യഥാർഥ ക്രിസ്തീയ ഐക്യം—എങ്ങനെ?
1 ഏകദേശം 380 ഭാഷാക്കൂട്ടങ്ങളിലും 234 ദേശങ്ങളിലും നിന്നുള്ള 60 ലക്ഷത്തിലധികം ആളുകളെ ഏകീകരിക്കാൻ എന്തിനാണു കഴിയുക? യഹോവയാം ദൈവത്തിന്റെ ആരാധനയ്ക്കു മാത്രം. (മീഖാ 2:12; 4:1-3) യഥാർഥ ക്രിസ്തീയ ഐക്യം ഇന്ന് ഒരു യാഥാർഥ്യമാണെന്ന് യഹോവയുടെ സാക്ഷികൾക്ക് അവരുടെ വ്യക്തിപരമായ അനുഭവത്തിൽനിന്ന് അറിയാം. ‘ഒരിടയന്റെ’ കീഴിൽ ‘ഒരാട്ടിൻകൂട്ടം’ എന്ന നിലയിൽ, ഈ ലോകത്തിലെ വിഭാഗീയതയുടെ ആത്മാവിനെ ചെറുത്തുനിൽക്കാൻ നാം ദൃഢചിത്തരാണ്.—യോഹ. 10:16; എഫെ. 2:2.
2 ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളും സത്യാരാധനയിൽ ഏകീകൃതരാകണം എന്നതാണ് ദൈവത്തിന്റെ മാറ്റമില്ലാത്ത ഉദ്ദേശ്യം. (വെളി. 5:13) ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് തന്റെ അനുഗാമികളുടെ ഇടയിലെ ഐക്യത്തിനായി യേശു ആത്മാർഥമായി പ്രാർഥിച്ചു. (യോഹ. 17:20, 21) നമുക്ക് ഓരോരുത്തർക്കും ക്രിസ്തീയ സഭയുടെ ഐക്യം എങ്ങനെ ഉന്നമിപ്പിക്കാൻ കഴിയും?
3 ഐക്യം ആർജിക്കുന്ന വിധം: ദൈവവചനവും ദൈവാത്മാവും കൂടാതെ ക്രിസ്തീയ ഐക്യം അപ്രാപ്യമായിരിക്കും. നാം ബൈബിളിൽ വായിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത്, നമ്മുടെ ജീവിതത്തിൽ ദൈവാത്മാവ് സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുന്നു. ഇത് “ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ” നമ്മെ പ്രാപ്തരാക്കുന്നു. (എഫെ. 4:3) അന്യോന്യം ക്ഷമിച്ചും പൊറുത്തും സ്നേഹത്തിൽ കഴിഞ്ഞുകൂടാൻ ഇതു നമ്മെ പ്രചോദിപ്പിക്കുന്നു. (കൊലൊ. 3:13, 14; 1 പത്രൊ. 4:8) എല്ലാ ദിവസവും ദൈവവചനത്തെ കുറിച്ചു ധ്യാനിച്ചുകൊണ്ട് നിങ്ങൾ ഐക്യം ഉന്നമിപ്പിക്കുന്നുവോ?
4 പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഉള്ള നമ്മുടെ നിയോഗവും നമ്മെ ഒന്നിപ്പിക്കുന്നു. ക്രിസ്തീയ ശുശ്രൂഷയിൽ, ‘ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാടിക്കൊണ്ട്’ മറ്റുള്ളവരോടൊപ്പം പ്രവർത്തിക്കുമ്പോൾ നാം “സത്യത്തിന്നു കൂട്ടുവേലക്കാർ” ആയിത്തീരുന്നു. (ഫിലി. 1:27; 3 യോഹ. 8) നാം അപ്രകാരം പ്രവർത്തിക്കവേ, സഭയ്ക്കുള്ളിൽ ഐക്യം ഊട്ടിവളർത്തുന്ന സ്നേഹബന്ധങ്ങൾ ശക്തമാക്കപ്പെടും. വയൽശുശ്രൂഷയിൽ നിങ്ങൾ ഈയിടെയെങ്ങും ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ലാത്ത ആരെയെങ്കിലും ഈ ആഴ്ച നിങ്ങളോടൊപ്പം പോരാൻ എന്തുകൊണ്ടു ക്ഷണിച്ചുകൂടാ?
5 ഇന്ന് ഭൂമുഖത്തുള്ള ഏക ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായിരിക്കാൻ പദവി ലഭിച്ചിരിക്കുന്നവർ എന്ന നിലയിൽ നാം എത്ര അനുഗൃഹീതരാണ്! (1 പത്രൊ. 5:9) അടുത്തയിടെ, “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” അന്താരാഷ്ട്ര കൺവെൻഷനുകളിൽ ആയിരങ്ങൾ ഈ ആഗോള ഐക്യം നേരിട്ട് അനുഭവിച്ചറിഞ്ഞു. ദൈവവചനം ദിവസവും വായിച്ചുകൊണ്ടും അഭിപ്രായ വ്യത്യാസങ്ങൾ സ്നേഹത്തിന്റെ ഭാഷയിൽ പരിഹരിച്ചുകൊണ്ടും “ഐകമത്യപ്പെട്ടു” സുവാർത്ത പ്രസംഗിച്ചുകൊണ്ടും അമൂല്യമായ ഈ ഐക്യം നമുക്ക് ഓരോരുത്തർക്കും ഉന്നമിപ്പിക്കാം.—റോമ. 15:5.