ദിവ്യനാമം പ്രസിദ്ധമാക്കൽ
1. ദൈവത്തിന്റെ വ്യക്തിഗത നാമം മനസ്സിലാക്കുന്നത് ആളുകളിൽ എന്തു ഫലം ഉളവാക്കിയേക്കാം?
1 ദൈവനാമം ആദ്യമായി മനസ്സിലാക്കിയപ്പോൾ നിങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്? പലരുടെയും പ്രതികരണം പിൻവരുന്ന പ്രകാരം പറഞ്ഞ സ്ത്രീയുടേതിനോട് സമാനമാണ്. “ദൈവനാമം ബൈബിളിൽനിന്ന് ആദ്യമായി കണ്ടപ്പോൾ, എന്റെ കണ്ണുകൾ നിറഞ്ഞു. ദൈവത്തിന്റെ വ്യക്തിഗത നാമം അറിയാൻ കഴിഞ്ഞതും എനിക്ക് അത് ഉപയോഗിക്കാനാകുമെന്നു മനസ്സിലാക്കിയതും എന്റെ ഹൃദയത്തെ ആഴമായി സ്പർശിച്ചു.” അവരെ സംബന്ധിച്ചിടത്തോളം, ദൈവനാമം മനസ്സിലാക്കുക എന്നത് ഒരു വ്യക്തി എന്നനിലയിൽ യഹോവയെ അറിയുകയും അവനുമായി ഒരു ബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നതിലെ ഒരു സുപ്രധാന പടിയായിരുന്നു.
2. യഹോവയെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
2 അത് പ്രസിദ്ധമാക്കേണ്ടത് എന്തുകൊണ്ട്? ദൈവത്തിന്റെ നാമം അറിയുന്നതിൽ അവന്റെ ഗുണങ്ങളെയും ഉദ്ദേശ്യങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചു മനസ്സിലാക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. രക്ഷയുമായും അതിനു ബന്ധമുണ്ട്. “കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. എന്നാൽ, ആളുകൾ ആദ്യം യഹോവയെ കുറിച്ച് അറിയുകയും അവനിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യാത്തപക്ഷം അവനെ “എങ്ങനെ വിളിച്ചപേക്ഷിക്കും?” എന്ന് പൗലൊസ് ന്യായവാദം ചെയ്തു. അതുകൊണ്ട് ദൈവനാമത്തെയും അതു പ്രതിനിധാനം ചെയ്യുന്ന സകലത്തെയും കുറിച്ച് മറ്റുള്ളവരെ അറിയിക്കേണ്ടത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അടിയന്തിരമാണ്. (റോമ. 10:13, 14) എന്നിരുന്നാലും, ദിവ്യനാമം പ്രസിദ്ധമാക്കേണ്ടതിന് അതിനെക്കാൾ വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണമുണ്ട്.
3. നാം പ്രസംഗവേലയിൽ ഏർപ്പെടുന്നതിന്റെ മുഖ്യ കാരണം എന്ത്?
3 ദൈവജനം 1920-കളിൽ, ദൈവത്തിന്റെ പരമാധികാരത്തിന്റെ സംസ്ഥാപനവും അവന്റെ നാമത്തിന്റെ വിശുദ്ധീകരണവും ഉൾപ്പെട്ട സാർവത്രിക വിവാദവിഷയത്തെ കുറിച്ച് തിരുവെഴുത്തുകളിൽനിന്നു മനസ്സിലാക്കി. തന്റെ നാമത്തിന്മേൽ കുന്നുകൂടിയിരിക്കുന്ന നിന്ദ നീക്കാനായി യഹോവ ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനു മുമ്പ്, അവനെ കുറിച്ചുള്ള സത്യം “ഭൂമിയിൽ എല്ലാടവും പ്രസിദ്ധ”മാക്കപ്പെടണം. (യെശ. 12:4, 5; യെഹെ. 38:23) അതുകൊണ്ട് നാം പ്രസംഗവേലയിൽ ഏർപ്പെടുന്നത് മുഖ്യമായും യഹോവയെ പരസ്യമായി സ്തുതിക്കാനും മുഴു മനുഷ്യവർഗത്തിന്റെയും മുമ്പാകെ അവന്റെ നാമം വിശുദ്ധീകരിക്കാനും വേണ്ടിയാണ്. (എബ്രാ. 13:15) ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം ഈ ദൈവനിയമിത വേലയിൽ പൂർണമായി പങ്കുപറ്റാൻ നമ്മെ പ്രചോദിപ്പിക്കും.
