ക്രമമായ യോഗഹാജർ —മുൻഗണന നൽകേണ്ട ഒന്ന്
1 ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നതിന് ക്രിസ്ത്രീയ കുടുംബങ്ങൾ മുൻഗണന നൽകുന്നു. എന്നാൽ അനുദിന ജീവിതാവശ്യങ്ങൾ ഇന്ന് ഒരു വെല്ലുവിളി ഉയർത്തിയേക്കാം. വീട്ടിലെ ഉത്തരവാദിത്വങ്ങളും ലൗകിക ജോലിയും സ്കൂൾ ഗൃഹപാഠവും യഹോവയുടെ ആരാധനയ്ക്കായി മാറ്റിവെച്ചിട്ടുള്ള സമയം കവർന്നെടുക്കാൻ തുടങ്ങിയിരിക്കുന്നുവോ? കാര്യങ്ങളെ യഹോവയുടെ കാഴ്ചപ്പാടിൽ വീക്ഷിക്കുന്നത് പ്രാധാന്യമേറിയ കാര്യങ്ങൾക്കു മുൻഗണന നൽകുന്നതിൽ തുടരാൻ നമ്മെ സഹായിക്കും.—1 ശമൂ. 24:6; 26:11.
2 ശബത്തു നാളിൽ വിറുകു പെറുക്കുന്നതു സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം പരിഗണിക്കാൻ ഒരു ഇസ്രായേല്യ പുരുഷൻ കൂട്ടാക്കിയില്ല. താൻ കുടുംബത്തിനായി കരുതുകയാണെന്നോ അല്ലെങ്കിൽ അത് നിസ്സാരമായ ഒരു സംഗതിയാണെന്നോ അയാൾ ന്യായവാദം ചെയ്തിട്ടുണ്ടാകാം. എന്നിരുന്നാലും, ആരാധനയ്ക്കായി മാറ്റിവെച്ചിരിക്കുന്ന സമയം ലൗകിക അനുധാവനങ്ങൾക്കായി വിനിയോഗിക്കുന്നത് ഗുരുതരമായ ഒരു സംഗതിയാണെന്ന്, ആ മനുഷ്യന്റെ കാര്യത്തിൽ നടപ്പാക്കിയ ന്യായവിധിയിലൂടെ യഹോവ വ്യക്തമാക്കി.—സംഖ്യാ. 15:32-36.
3 വെല്ലുവിളി തരണംചെയ്യൽ: അനേകരെയും സംബന്ധിച്ചിടത്തോളം ലൗകിക ജോലി യോഗഹാജരിനെ ബാധിക്കാതെ കൊണ്ടുപോകുക ഒരു പോരാട്ടം തന്നെയാണ്. തൊഴിലുടമയോടു സംസാരിച്ചുകൊണ്ടോ സഹജോലിക്കാരുമായി ഷിഫ്റ്റുകൾ വെച്ചുമാറിക്കൊണ്ടോ കൂടുതൽ യോജിച്ച ഒരു തൊഴിൽ അന്വേഷിച്ചുകൊണ്ടോ ജീവിതശൈലി ലളിതമാക്കിക്കൊണ്ടോ ചിലർ ഈ വെല്ലുവിളിയെ തരണം ചെയ്തിട്ടുണ്ട്. സത്യാരാധനയ്ക്കായുള്ള അത്തരം ത്യാഗങ്ങൾ സുനിശ്ചിതമായും ദൈവത്തെ പ്രസാദിപ്പിക്കുന്നു.—എബ്രാ. 13:16.
4 ഗൃഹപാഠവും അതുപോലെ ഒരു വെല്ലുവിളി ആയിരുന്നേക്കാം. “ഞാൻ ഗൃഹപാഠത്തിൽ കുറെ സഭായോഗങ്ങൾക്കു പോകുന്നതിനുമുമ്പും ബാക്കി തിരികെ വന്നശേഷവുമാണു ചെയ്യുന്നത്” എന്ന് ഒരു പെൺകുട്ടി പറയുകയുണ്ടായി. യോഗങ്ങളുള്ള സായാഹ്നങ്ങളിൽ തങ്ങളുടെ കുട്ടികൾക്കു ഗൃഹപാഠം ചെയ്തുതീർക്കാൻ സാധിക്കാതെ വന്നിട്ടുള്ള സാഹചര്യങ്ങളിൽ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നത് തങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്ന കാര്യം ചില മാതാപിതാക്കൾ അധ്യാപകരോടു വിശദമാക്കിയിട്ടുണ്ട്.
5 ഒരു കുടുംബം എന്ന നിലയിൽ യോഗങ്ങൾക്കു കൃത്യസമയത്തു ഹാജരാകാൻ സാധിക്കത്തക്കവിധം വീട്ടുജോലികൾ ചെയ്തുതീർക്കാൻ സഹകരണവും നല്ല ആസൂത്രണവും മർമപ്രധാനമാണ്. (സദൃ. 20:18) വസ്ത്രം ധരിച്ച് തയ്യാറായി പറഞ്ഞസമയത്തുതന്നെ യോഗങ്ങൾക്കു പുറപ്പെടാൻ ചെറിയ കുട്ടികളെ പോലും പരിശീലിപ്പിക്കാൻ കഴിയും. മാതാപിതാക്കൾക്ക് തങ്ങളുടെ മാതൃകയാൽ യോഗങ്ങളുടെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ പതിപ്പിക്കാൻ കഴിയും.—സദൃ. 20:7.
6 ഈ വ്യവസ്ഥിതിയിലെ സമ്മർദങ്ങൾ വർധിക്കവേ, ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ജീവത്പ്രധാനമാണ്. കാര്യങ്ങളെ യഹോവയുടെ കാഴ്ചപ്പാടിൽ വീക്ഷിക്കുന്നതിലും ക്രമമായ യോഗഹാജരിനു മുൻഗണന നൽകുന്നതിലും നമുക്കു തുടരാം.—എബ്രാ. 10:24, 25.