.
3 ശുശ്രൂഷയിൽ ക്രമമായി പങ്കുപറ്റുന്നത് സത്യ ക്രിസ്ത്യാനികൾക്കു സന്തോഷവും സംതൃപ്തിയും നൽകുന്നു. എന്നാൽ പ്രായമായവരെയും രോഗികളെയും സംബന്ധിച്ചിടത്തോളം അങ്ങനെ ചെയ്യുന്നത് ഒരു വെല്ലുവിളി ആയിരുന്നേക്കാം. പ്രിയപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്ക് സാക്ഷീകരണ വേലയുടെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ ‘കൂട്ടുവേലക്കാരൻ’ എന്ന നിലയിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ വേണ്ട ക്രമീകരണം ചെയ്യാൻ നിങ്ങൾക്കു കഴിയുമോ? (റോമ. 16.3, 9, 21) ഒരുപക്ഷേ ടെലിഫോൺ സാക്ഷീകരണമോ ഒരു മടക്കസന്ദർശനമോ ബൈബിളധ്യയനമോ നടത്തുമ്പോൾ നിങ്ങളോടൊപ്പം ചേരാൻ ആ വ്യക്തിയെ നിങ്ങൾക്കു ക്ഷണിക്കാൻ സാധിച്ചേക്കും. എന്നാൽ പ്രായമായ സഹോദരനോ സഹോദരിക്കോ വീട്ടിൽനിന്നു പുറത്തു പോകാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ബൈബിൾ വിദ്യാർഥികളിൽ ആർക്കെങ്കിലും അധ്യയനത്തിനായി അവരുടെ വീട്ടിലേക്കു ചെല്ലാൻ സാധിക്കുമോ?
4 പഠനവും സഹവാസവും: ചില സഹോദരങ്ങൾ ചിലപ്പോഴൊക്കെ തങ്ങളുടെ കുടുംബാധ്യയനത്തിന് ഇരിക്കാൻ പ്രായമേറിയ അല്ലെങ്കിൽ രോഗിയായ ഒരു സഹോദരനെയോ സഹോദരിയെയോ ക്ഷണിക്കാറുണ്ട്. അവർ അത് ആ വ്യക്തിയുടെ വീട്ടിൽവെച്ചു പോലും നടത്തുന്നു. ഒരു മാതാവ് തന്റെ രണ്ടു ചെറിയ കുട്ടികളെ എന്റെ ബൈബിൾ കഥാ പുസ്തകം ഉപയോഗിച്ചുള്ള അവരുടെ അധ്യയനത്തിനായി പ്രായമേറിയ ഒരു സഹോദരിയുടെ വീട്ടിൽ കൊണ്ടുപോയി. എല്ലാവർക്കും ആ സഹവാസത്തിൽനിന്നു പ്രോത്സാഹനം ലഭിച്ചു. ഭക്ഷണത്തിനായോ മറ്റേതെങ്കിലും സാമൂഹിക കൂടിവരവിനായോ തങ്ങളെ ക്ഷണിക്കുന്നതും ഈ സഹോദരങ്ങൾ വിലമതിക്കുന്നു. ദീർഘ നേരത്തെ ഒരു സന്ദർശനം സാധ്യമാകാത്തവിധം രോഗിയായ വ്യക്തി അത്ര അവശനാണെങ്കിൽ ഒരു ഹ്രസ്വ സന്ദർശനം നടത്താൻ കഴിയും. ആ സമയത്ത് വ്യക്തിക്ക് എന്തെങ്കിലും വായിച്ചുകൊടുക്കുകയോ ഒരുമിച്ചു പ്രാർഥിക്കുകയോ കെട്ടുപണി ചെയ്യുന്ന ഒരു അനുഭവം പങ്കുവെക്കുകയോ ചെയ്യാവുന്നതാണ്.—റോമ. 1:11, 12, NW.
5 യഹോവ പ്രായമേറിയ വിശ്വസ്തരെ വളരെ വിലപ്പെട്ടവരായാണു വീക്ഷിക്കുന്നത്. (എബ്രാ. 6:10, 11) അവരോടു വിലമതിപ്പു പ്രകടമാക്കിക്കൊണ്ടും ഒരു നല്ല ആത്മീയ ചര്യ നിലനിറുത്താൻ അവരെ സഹായിച്ചുകൊണ്ടും നമുക്കു യഹോവയെ അനുകരിക്കാം.