ദൈവത്താൽ പിന്തുണയ്ക്കപ്പെടുന്ന ഒരു വേല
1 ഈ വ്യവസ്ഥിതിയിൽ മികച്ച വിദ്യാഭ്യാസവും സമ്പത്തും പ്രാമുഖ്യതയും ഉള്ളവർ ഇന്നത്തെ ദൈവദാസരുടെ ഇടയിൽ അധികമില്ല. അക്കാരണത്താൽ ചിലയാളുകൾ നമ്മുടെ ശുശ്രൂഷയെ അപ്രധാനമായി തള്ളിക്കളയുന്നു. (യെശ. 53:3) എന്നിരുന്നാലും, നാം ചെയ്യുന്ന ബൈബിൾ വിദ്യാഭ്യാസവേല ലോകവ്യാപകമായി ദശലക്ഷങ്ങൾക്ക് ആശ്വാസവും പ്രത്യാശയും പകർന്നിരിക്കുന്നു. അത്തരം ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധാരണക്കാരായ മനുഷ്യർക്കു സാധിച്ചിരിക്കുന്നത് എങ്ങനെയാണ്? ദൈവത്തിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രം. (മത്താ. 28:19, 20; പ്രവൃ. 1:8) “ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു” എന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിച്ചു.—1 കൊരി. 1:26-29.
2 അപ്പൊസ്തലന്മാരുടെയും ഒന്നാം നൂറ്റാണ്ടിലെ മറ്റു ക്രിസ്ത്യാനികളുടെയും ഇടയിൽ അനേകരും “പഠിപ്പില്ലാത്തവരും സാമാന്യരുമായ” ആളുകളായിരുന്നു. (പ്രവൃ. 4:13) എങ്കിലും, സുവാർത്ത പ്രസംഗിക്കാനുള്ള തങ്ങളുടെ നിയോഗത്തിൽ അവർ സധൈര്യം മുന്നേറി, യഹോവ അവരുടെ ശ്രമങ്ങളെ അനുഗ്രഹിച്ചു. തടസ്സങ്ങൾക്കും എതിർപ്പുകൾക്കുംമധ്യേ, “കർത്താവിന്റെ [“യഹോവയുടെ,” NW] വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.” വേലയെ നിശ്ചലമാക്കാൻ യാതൊന്നിനും സാധിച്ചില്ല, എന്തുകൊണ്ടെന്നാൽ അതിനെ പിന്തുണച്ചത് ദൈവമായിരുന്നു. (പ്രവൃ. 5:38, 39; 19:20) ആധുനിക നാളിലും ഇതുതന്നെ സത്യമായിരുന്നിട്ടുണ്ട്. ശക്തരായ ഭരണാധിപന്മാരുടെ കടുത്ത എതിർപ്പിനു പോലും സുവാർത്ത പരന്നു പ്രബലപ്പെടുന്നത് തടയാൻ കഴിഞ്ഞിട്ടില്ല.—യെശ. 54:17.
3 സകല മഹത്ത്വവും ദൈവത്തിന്: ദൈവത്തിന്റെ ശുശ്രൂഷകർ എന്ന നിലയിലുള്ള നമ്മുടെ അനുഗൃഹീത പദവി, ആത്മപ്രശംസയ്ക്കു വക നൽകുന്നുണ്ടോ? തീർച്ചയായും ഇല്ല. ക്രിസ്തീയ ശുശ്രൂഷയെ കുറിച്ചു പരാമർശിച്ചുകൊണ്ട് പൗലൊസ് ഇങ്ങനെ എഴുതി: “എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉളളത്.” (2 കൊരി. 4:7) ദൈവം പ്രദാനം ചെയ്യുന്ന ശക്തിയാൽ മാത്രമാണ് തനിക്കു തന്റെ ശുശ്രൂഷ നിറവേറ്റാൻ സാധിക്കുന്നത് എന്ന് പൗലൊസ് തിരിച്ചറിഞ്ഞു.—എഫെ. 6:19, 20; ഫിലി. 4:13.
4 സമാനമായി, “ദൈവത്തിന്റെ സഹായം ലഭിക്കയാൽ” മാത്രമാണ് പ്രസംഗവേല നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് നാമും തിരിച്ചറിയുന്നു. (പ്രവൃ. 26:22) ലോകവ്യാപകമായ അത്തരം പരസ്യഘോഷണത്താൽ, രാഷ്ട്രങ്ങളിലൂടെ ഒരു പ്രകമ്പനം—പെട്ടെന്നു വരാൻ പോകുന്ന ഉഗ്ര ന്യായവിധിയാൽ അവയെ തകർക്കുന്നതിന്റെ ഒരു മുന്നോടി—അയയ്ക്കാൻ യഹോവ ശ്രദ്ധേയമായ ഒരു വിധത്തിൽ നമ്മെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. (ഹഗ്ഗാ. 2:7) മഹത്തായ ആത്മീയ കൊയ്ത്തുവേലയിൽ “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കാൻ പദവി ലഭിച്ചിരിക്കുന്ന നാം എത്ര അനുഗൃഹീതരാണ്!—1 കൊരി. 3:6-9.