യഹോവയുടെ നന്മ അനുകരിക്കുക
1 അതിമനോഹരമായ ഒരു സൂര്യാസ്തമയമോ സ്വാദിഷ്ഠമായ ഒരു ഭക്ഷണമോ ആസ്വദിച്ചശേഷം, എല്ലാ നന്മകളുടെയും ഉറവായ യഹോവയ്ക്കു നന്ദിപറയാൻ നാം പ്രചോദിതരാകുകയില്ലേ? അവനെ അനുകരിക്കാൻ അവന്റെ നന്മ നമ്മെ പ്രേരിപ്പിക്കുന്നു. (സങ്കീ. 119:66, 68; എഫെ. 5:1) നന്മ എന്ന ഗുണം നമുക്ക് എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും?
2 അവിശ്വാസികളോട്: നമുക്ക് യഹോവയുടെ നന്മ അനുകരിക്കാൻ കഴിയുന്ന ഒരു വിധം, സഹവിശ്വാസികൾ അല്ലാത്ത ആളുകളിൽ ആത്മാർഥമായ താത്പര്യം കാണിക്കുക എന്നതാണ്. (ഗലാ. 6:10) പ്രായോഗികമായ വിധങ്ങളിൽ നാം നന്മ കാണിക്കുമ്പോൾ, യഹോവയുടെ സാക്ഷികളോടും നാം വഹിക്കുന്ന സന്ദേശത്തോടും അവർക്കുള്ള വീക്ഷണത്തെ അതു നല്ല രീതിയിൽ സ്വാധീനിക്കും.
3 ഉദാഹരണത്തിന്, ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്ന ഒരു യുവ പയനിയർ സഹോദരൻ തന്റെ അടുത്തിരുന്ന പ്രായമേറിയ സ്ത്രീ അവിടെ ഉണ്ടായിരുന്ന മറ്റെല്ലാവരെക്കാളുംതന്നെ അവശയായിരുന്നതായി ശ്രദ്ധിച്ചു. അതുകൊണ്ട് ഡോക്ടറെ കാണാനുള്ള തന്റെ ഊഴം വന്നപ്പോൾ അദ്ദേഹം പ്രായമായ ആ സ്ത്രീക്ക് തന്റെ അവസരം വിട്ടുകൊടുത്തു. പിന്നീടൊരിക്കൽ ചന്തസ്ഥലത്തുവെച്ച് അദ്ദേഹം ആ സ്ത്രീയെ വീണ്ടും കണ്ടുമുട്ടാൻ ഇടയായി. അദ്ദേഹത്തെ കണ്ടപ്പോൾ അവർക്കു വലിയ സന്തോഷമായി. മുമ്പ് അവർ സുവാർത്തയിൽ ഒട്ടും താത്പര്യം കാണിച്ചിരുന്നില്ലെങ്കിലും യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരെ യഥാർഥമായും സ്നേഹിക്കുന്നു എന്ന് തനിക്കിപ്പോൾ മനസ്സിലായെന്ന് അവർ പറഞ്ഞു. ആ സ്ത്രീയുമായി ക്രമമായ ഒരു ബൈബിളധ്യയനം തുടങ്ങി.
4 നമ്മുടെ സഹോദരങ്ങളോട്: സഹവിശ്വാസികളെ സഹായിക്കാൻ നാം നമ്മെത്തന്നെ ലഭ്യമാക്കുമ്പോഴും നാം യഹോവയുടെ നന്മ അനുകരിക്കുകയാണ്. ദുരന്തസമയങ്ങളിൽ, നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ ആദ്യം എത്തുന്നവരുടെ കൂട്ടത്തിൽ നമ്മളുണ്ടാകും. അതുപോലെ, യോഗങ്ങൾക്കായി യാത്രാസഹായം ആവശ്യമുള്ളവരെ സഹായിക്കുമ്പോഴും രോഗികളെ സന്ദർശിക്കുമ്പോഴും സ്നേഹത്തിൽ വിശാലരായിക്കൊണ്ട് സഭയിൽ നമുക്കത്ര പരിചയമില്ലാത്ത സഹവിശ്വാസികളെ അടുത്തറിയാൻ ശ്രമിക്കുമ്പോഴും നാം ഇതേ ആത്മാവു പ്രകടമാക്കുന്നു.—2 കൊരി. 6:11-13; എബ്രാ. 13:16.
5 യഹോവ നന്മ കാണിക്കുന്ന മറ്റൊരു വിധം ‘ക്ഷമിക്കാൻ’ ഒരുക്കമുള്ളവൻ ആയിരുന്നുകൊണ്ടാണ്. (സങ്കീ. 86:5) അവനെപ്പോലെ മറ്റുള്ളവരോടു ക്ഷമിക്കാൻ സന്നദ്ധരായിരുന്നുകൊണ്ട് നാം നന്മയെ സ്നേഹിക്കുന്നുവെന്നു പ്രകടമാക്കാൻ കഴിയും. (എഫെ. 4:32) ഇത് സഹവിശ്വാസികളുമായുള്ള നമ്മുടെ സഹവാസം ‘ശുഭവും മനോഹരവും’ ആക്കിത്തീർക്കും.—സങ്കീ. 133:1-3.
6 യഹോവയുടെ വലിയ നന്മ, അവനെ അകമഴിഞ്ഞു സ്തുതിക്കാനും ഘോഷിച്ചുല്ലസിക്കാനും നമ്മെ പ്രേരിപ്പിക്കട്ടെ. നാം ചെയ്യുന്ന എല്ലാറ്റിലും അവന്റെ നന്മ അനുകരിക്കാൻ ശ്രമിക്കുന്നതിന് അതു നമ്മെ പ്രചോദിപ്പിക്കട്ടെ.—സങ്കീ. 145:7; യിരെ. 31:12.