യഹോവയുമായി ഗാഢബന്ധം നട്ടുവളർത്തൽ
1 “കേവലം യോഗങ്ങൾക്കു പൊയ്ക്കൊണ്ടും വയൽശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടും 20 വർഷത്തോളം ഞാൻ യാന്ത്രികമായി സത്യത്തിൽ തുടർന്നിരിക്കുന്നു” എന്ന് ഒരു ക്രിസ്തീയ സഹോദരി സമ്മതിച്ചു പറഞ്ഞു. എന്നിരുന്നാലും അവർ ഇങ്ങനെ തുടരുന്നു: “അവ പ്രധാനമാണെങ്കിലും സംഗതികൾ ദുഷ്കരമാകാൻ തുടങ്ങുമ്പോൾ അവയ്ക്കു മാത്രം എന്നെ നിലനിറുത്താനാവില്ല എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നിരിക്കുന്നു. . . . യഹോവയെ ശരിക്കും അടുത്തറിയാനും അവനെ സ്നേഹിക്കാനും അവന്റെ പുത്രൻ നമുക്കു തന്നിരിക്കുന്നതിനെ വിലമതിക്കാനും കഴിയേണ്ടതിന് എന്റെ ചിന്തയിൽ പൊരുത്തപ്പെടുത്തൽ വരുത്തുകയും അർഥവത്തായ ഒരു പഠന പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നു ഞാൻ തിരിച്ചറിയുന്നു.”
2 യഹോവയുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ ശ്രമം ആവശ്യമാണ്. ക്രിസ്തീയ പ്രവർത്തനങ്ങളുടെ ഒരു ചര്യ പിൻപറ്റുന്നതിനെക്കാൾ ഏറെ അതിൽ ഉൾപ്പെട്ടിരിക്കുന്നു. യഹോവയോടു ക്രമമായി സംസാരിക്കുന്നതിൽ നാം മുടക്കം വരുത്തിയാൽ, നമ്മെ സംബന്ധിച്ചിടത്തോളം, അവൻ സമ്പർക്കം നഷ്ടപ്പെട്ട ഒരു മുൻകാല ഉറ്റസുഹൃത്തിനെപ്പോലെ ആയിത്തീരും. (വെളി. 2:4) വ്യക്തിപരമായ ബൈബിൾ പഠനത്തിനും പ്രാർഥനയ്ക്കും ദൈവവുമായി ഒരു ഗാഢബന്ധം നട്ടുവളർത്തുന്നതിൽ നമ്മെ എങ്ങനെ സഹായിക്കാനാകും എന്ന് നമുക്കു പരിശോധിക്കാം.—സങ്കീ. 25:14.
3 പ്രാർഥനയും ധ്യാനവും അനിവാര്യം: ഹൃദയത്തെ പരിപോഷിപ്പിക്കുന്നതരം വ്യക്തിപരമായ പഠനത്തിൽ, പഠനഭാഗത്തെ പ്രധാന ആശയങ്ങളുടെ അടിയിൽ വരയ്ക്കുകയും ഉദ്ധരിച്ചിട്ടില്ലാത്ത തിരുവെഴുത്തുകൾ എടുത്തുനോക്കുകയും ചെയ്യുന്നതിനെക്കാൾ അധികം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. വിവരങ്ങൾ യഹോവയുടെ വഴികളെയും നിലവാരങ്ങളെയും വ്യക്തിത്വത്തെയും കുറിച്ച് എന്തു വെളിപ്പെടുത്തുന്നു എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. (പുറ. 33:13) ആത്മീയ കാര്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യം നമ്മുടെ വികാരങ്ങളെ സ്പർശിക്കുകയും നമ്മുടെതന്നെ ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (സങ്കീ. 119:35, 111) വ്യക്തിപരമായ പഠനത്തിന്റെ ഉദ്ദേശ്യം യഹോവയോട് അടുത്തു ചെല്ലുക എന്നതായിരിക്കണം. (യാക്കോ. 4:8) അവധാനപൂർവമായ പഠനത്തിന് സമയവും യോജിച്ച ചുറ്റുപാടും ആവശ്യമാണ്; ക്രമമായ പഠനത്തിന് ആത്മശിക്ഷണവും. (ദാനീ. 6:10) നിങ്ങൾ വളരെ തിരക്കുള്ളവരായിരിക്കാമെങ്കിലും, യഹോവയുടെ വിസ്മയാവഹമായ ഗുണങ്ങളെ കുറിച്ചു ധ്യാനിക്കാൻ എല്ലാ ദിവസവും സമയം മാറ്റിവെക്കുന്നുണ്ടോ?—സങ്കീ. 119:147, 148; 143:5.
