“സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ”
1 “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി. (ഫിലി. 4:4) സുവാർത്ത പങ്കുവെക്കാനും യഹോവയെ ആരാധിക്കാൻ ചെമ്മരിയാടു തുല്യരെ സഹായിക്കാനും ഉള്ള പദവി വലിയ സന്തോഷത്തിന്റെ ഉറവാണ്. (ലൂക്കൊ. 10:17; പ്രവൃ. 15:3; 1 തെസ്സ. 2:19) എന്നാൽ, നമുക്ക് ചിലപ്പോഴൊക്കെ ശുശ്രൂഷയിൽ സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും?
2 ഒരു ദൈവനിയുക്ത വേല: പ്രസംഗിക്കാനുള്ള നിയോഗം നമുക്കു നൽകിയിരിക്കുന്നത് യഹോവയാണെന്ന് ഓർക്കുക. അതേ, രാജ്യസന്ദേശം ഘോഷിക്കുന്നതിലും ശിഷ്യരെ ഉളവാക്കുന്നതിലും “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുക എന്നത് നമ്മെ സംബന്ധിച്ച് എത്ര വലിയ ഒരു പദവിയാണ്! (1 കൊരി. 3:9) വീണ്ടുമൊരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ വേലയിൽ നമ്മോടൊപ്പം ക്രിസ്തുയേശുവും ഉണ്ട്. (മത്താ. 28:18-20) ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വലിയ ആത്മീയ കൊയ്ത്തിൽ ദൂതന്മാരും സജീവമായി ഉൾപ്പെടുകയും നമ്മോടൊത്തു പ്രവർത്തിക്കുകയും ചെയ്യുന്നു. (പ്രവൃ. 8:26; വെളി. 14:6) യഹോവ ഈ വേലയെ പിന്തുണയ്ക്കുന്നുണ്ടെന്ന് തിരുവെഴുത്തുകളും അതോടൊപ്പം ദൈവജനത്തിന്റെ അനുഭവങ്ങളും വ്യക്തമായി തെളിയിക്കുന്നു. അതുകൊണ്ട് സുവാർത്ത പ്രസംഗിക്കുമ്പോൾ, ‘ദൈവത്താൽ അയയ്ക്കപ്പെട്ടവരായി, ദൈവത്തിന്റെ നിരീക്ഷണത്തിൻ കീഴിൽ, ക്രിസ്തുവിനോടൊപ്പമാണ്’ നാം പോകുന്നത്. (2 കൊരി. 2:17, NW) സന്തോഷത്തിനുള്ള എത്ര ശക്തമായ ഒരു കാരണം!
3 ദൈവസേവനത്തിലെ നമ്മുടെ സന്തോഷം നിലനിറുത്താൻ പ്രാർഥന അനിവാര്യമാണ്. (ഗലാ. 5:22) ദൈവത്തിന്റെ ശക്തിയാൽ മാത്രമേ നമുക്ക് അവന്റെ വേല നിർവഹിക്കാൻ കഴിയൂ എന്നതിനാൽ, അവന്റെ ആത്മാവിനായി നാം യാചിക്കേണ്ടതുണ്ട്. തന്നോടു ചോദിക്കുന്നവർക്ക് അവൻ അത് ഉദാരമായി നൽകുന്നു. (ലൂക്കൊ. 11:13; 2 കൊരി. 4:1, 7; എഫെ. 6:18-20) നിഷേധാത്മക പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ ശരിയായ കാഴ്ചപ്പാടു നിലനിറുത്താൻ നമ്മുടെ ശുശ്രൂഷയെ കുറിച്ചുള്ള പ്രാർഥന നമ്മെ സഹായിക്കും. ധൈര്യത്തോടും സന്തോഷത്തോടുംകൂടെ പ്രസംഗവേല തുടരാൻ അതു നമ്മെ പ്രാപ്തരാക്കും.—പ്രവൃ. 4:29-31; 5:40-42; 13:50-52.
