മടക്കസന്ദർശനങ്ങൾ ബൈബിളധ്യയനങ്ങളിലേക്കു നയിക്കുന്നു
1. മടക്കസന്ദർശനങ്ങൾ നടത്തുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
1 പ്രസംഗിക്കാൻ മാത്രമല്ല ‘ഉപദേശിച്ചുകൊണ്ടു [“പഠിപ്പിച്ചുകൊണ്ട്,” NW] . . . , ശിഷ്യരാക്കാനും’ യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു. (മത്താ. 28:19, 20) പ്രസംഗകൻ ഘോഷിക്കുന്നതേയുള്ളൂ, അധ്യാപകനാകട്ടെ അതിലുമധികം ചെയ്യുന്നു. അയാൾ പഠിപ്പിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും തെളിവുകൾ നിരത്തുകയും ചെയ്യുന്നു. നാം ആളുകളെ പല വിധങ്ങളിൽ പഠിപ്പിക്കുന്നു. അതിലൊരു വിധം, ബൈബിളധ്യയനങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തിൽ താത്പര്യക്കാർക്ക് മടക്കസന്ദർശനങ്ങൾ നടത്തുന്നതാണ്.
2. ആർക്കാണ് മടക്കസന്ദർശനങ്ങൾ നടത്തേണ്ടത്?
2 ആർക്കാണ് മടക്കസന്ദർശനങ്ങൾ നടത്തേണ്ടത്? നമ്മുടെ സാഹിത്യങ്ങൾ സ്വീകരിക്കുകയോ സുവാർത്തയിൽ അൽപ്പമെങ്കിലും താത്പര്യം പ്രകടമാക്കുകയോ ചെയ്യുന്ന സകലരുടെയും അടുക്കൽ നാം മടങ്ങിച്ചെല്ലുന്നു എന്ന് ഉറപ്പുവരുത്തുക. പൊതുസ്ഥലങ്ങളിൽ സാക്ഷീകരിക്കുമ്പോൾ താത്പര്യം പ്രകടമാക്കുന്നവരുടെ വിലാസമോ ഫോൺ നമ്പരോ വാങ്ങുന്നതിന് ശ്രദ്ധിക്കുക. അങ്ങനെ അവരുടെ താത്പര്യം വളർത്തിയെടുക്കാൻ സാധിക്കും. ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതു സംബന്ധിച്ച് ശുഭാപ്തിവിശ്വാസമുള്ളവർ ആയിരിക്കുക. ബൈബിളധ്യയനം സ്വീകരിക്കാൻ സന്നദ്ധരായവർക്കുവേണ്ടിയുള്ള അന്വേഷണം തുടരുക, നിങ്ങൾ അവരെ കണ്ടെത്താൻ സാധ്യതയുണ്ട്.—മത്താ. 10:11.
3, 4. ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
3 വ്യക്തിപരമായ താത്പര്യം പ്രകടമാക്കുക: ഫലകരമായ ഒരു മടക്കസന്ദർശനത്തിനുള്ള ഒരുക്കം പ്രഥമ സന്ദർശനത്തിൽത്തന്നെ ആരംഭിക്കുന്നു. വിജയപ്രദരായ സുവിശേഷകർ വീട്ടുകാരന്റെ താത്പര്യങ്ങൾ മനസ്സിലാക്കുകയും പിന്നീടുള്ള ചർച്ചകൾക്ക് അതൊരു അടിസ്ഥാനമായി ഉപയോഗിക്കുകയും ചെയ്യുന്നു. സന്ദർശനത്തിന്റെ അവസാനത്തിൽ ഒരു ചോദ്യം ഉന്നയിക്കുന്നത് അടുത്ത സന്ദർശനത്തിനായി നോക്കിപ്പാർത്തിരിക്കാൻ തക്കവണ്ണം വീട്ടുകാരന്റെ താത്പര്യം ഉണർത്തുന്നതിനു സഹായിക്കുന്നതായി ചിലർ കണ്ടെത്തുന്നു. ആളുകളിൽ നമുക്കുള്ള ആത്മാർഥമായ താത്പര്യം, നാം അവരുടെ വീട്ടിൽനിന്നു പോന്നശേഷവും അവരെ കുറിച്ച് ചിന്തിക്കുന്നതിനും താമസംവിനാ അവരെ വീണ്ടും സന്ദർശിക്കുന്നതിനും നമ്മെ പ്രചോദിപ്പിക്കുന്നു. സാധ്യമെങ്കിൽ, താത്പര്യം കെട്ടുപോകും മുമ്പേ, ഒരുപക്ഷേ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽത്തന്നെ തിരിച്ചു ചെല്ലാൻ പരിശ്രമിക്കുക.
