ദൈവവചനം സത്യമാകുന്നു
1 “നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ” എന്ന് സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 119:160) ജീവിതത്തിലെ അതിപ്രധാന ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം തന്റെ നിശ്വസ്ത വചനത്തിലൂടെ യഹോവ പ്രദാനം ചെയ്യുന്നു. ബുദ്ധിമുട്ടുകളിൽ ആയിരിക്കുന്നവർക്ക് അവൻ ആശ്വാസവും പ്രത്യാശയും പകരുന്നു. നമുക്ക് എങ്ങനെ അവനോട് അടുത്തുചെല്ലാമെന്ന് അവൻ കാണിച്ചുതരുന്നു. “ബൈബിളിൽനിന്നു സത്യം പഠിക്കുന്നത് മനംമടുപ്പിക്കുന്ന ഒരു ഇരുട്ടറയിൽനിന്ന് വെട്ടവും വെളിച്ചവുമുള്ള സുഖപ്രദമായ ഒരു മുറിയിലേക്ക് പ്രവേശിക്കുന്നതുപോലെയാണ്” എന്ന് ഒരു സ്ത്രീ വിലമതിപ്പോടെ പറയുകയുണ്ടായി. എല്ലാ അവസരത്തിലും ദൈവവചനത്തിൽനിന്നുള്ള സത്യം മറ്റുള്ളവരുമായി പങ്കുവെക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?
2 പരിവർത്തന ശക്തിയും ലോകമെങ്ങുമുള്ള ആളുകളെ ആകർഷിക്കാനുള്ള കഴിവും: ഹൃദയങ്ങളെ സ്പർശിക്കാനും ആളുകളുടെ ജീവിതത്തിന് പരിവർത്തനം വരുത്താനുമുള്ള ശക്തി ബൈബിൾ സത്യത്തിനുണ്ട്. (എബ്രാ. 4:12) റോസ എന്നൊരു യുവതി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നു. കൂടാതെ അവൾ മദ്യവും മയക്കുമരുന്നും ദുരുപയോഗം ചെയ്തിരുന്നു. അവൾ ഇങ്ങനെ പറയുന്നു: “ഒരു ദിവസം ഞാൻ വിഷാദത്തിന്റെ നിലയില്ലാക്കയത്തിൽ താണുപോയ നേരം. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈബിളിനു നമ്മെ എങ്ങനെ സഹായിക്കാനാകും എന്നതിനെ കുറിച്ച് സാക്ഷികളായ ഒരു ദമ്പതികൾ എന്നോടു സംസാരിച്ചു. അങ്ങനെ ഞാൻ ദൈവവചനം പഠിക്കാൻ ആരംഭിച്ചു. അത് അത്യധികം ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ശുദ്ധമായ, തികച്ചും പുതുതായ ഒരു ജീവിതത്തിനു തുടക്കം കുറിക്കാനുള്ള ശക്തി ഒരു മാസത്തിനുള്ളിൽത്തന്നെ എനിക്ക് ലഭിച്ചു. എന്റെ ജീവിതം അർഥപൂർണമായി. മേലാൽ എനിക്കു മദ്യത്തെയോ മയക്കുമരുന്നിനെയോ ആശ്രയിക്കേണ്ടി വന്നില്ല. യഹോവയുടെ സുഹൃത്തായിരിക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചതുകൊണ്ട് അവന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ഞാൻ ദൃഢചിത്തയായിരുന്നു. ദൈവവചനത്തിലെ പ്രായോഗിക ജ്ഞാനം ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഞാൻ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.”—സങ്കീ. 119:92.
3 ഇന്നത്തെ മിക്ക പുസ്തകങ്ങളിൽനിന്നും വ്യത്യസ്തമായി, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ളവരെ ബൈബിൾ ആകർഷിക്കുന്നു. (വെളി. 7:9) ‘സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നുമാണ്’ ദൈവത്തിന്റെ ഇഷ്ടം. (1 തിമൊ. 2:4) അതുകൊണ്ട്, ഒരാളുടെ പശ്ചാത്തലം മാത്രം നോക്കിയിട്ട് അയാൾ സുവാർത്തയോട് അനുകൂലമായി പ്രതികരിക്കുകയില്ല എന്ന് നാം ഒരിക്കലും നിഗമനം ചെയ്യരുത്. മറിച്ച്, സാധ്യമായിരിക്കുമ്പോഴെല്ലാം രാജ്യസന്ദേശം നേരിട്ട് ബൈബിളിൽനിന്ന് കാണിച്ചുകൊണ്ട് സകല ആളുകളുമായും അതു പങ്കുവെക്കുക.
4 തിരുവെഴുത്തുകൾക്ക് ഊന്നൽ നൽകുക: ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കാവുന്ന നിരവധി സന്ദർഭങ്ങളുണ്ട്. മാസികകൾ അവതരിപ്പിക്കുമ്പോൾ, മാസികാവതരണ കോളത്തിൽ നൽകിയിരിക്കുന്ന തിരുവെഴുത്തുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. അതാതു മാസത്തെ സാഹിത്യസമർപ്പണം ഉപയോഗിക്കുമ്പോൾ, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഒരു തിരുവെഴുത്ത് തങ്ങളുടെ ആമുഖ പ്രസ്താവനകളിൽ വായിക്കുന്നത് ഫലപ്രദമാണെന്ന് ചിലർ കണ്ടെത്തുന്നു. മടക്ക സന്ദർശനങ്ങൾ നടത്തുമ്പോൾ, ക്രമാനുഗതമായി സൂക്ഷ്മ പരിജ്ഞാനം നേടാൻ വീട്ടുകാരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ ഓരോ തവണയും ഒന്നോ രണ്ടോ ബൈബിൾ വാക്യങ്ങൾ അവരുമായി പങ്കുവെക്കുക. ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ പ്രധാന തിരുവെഴുത്തുകളിൽ ചർച്ച കേന്ദ്രീകരിക്കുക. ഔപചാരിക ശുശ്രൂഷയിൽ ആയിരിക്കാത്തപ്പോഴും അനൗപചാരികമായി സാക്ഷീകരിക്കാൻ ലഭിച്ചേക്കാവുന്ന സന്ദർഭങ്ങളിലെ ഉപയോഗത്തിനായി ഒരു ബൈബിൾ കൂടെ കരുതുക.—2 തിമൊ. 2:15.
5 ശുശ്രൂഷയിൽ ഉചിതമായ എല്ലാ സന്ദർഭത്തിലും ബൈബിൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്റെ സത്യവചനത്തിനുള്ള പ്രേരക ശക്തിയിൽനിന്ന് പ്രയോജനം അനുഭവിക്കാൻ നമുക്ക് മറ്റുള്ളവരെ സഹായിക്കാം.—1 തെസ്സ. 2:13.
[അധ്യയന ചോദ്യങ്ങൾ]
1. ബൈബിളിൽ പ്രധാനപ്പെട്ട ഏതു വിവരം അടങ്ങിയിരിക്കുന്നു?
2. ബൈബിൾ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നത് എങ്ങനെ?
3. മറ്റുള്ളവരുമായി ബൈബിൾ സന്ദേശം പങ്കുവെക്കുന്നതിൽനിന്ന് നാം വിട്ടുനിൽക്കരുതാത്തത് എന്തുകൊണ്ട്?
4. സാക്ഷ്യം നൽകുമ്പോൾ നമുക്ക് എങ്ങനെ ബൈബിൾ ഉപയോഗിക്കാൻ കഴിയും?
5. ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?