4. യഹോവയുടെ സാക്ഷികൾ ദൈവനാമത്തോടുള്ള ബന്ധത്തിൽ തിരിച്ചറിയപ്പെടാൻ ഇടയായിരിക്കുന്നത് എങ്ങനെ?
4 ‘അവന്റെ നാമത്തിനായുള്ള ഒരു ജനം’: 1931-ൽ നാം യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചു. (യെശ. 43:10) അന്നുമുതൽ ദൈവജനം ദിവ്യനാമം പ്രസിദ്ധമാക്കിക്കൊണ്ടാണിരിക്കുന്നത്. അവർ അത് എത്ര വ്യാപകമായി ചെയ്തിരിക്കുന്നു എന്നതിനെ സംബന്ധിച്ച് ഘോഷകർ (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 124-ാം പേജിൽ ഇങ്ങനെ പറയുന്നു: “ലോകവ്യാപകമായി, യഹോവ എന്ന നാമം യഥേഷ്ടം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും യഹോവയുടെ സാക്ഷികളിൽ ഒരാളായി പെട്ടെന്ന് തിരിച്ചറിയിക്കപ്പെടുന്നു.” നിങ്ങൾ അപ്രകാരം തിരിച്ചറിയിക്കപ്പെടുന്നുവോ? യഹോവയുടെ നന്മയോടുള്ള കൃതജ്ഞത അനുയോജ്യമായ എല്ലാ സന്ദർഭങ്ങളിലും അവനെ കുറിച്ചു സംസാരിച്ചുകൊണ്ട് ‘അവന്റെ നാമത്തെ വാഴ്ത്താൻ’ നമ്മെ പ്രചോദിപ്പിക്കണം.—സങ്കീ. 20:7; 145:1, 2, 7.
5. ദൈവനാമം വഹിക്കുന്നതിൽ നമ്മുടെ നടത്ത ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
5 ‘അവന്റെ നാമത്തിനായുള്ള ഒരു ജനം’ എന്നനിലയിൽ നാം അവന്റെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കണം. (പ്രവൃ. 15:14; 2 തിമൊ. 2:19) പലപ്പോഴും യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ആളുകൾ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ നല്ല നടത്തയാണ്. (1 പത്രൊ. 2:12) ദിവ്യ തത്ത്വങ്ങളെ അവഹേളിച്ചുകൊണ്ടോ ദൈവാരാധനയെ നമ്മുടെ ജീവിതത്തിൽ രണ്ടാം സ്ഥാനത്തേക്കു മാറ്റിക്കൊണ്ടോ ദിവ്യനാമത്തെ നിന്ദിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല. (ലേവ്യ. 22:31, 32; മലാ. 1:6-8, 12-14) മറിച്ച്, ദിവ്യനാമം വഹിക്കുക എന്ന പദവിയെ നാം മൂല്യവത്തായി കരുതുന്നു എന്ന് നമ്മുടെ ജീവിതരീതി പ്രകടമാക്കട്ടെ.
6. ഇപ്പോഴും എന്നെന്നേക്കും നമുക്ക് എന്തു പദവി ആസ്വദിക്കാൻ കഴിയും?
6 ഇന്ന് യഹോവയുടെ പിൻവരുന്ന പ്രഖ്യാപനത്തിന്റെ നിവൃത്തി നാം കാണുന്നു: “സൂര്യന്റെ ഉദയംമുതൽ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു.” (മലാ. 1:11) നമുക്ക് യഹോവയെ കുറിച്ചുള്ള സത്യം അറിയിക്കുകയും “അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തു”കയും ചെയ്യുന്നതിൽ തുടരാം.—സങ്കീ. 145:21.