4 മടക്കസന്ദർശനം നടത്തുമ്പോൾ, തൊട്ടുമുമ്പത്തെ സന്ദർശനത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി സംഭാഷണം വികസിപ്പിക്കുക. ഓരോ സന്ദർശനത്തിലും കെട്ടുപണിചെയ്യുന്ന ഒരു തിരുവെഴുത്താശയം എങ്കിലും അവരുമായി പങ്കുവെക്കാൻ ലക്ഷ്യമിടുക. അവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കാൻ മനസ്സൊരുക്കം കാണിക്കുകയും ചെയ്യുക. വീട്ടുകാരനെ കൂടുതൽ നന്നായി അറിയുക. എന്നിട്ട്, തുടർന്നുള്ള സന്ദർശനങ്ങളിൽ, ആ വ്യക്തിയുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന തിരുവചന സത്യങ്ങൾ അദ്ദേഹവുമായി പങ്കുവെക്കുക.
5. ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ ഏത് ലളിതമായ സമീപനം ഉപയോഗിക്കാവുന്നതാണ്?
5 ബൈബിളധ്യയന ബോധമുള്ളവർ ആയിരിക്കുക: ബൈബിളധ്യയനം തുടങ്ങാനുള്ള ലക്ഷ്യത്തിൽ മടക്കസന്ദർശനങ്ങൾ നടത്തുക. ഇത് എങ്ങനെ ചെയ്യാൻ കഴിയും? താത്പര്യജനകമായ ഒരു ആശയം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞിട്ട് ആ വ്യക്തിക്ക് ഇഷ്ടപ്പെടും എന്നു നിങ്ങൾ കരുതുന്ന പരിജ്ഞാനം പുസ്തകത്തിലെയോ ആവശ്യം ലഘുപത്രികയിലെയോ ഒരു ഖണ്ഡികയിലേക്ക് തുറക്കുക. ഖണ്ഡിക വായിക്കുക, നൽകിയിരിക്കുന്ന ചോദ്യം പരിചിന്തിക്കുക, പരാമർശിച്ചിരിക്കുന്ന ഒന്നോ രണ്ടോ തിരുവെഴുത്തുകൾ ചർച്ച ചെയ്യുക. വീട്ടുവാതിൽക്കൽ നിന്നുകൊണ്ടുതന്നെ അഞ്ചു പത്തു മിനിട്ടുകൊണ്ട് ഇപ്രകാരം ചെയ്യാവുന്നതാണ്. അടുത്ത ചോദ്യം ചോദിച്ചിട്ട് മറ്റൊരു സമയത്ത് ചർച്ച തുടരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ട് ഉപസംഹരിക്കുക.
6. മടക്കസന്ദർശനങ്ങൾ നടത്തുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നുണ്ടെന്ന് നമുക്കെങ്ങനെ പ്രകടമാക്കാം?
6 നാം കണ്ടെത്തുന്ന എല്ലാ താത്പര്യക്കാരുടെയും അടുക്കൽ മടങ്ങിച്ചെന്നുകൊണ്ട് അവരുടെ താത്പര്യം ഊട്ടിവളർത്തുക എന്നത് ശുശ്രൂഷയുടെ ഒരു മർമപ്രധാന വശമാണ്. അതുകൊണ്ട്, നിങ്ങളുടെ പ്രതിവാര പട്ടികയിൽ മടക്കസന്ദർശനങ്ങൾക്കു സമയം മാറ്റിവെക്കുക. അപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ശുശ്രൂഷയുടെ ഫലപ്രദത്വം വർധിപ്പിക്കുകയും യഥാർഥ സന്തോഷം കൈവരുത്തുകയും ചെയ്യും.