നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കൽ
1 നാം സ്നാപനമേറ്റത് അടുത്തകാലത്തോ പതിറ്റാണ്ടുകൾക്കു മുമ്പോ ആയിരുന്നാലും ജീവിതത്തിലെ നാഴികക്കല്ലായ ആ നടപടി നാമെല്ലാം ഓർമയിൽ സൂക്ഷിക്കുന്നുണ്ടാകും. സമർപ്പണം ഒരു പരിസമാപ്തിയല്ല, മറിച്ച് ഒരു തുടക്കമാണ്. യഹോവയുടെ സേവനത്തിൽ എന്നെന്നും ഒരു സമർപ്പിത ജീവിതം നയിക്കുന്നതിനുള്ള വാതിൽ അവിടെ തുറക്കപ്പെടുന്നു. (1 യോഹ. 2:17) നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
2 ക്രിസ്തുവിന്റെ മാതൃക പിൻപറ്റുക: “ദൈവരാജ്യത്തിന്റെ സുവിശേഷം” ഘോഷിക്കുന്ന ‘തന്റെ ശുശ്രൂഷ യേശു ആരംഭിച്ചത്’ സ്നാപനമേറ്റുകൊണ്ടാണ്. (ലൂക്കൊ. 3:23; 4:43, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) സമാനമായി, നാമും യഹോവയ്ക്കുള്ള നമ്മുടെ സമർപ്പണം സ്നാപനത്താൽ പ്രതീകപ്പെടുത്തിക്കൊണ്ട് സുവാർത്തയുടെ നിയമിത ശുശ്രൂഷകർ ആയിത്തീർന്നു. അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ നിറവേറ്റാൻ ഗണ്യമായ സമയവും ശ്രമവും ആവശ്യമായിരുന്നേക്കാമെങ്കിലും നമ്മുടെ ജീവിതനിയോഗം അഥവാ ജീവിതത്തിലെ പരമപ്രധാന പ്രവർത്തനം ക്രിസ്തീയ ശുശ്രൂഷയാണ്. (മത്താ. 6:33) ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നവർ സമ്പത്തും സ്ഥാനമാനങ്ങളും നേടാൻ പരക്കംപായുന്നതിനു പകരം അപ്പൊസ്തലനായ പൗലൊസിനെപ്പോലെ ‘തങ്ങളുടെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തുന്നു.’ (റോമ. 11:13, ഓശാന ബൈബിൾ) യഹോവയെ സേവിക്കുന്നതിനുള്ള നിങ്ങളുടെ പദവിയെ നിങ്ങൾ അമൂല്യമായി കരുതുകയും ആ പദവിക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ടോ?
3 യേശുവിനെപ്പോലെ നാമും “പിശാചിനോടു എതിർത്തു” നിൽക്കണം. (യാക്കോ. 4:7) യേശുവിന്റെ സ്നാപനശേഷം സാത്താൻ അവനെ പരീക്ഷിച്ചു. സമാനമായി ഇന്നും, യഹോവയുടെ സമർപ്പിത ദാസരെ അവൻ ലക്ഷ്യമിട്ടിരിക്കുകയാണ്. (ലൂക്കൊ. 4:1-13) നാം വസിക്കുന്നത് സാത്താന്റെ ലോകത്തിൽ ആയതിനാൽ, നമ്മുടെ മനസ്സിനെ മലിനമാക്കുന്നതും ഹൃദയത്തെ ദുഷിപ്പിക്കുന്നതുമായ എന്തും ഒഴിവാക്കിക്കൊണ്ടു നാം ആത്മശിക്ഷണം പാലിക്കണം. (സദൃ. 4:23; മത്താ. 5:29, 30) “കർത്താവിന്റെ [“യഹോവയുടെ,” NW] മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ” ആകുവാൻ ക്രിസ്ത്യാനികൾക്കു കഴിയില്ല എന്ന് ബൈബിൾ പറയുന്നു. (1 കൊരി. 10:21) ഇത് അനാരോഗ്യകരമായ വിനോദങ്ങൾ, ചീത്ത സഹവാസം, ഇന്റർനെറ്റിന്റെ അപകടങ്ങൾ എന്നിവയ്ക്കെതിരെ നാം ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാക്കുന്നു. അതുപോലെ, വിശ്വാസത്യാഗികൾ അവതരിപ്പിക്കുന്ന വിവരങ്ങൾ നാം ഒഴിവാക്കേണ്ടതും മർമപ്രധാനമാണ്. ഇവയും സാത്താന്റെ മറ്റുള്ള തന്ത്രങ്ങളും സംബന്ധിച്ചു ജാഗ്രത പുലർത്തുന്നത് നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നമ്മെ സഹായിക്കും.
4 ദൈവത്തിന്റെ കരുതലുകൾ പ്രയോജനപ്പെടുത്തുക: സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിന് തന്റെ വചനവും ക്രിസ്തീയ സഭയും മുഖാന്തരം യഹോവ വേണ്ട സഹായം നമുക്കു നൽകിയിരിക്കുന്നു. ബൈബിൾ വായനയും യഹോവയോടുള്ള പ്രാർഥനയും നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. (യോശു. 1:8; 1 തെസ്സ. 5:17) സഭായോഗങ്ങൾ നന്നായി ആസ്വദിക്കുക. (സങ്കീ. 122:1) യഹോവയെ ഭയപ്പെടുകയും അവന്റെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യുന്നവരുമായി സഹവസിക്കുക.—സങ്കീ. 119:63.
5 ദിവ്യപിന്തുണയാൽ, യഹോവയ്ക്കുള്ള നിങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതിനും നിത്യതയിലുടനീളം അവനെ സേവിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുന്നതിനും നിങ്ങൾക്കു സാധിക്കും.—സങ്കീ. 22:26, 27; ഫിലി. 4:13.