അഭിനന്ദനം നവോന്മേഷം പകരുന്നു
1 “മോൾ ഇന്ന് നല്ല കുട്ടി ആയിരുന്നില്ലേ?” വൈകിട്ട് ഉറങ്ങാൻ നേരം ആ കൊച്ചു പെൺകുട്ടി വിതുമ്പിക്കൊണ്ടു ചോദിച്ചു. ആ ചോദ്യം അവളുടെ അമ്മയെ ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. അന്നുമുഴുവൻ ഒരു നല്ല കുട്ടിയായിരിക്കാൻ തന്റെ കുഞ്ഞുമകൾ ശ്രമിച്ചത് ശ്രദ്ധിച്ചിരുന്നെങ്കിലും ഒരു അഭിനന്ദനവാക്കുപോലും പറയാൻ അവർ കൂട്ടാക്കിയിരുന്നില്ല. പ്രായഭേദമെന്യെ നമുക്കെല്ലാവർക്കും അഭിനന്ദനം ആവശ്യമുണ്ടെന്ന് ആ കൊച്ചുബാലികയുടെ കണ്ണുനീർ നമ്മെ ഓർമിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള വ്യക്തികൾ ചെയ്യുന്ന നല്ല കാര്യങ്ങളെപ്രതി അവരെ അഭിനന്ദിച്ചുകൊണ്ട് നാം അവർക്കു നവോന്മേഷം പകരുന്നുണ്ടോ?—സദൃ. 25:11.
2 സഹവിശ്വാസികളെ അനുമോദിക്കാൻ ന്യായമായ ധാരാളം കാരണങ്ങൾ നമുക്കുണ്ട്. മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർമാരും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനായി കഠിനാധ്വാനം ചെയ്യുന്നു. (1 തിമൊ. 4:10; 5:17) ദൈവഭയമുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കളെ യഹോവയുടെ വഴികളിൽ വളർത്തിക്കൊണ്ടുവരാൻ തങ്ങളുടെ പരമാവധി ചെയ്യുന്നു. (എഫെ. 6:4) “ലോകത്തിന്റെ ആത്മാവിനെ” ചെറുത്തുനിൽക്കാൻ ക്രിസ്തീയ യുവജനങ്ങൾ ശക്തമായി പൊരുതുന്നു. (1 കൊരി. 2:12; എഫെ. 2:1-3) പ്രായാധിക്യമോ ആരോഗ്യപ്രശ്നങ്ങളോ മറ്റു പരിശോധനകളോ ഉണ്ടായിരുന്നിട്ടും മറ്റുള്ളവർ യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. (2 കൊരി. 12:7) അവരെല്ലാം അഭിനന്ദനം അർഹിക്കുന്നു. അവരുടെ പ്രശംസാർഹമായ ശ്രമങ്ങളെപ്രതി നാം വിലമതിപ്പ് പ്രകടിപ്പിക്കാറുണ്ടോ?
3 കൃത്യമായി എന്തെങ്കിലും എടുത്തുപറഞ്ഞുകൊണ്ട് വ്യക്തിപരമായി അഭിനന്ദിക്കുക: സ്റ്റേജിൽനിന്ന് അഭിനന്ദനവാക്കുകൾ കേൾക്കുമ്പോൾ നാം എല്ലാവരും സന്തോഷിക്കാറുണ്ട്. എന്നാൽ വ്യക്തിപരമായി നൽകപ്പെടുമ്പോൾ അതു കൂടുതൽ നവോന്മേഷപ്രദമാണ്. ദൃഷ്ടാന്തത്തിന്, റോമർക്ക് എഴുതിയ തന്റെ ലേഖനത്തിന്റെ 16-ാം അധ്യായത്തിൽ മറ്റുള്ളവർക്കൊപ്പം ഫേബ, പ്രിസ്ക, അക്വിലാസ്, ത്രുഫൈന, ത്രുഫോസ, പെർസിസ് എന്നിവരെ ചില പ്രത്യേക കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് പൗലൊസ് അഭിനന്ദിച്ചു. (റോമ. 16:1-4, 12) വിശ്വസ്തരായ ആ വ്യക്തികളെ സംബന്ധിച്ചിടത്തോളം അവന്റെ വാക്കുകൾ എത്ര പ്രോത്സാഹജനകം ആയിരുന്നിരിക്കണം! അത്തരം പ്രശംസ, തങ്ങൾ വേണ്ടപ്പെട്ടവരാണ് എന്ന് നമ്മുടെ സഹോദരീസഹോദരന്മാർക്ക് ഉറപ്പുകൊടുക്കുകയും നാം അന്യോന്യം കൂടുതൽ അടുക്കാൻ ഇടയാക്കുകയും ചെയ്യുന്നു. കൃത്യമായി എന്തെങ്കിലും എടുത്തു പറഞ്ഞുകൊണ്ട് നിങ്ങൾ അടുത്തയിടെ ആരെയെങ്കിലും വ്യക്തിപരമായി അഭിനന്ദിച്ചിട്ടുണ്ടോ?—എഫെ. 4:29.
4 ഹൃദയത്തിൽനിന്ന്: യഥാർഥത്തിൽ നവോന്മേഷം പകരണമെങ്കിൽ അഭിനന്ദനം ആത്മാർഥമായിരിക്കണം. നാം ഹൃദയത്തിൽനിന്നു സംസാരിക്കുകയാണോ അതോ വെറുതെ “ചക്കരവാക്കു” പറയുകയാണോ എന്ന് ആളുകൾക്കു തിരിച്ചറിയാൻ കഴിയും. (സദൃ. 28:23) മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ കാണാൻ നാം നമ്മെത്തന്നെ പരിശീലിപ്പിക്കുമ്പോൾ അഭിനന്ദനം നൽകാൻ നമ്മുടെ ഹൃദയം പ്രേരിതമായിത്തീരും. “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” എന്നു തിരിച്ചറിഞ്ഞുകൊണ്ട് ആത്മാർഥമായ അഭിനന്ദനം നൽകുന്നതിൽ നമുക്കു മുന്നിട്ടുനിൽക്കാം.—സദൃ. 15:23.