4 അർഥപൂർണമായ വ്യക്തിഗത പഠനത്തിന്റെ അവിഭാജ്യ ഘടകമാണ് ഹൃദയംഗമമായ പ്രാർഥന. ബൈബിൾ സത്യം നമ്മുടെ ഹൃദയത്തെ പ്രചോദിപ്പിക്കുകയും, ‘ഭക്തിയോടും ഭയത്തോടുംകൂടെ [ദൈവത്തിനു] സേവ ചെയ്യാൻ’ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യണമെങ്കിൽ നമുക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആവശ്യമാണ്. (എബ്രാ. 12:28) അതുകൊണ്ട്, യഹോവയുടെ ആത്മാവിനായി അവനോടു യാചിച്ചുകൊണ്ടുവേണം നാം ഓരോ പ്രാവശ്യവും പഠനം ആരംഭിക്കാൻ. (മത്താ. 5:3, NW അടിക്കുറിപ്പ്) തിരുവെഴുത്തുകളെ കുറിച്ച് ധ്യാനിക്കുകയും യഹോവയുടെ സംഘടന പ്രദാനം ചെയ്തിരിക്കുന്ന പഠനസഹായികൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ നാം യഹോവയ്ക്കു നമ്മുടെ ഹൃദയം തുറന്നു കൊടുക്കുകയാണ്. (സങ്കീ. 62:8) ഇപ്രകാരം പഠിക്കുന്നത് ഒരു ആരാധനാ ക്രിയയാണ്. അതു മുഖാന്തരം നാം യഹോവയോടു ഭക്തി പ്രകടമാക്കുകയും അവനുമായുള്ള നമ്മുടെ ബന്ധത്തെ കരുത്തുറ്റതാക്കുകയും ചെയ്യുന്നു.—യൂദാ 20, 21.
5 യഹോവയുമായുള്ള നമ്മുടെ ബന്ധം ജീവിതകാലത്ത് ഉടനീളം വളർന്നുകൊണ്ടിരിക്കണമെങ്കിൽ, മറ്റെല്ലാ ബന്ധങ്ങളെയുംപോലെ ഇതും അനുസ്യൂതം പരിപോഷിപ്പിക്കപ്പെടണം. ആയതിനാൽ, യഹോവയോട് അടുത്തുചെല്ലാൻ ഓരോ ദിവസവും നമുക്കു സമയം വിലയ്ക്കു വാങ്ങാം, അപ്രകാരം ചെയ്യുമ്പോൾ അവൻ നമ്മോടും അടുത്തുവരും എന്ന ഉത്തമബോധ്യത്തോടെ തന്നെ.—സങ്കീ. 1:2, 3; എഫെ. 5:15, 16, NW.
[അധ്യയന ചോദ്യങ്ങൾ]
1. തന്റെ ആത്മീയ ചര്യയെ കുറിച്ച് ഒരു സഹോദരി എന്തു തിരിച്ചറിയാൻ ഇടയായി?
2. യഹോവയുമായി ഒരു ഗാഢബന്ധം നട്ടുവളർത്തുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3. വ്യക്തിപരമായ പഠനത്തോടുള്ള ഏതു സമീപനം ദൈവത്തോട് അടുത്തുചെല്ലാൻ നമ്മെ സഹായിക്കും?
4. വ്യക്തിപരമായ പഠനത്തിനു മുമ്പുള്ള പ്രാർഥന യഹോവയുമായി ഗാഢബന്ധം നട്ടുവളർത്താൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
5. എല്ലാ ദിവസവും ദൈവവചനത്തെ കുറിച്ചു ധ്യാനിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?