അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ട് യഹോവയെ സ്തുതിക്കുക
1 യഹോവയുടെ വിശ്വസ്ത ദാസർ ദിവസവും അവനെ സ്തുതിക്കാനുള്ള അവസരങ്ങൾ തേടുന്നു. (സങ്കീ. 96:2, 3; എബ്രാ. 13:15) അതു ചെയ്യാൻ കഴിയുന്ന ഒരു വിധം അനൗപചാരികമായി സാക്ഷീകരിക്കുക എന്നതാണ്. അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ട് ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി രാജ്യസന്ദേശം തങ്ങൾക്കു പരിചയപ്പെടുത്തിത്തന്നതിൽ യഹോവയുടെ ഇന്നത്തെ നിരവധി ആരാധകർ നന്ദിയുള്ളവരാണ്.
2 ഒരു വ്യക്തിയോട് അനൗപചാരികമായി സാക്ഷീകരിക്കുന്നത് മിക്കപ്പോഴും മറ്റു പലർക്കും കൂടി രാജ്യസന്ദേശം കേൾക്കാനുള്ള വഴി തുറന്നു കൊടുക്കുന്നു. ദൃഷ്ടാന്തത്തിന്, യാക്കോബിന്റെ ഉറവിങ്കൽ വെച്ച് യേശു ഒരു ശമര്യക്കാരിയോടു സംസാരിച്ചത് മറ്റു നിരവധി പേർ സുവാർത്തയിൽ താത്പര്യം പ്രകടിപ്പിക്കുന്നതിലേക്കു നയിച്ചു. (യോഹ. 4:6-30, 39-42) പൗലൊസും ശീലാസും ഫിലിപ്പിയിൽ തടവിലായിരുന്ന സമയത്ത്, അവർ കാരാഗൃഹപ്രമാണിയോടു സാക്ഷീകരിച്ചു. അയാളും മുഴുകുടുംബവും സത്യം സ്വീകരിച്ചു.—പ്രവൃ. 16:25-34.
3 അവസരങ്ങൾ: അനൗപചാരികമായി സാക്ഷീകരിക്കുന്നതിന് നിങ്ങൾക്ക് എന്തെല്ലാം അവസരങ്ങളാണുള്ളത്? കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴോ പൊതു വാഹനങ്ങളിൽ യാത്രചെയ്യുമ്പോഴോ ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോഴോ ചിലർ അനൗപചാരികമായി സാക്ഷീകരിക്കാറുണ്ട്. മറ്റനേകർ സ്കൂളിലോ ജോലിസ്ഥലത്തോ ലഭിക്കുന്ന ഇടവേളകൾ ഇതിനായി വിനിയോഗിക്കുന്നു. നമ്മുടെ ഒരു ബൈബിൾ പ്രസിദ്ധീകരണം മറ്റുള്ളവർക്കു കാണാൻ കഴിയത്തക്കവിധം വെച്ചിരിക്കുന്നത് നമ്മുടെ വിശ്വാസങ്ങളെ സംബന്ധിച്ച് ചോദിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം.—1 പത്രൊ. 3:15.
4 തുടങ്ങേണ്ട വിധം: എല്ലാവരും പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടത് എത്ര പ്രധാനമാണെന്ന് നാണംകുണുങ്ങിയായ ഒരു ഏഴു വയസ്സുകാരി ഒരിക്കൽ യോഗത്തിൽവെച്ച് കേട്ടു. അതുകൊണ്ട്, അമ്മയോടൊപ്പം കടയിൽ പോയപ്പോൾ അവൾ തന്റെ ബാഗിൽ രണ്ട് ലഘുപത്രികകൾ കരുതി. അമ്മ പണമടയ്ക്കുന്നതിന്റെ തിരക്കിലായിരുന്നപ്പോൾ അവൾ ഒരു സ്ത്രീക്ക് ഒരു ലഘുപത്രിക പരിചയപ്പെടുത്തി. അവർ അത് സന്തോഷപൂർവം സ്വീകരിച്ചു. അപരിചിതയായ ആ സ്ത്രീയെ സമീപിക്കാനുള്ള ധൈര്യം എങ്ങനെ ലഭിച്ചു എന്നു ചോദിച്ചപ്പോൾ ആ ബാലിക ഇങ്ങനെ പറഞ്ഞു: “ഞാനുണ്ടല്ലോ, റെഡി, ഒന്ന്, രണ്ട്, മൂന്ന് എന്നു പറഞ്ഞിട്ട് നേരെയങ്ങു ചെന്നു!”
5 അനൗപചാരികമായി സാക്ഷീകരിക്കുന്നതിന് നമുക്കെല്ലാം ആ കൊച്ചു പെൺകുട്ടിയുടേതുപോലുള്ള മനസ്സൊരുക്കം ആവശ്യമാണ്. അങ്ങനെ ചെയ്യാൻ നമ്മെ എന്തു സഹായിക്കും? സംസാരിക്കാനുള്ള ധൈര്യത്തിനായി പ്രാർഥിക്കുക. (1 തെസ്സ. 2:2) ഒരു സംഭാഷണം തുടങ്ങാനായി ഉപയോഗിക്കാവുന്ന താത്പര്യജനകമായ ഒരു വിഷയത്തെ കുറിച്ചുള്ള ഒരു ചോദ്യമോ അഭിപ്രായമോ മനസ്സിൽ കരുതുക. എന്നിട്ട് യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക.—ലൂക്കൊ. 12:11, 12.
6 ദിവസവും കണ്ടുമുട്ടുന്നവരോട് അനൗപചാരികമായി സാക്ഷീകരിക്കുന്നത് യഹോവയ്ക്കു സ്തുതി കരേറ്റുകയും നമുക്ക് സന്തോഷം കൈവരുത്തുകയും ചെയ്യും. നിത്യജീവന്റെ മാർഗത്തിലേക്കു കടന്നുവരാൻ അത് ചിലരെ സഹായിച്ചേക്കാം.