4 നന്നായി തയ്യാറാകുക: ശുശ്രൂഷയിലായിരിക്കെ സന്തോഷം വർധിപ്പിക്കാനുള്ള ഒരു പ്രായോഗിക വിധം നന്നായി തയ്യാറാകുക എന്നതാണ്. (1 പത്രൊ. 3:15) അതിന് വളരെയേറെ സമയം എടുക്കേണ്ടതില്ല. പുതിയ മാസികകൾക്കായി നിർദേശിക്കപ്പെട്ടിരിക്കുന്ന അവതരണങ്ങളോ നിങ്ങൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന സാഹിത്യത്തിന് അനുയോജ്യമായ ഒരു അവതരണമോ നോക്കുന്നതിന് ഏതാനും മിനിട്ടുകളേ വേണ്ടൂ. അനുയോജ്യമായ ഒരു മുഖവുരയ്ക്കായി ന്യായവാദം പുസ്തകമോ നമ്മുടെ രാജ്യ ശുശ്രൂഷയുടെ കഴിഞ്ഞ ലക്കങ്ങളോ നിങ്ങൾക്കു പരിശോധിക്കാവുന്നതാണ്. ഹ്രസ്വമായ ഒരു അവതരണം ഒരു കടലാസിൽ കുറിച്ചുവെക്കുന്നത് സഹായകമാണെന്നു ചില രാജ്യപ്രസാധകർ കണ്ടെത്തുന്നു. ഓർമ പുതുക്കാനായി അവർ ഇടയ്ക്കിടെ അതിലൂടെ കണ്ണോടിക്കുന്നു. ഇങ്ങനെ ചെയ്യുന്നത്, പരിഭ്രമത്തെ തരണം ചെയ്യാൻ സഹായിക്കുന്നുവെന്നു മാത്രമല്ല ധൈര്യത്തോടെ പ്രസംഗിക്കാനുള്ള ആത്മവിശ്വാസവും അവർക്കു നൽകുന്നു.
5 സന്തോഷം നിരവധി പ്രയോജനങ്ങൾ കൈവരുത്തുന്നു. നാം സന്തോഷത്തോടെ സുവാർത്ത അവതരിപ്പിക്കുമ്പോൾ അതിന്റെ ആകർഷകത്വം വർധിക്കുന്നു. മാത്രമല്ല, സഹിച്ചുനിൽക്കാൻ സന്തോഷം നമ്മെ ശക്തീകരിക്കുകയും ചെയ്യുന്നു. (നെഹെ. 8:10; എബ്രാ. 12:2) സർവോപരി, സന്തോഷത്തോടെയുള്ള നമ്മുടെ സേവനം യഹോവയെ മഹത്ത്വപ്പെടുത്തുന്നു. അതുകൊണ്ട്, നമുക്ക് ‘സന്തോഷത്തോടെ യഹോവയെ സേവിക്കാം.’—സങ്കീ. 100:2.
[അധ്യയന ചോദ്യങ്ങൾ]
1. യഹോവയുടെ ദാസരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷത്തിന്റെ ഉറവായിരിക്കാൻ എന്തിനു കഴിയും?
2. നമ്മുടെ നിയോഗം ആരിൽനിന്നുള്ളതാണ് എന്ന വസ്തുതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ സന്തോഷം നിലനിറുത്താൻ ഉതകുന്നത് എങ്ങനെ?
3. ദൈവസേവനത്തിലെ നമ്മുടെ സന്തോഷം നിലനിറുത്തുന്നതിൽ പ്രാർഥന വഹിക്കുന്ന പങ്കെന്ത്?
4. പ്രസംഗവേലയിലെ നമ്മുടെ സന്തോഷം വർധിപ്പിക്കാൻ നല്ല തയ്യാറാകൽ നമ്മെ സഹായിക്കുന്നത് എങ്ങനെ, തയ്യാറാകൽ നിർവഹിക്കാനാകുന്ന ചില പ്രായോഗിക വിധങ്ങളേവ?
5. സന്തോഷം നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യുന്നത് എങ്ങനെ?