നിങ്ങൾ ഉൾപ്പെട്ട ഒരു കുതിരപ്പടയുടെ മുന്നേറ്റം
1 ‘ആറാമത്തെ ദൂതൻ [കാഹളം] ഊതി.’ അപ്പോൾ “പതിനായിരം മടങ്ങു ഇരുപതിനായിരം” വരുന്ന “കുതിരപ്പട” ഇരമ്പലോടെ മുന്നോട്ടു പാഞ്ഞു. ഇത് ഒരു സാധാരണ സൈനികസേന അല്ല. “കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ”യും ‘വാൽ സർപ്പത്തെപ്പോലെയും’ ആണ്. അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും പുറപ്പെടുന്നു. മുന്നോട്ടു പായുന്ന ഈ പ്രതീകാത്മക കുതിരപ്പട കനത്ത നാശം വിതയ്ക്കുന്നു. (വെളി. 9:13-19) ശ്രദ്ധേയമായ ഈ പ്രാവചനിക ദർശനത്തിന്റെ നിവൃത്തിയിൽ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?
2 അഭിഷിക്ത ശേഷിപ്പും അവരുടെ സഹകാരികളായ വേറെ ആടുകളും ഐക്യത്തിൽ ദൈവത്തിന്റെ ന്യായവിധികൾ അറിയിക്കുന്നു. ഇതുമൂലം ക്രൈസ്തവലോകത്തിന്റെ ആത്മീയ മൃതാവസ്ഥ തുറന്നുകാട്ടപ്പെടുന്നു. ദൈവദാസരുടെ ശുശ്രൂഷ ഇത്രയ്ക്കു ഫലപ്രദമായിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്ന, പ്രാവചനിക ദർശനത്തിലെ രണ്ടു സവിശേഷതകൾ നമുക്കിപ്പോൾ പരിശോധിക്കാം.
3 ദൈവത്തിന്റെ സന്ദേശം ഘോഷിക്കാൻ പരിശീലിപ്പിക്കപ്പെടുകയും സജ്ജരാക്കപ്പെടുകയും ചെയ്തിരിക്കുന്നു: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെയും മറ്റു സഭായോഗങ്ങളിലൂടെയും ദൈവത്തിന്റെ ശുശ്രൂഷകർ അവന്റെ സന്ദേശം ആധികാരികതയോടെ ഘോഷിക്കാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു. യേശുവിനെയും അവന്റെ അനുഗാമികളെയും അനുകരിച്ചുകൊണ്ട് അർഹരായവരെ തേടി അവർ ആളുകളെ കണ്ടെത്താൻ സാധ്യതയുള്ള എല്ലായിടത്തും സുവാർത്ത ഘോഷിക്കുന്നു. (മത്താ. 10:11; മർക്കൊ. 1:16; ലൂക്കൊ. 4:15; പ്രവൃ. 20:18-20) സുവാർത്ത പ്രസംഗിക്കാനുള്ള ബൈബിളധിഷ്ഠിതമായ ഈ മാർഗം എത്ര ഫലപ്രദമാണ്!
4 ദിവ്യനിയുക്തമായ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടവേ ക്രിസ്തീയ ശുശ്രൂഷകർ ശതകോടിക്കണക്കിനു ബൈബിളുകളും പുസ്തകങ്ങളും ലഘുപത്രികകളും മാസികകളും വിതരണം ചെയ്തിട്ടുണ്ട്. ഈ പ്രസിദ്ധീകരണങ്ങൾ ഏതാണ്ട് 400 ഭാഷകളിൽ അച്ചടിക്കപ്പെട്ടിട്ടുണ്ട്. വൈവിധ്യമാർന്ന ഒട്ടനവധി വിഷയങ്ങളോടെ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളെ ആകർഷിക്കാൻ പോന്ന വിധത്തിലാണ് ഈ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കപ്പെടുന്നത്. നിങ്ങൾ ഈ ഉപകരണങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ?
5 സ്വർഗീയ മാർഗനിർദേശവും പിന്തുണയും: പ്രതീകാത്മക കുതിരപ്പടയുടെ മുന്നേറ്റം പ്രതിനിധാനം ചെയ്യുന്ന പ്രവർത്തനത്തിന് ദിവ്യ പിന്തുണയുണ്ട് എന്നും പ്രാവചനിക ദർശനം വ്യക്തമാക്കുന്നു. (വെളി. 9:13-15) ആഗോള പ്രസംഗവേല നിർവഹിക്കപ്പെടുന്നത് മാനുഷിക ജ്ഞാനത്താലോ ശക്തിയാലോ അല്ല, മറിച്ച് ദൈവത്തിന്റെ ആത്മാവിനാലാണ്. (സെഖ. 4:6) ഈ വേലയെ നയിക്കാൻ യഹോവ ദൂതന്മാരെ ഉപയോഗിക്കുന്നു. (വെളി. 14:6) അങ്ങനെ, സൗമ്യരെ യഹോവയിലേക്ക് അടുപ്പിക്കാൻ മനുഷ്യ സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങൾക്ക് അവൻ സ്വർഗീയ പിന്തുണ പ്രദാനം ചെയ്യുന്നു.—യോഹ. 6:45, 65.
6 ദൈവത്തിന്റെ സന്ദേശം ഘോഷിക്കാൻ പരിശീലിപ്പിക്കപ്പെടുകയും സജ്ജരാക്കപ്പെടുകയും ചെയ്തിരിക്കുന്ന, ദൂത മാർഗനിർദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്ന, യഹോവയുടെ ജനത്തെ ആർക്കും തടുക്കാനാവില്ല. ആവേശം പകരുന്ന ഈ പ്രാവചനിക ദർശനത്തിന്റെ നിവൃത്തിയിലെ നമ്മുടെ പങ്കുവഹിക്കുന്നതിൽ നമുക്കു തുടരാം.
[അധ്യയന ചോദ്യങ്ങൾ]
1, 2. വെളിപ്പാടു 9:13-19-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാവചനിക ദർശനത്തിന്റെ നിവൃത്തിയിൽ ദൈവദാസർ ഇന്ന് ഉൾപ്പെട്ടിരിക്കുന്നത് ഏതുവിധത്തിൽ?
3. ദൈവത്തിന്റെ സന്ദേശം ഫലപ്രദമായി ഘോഷിക്കാൻ നിങ്ങൾക്ക് എന്തു പരിശീലനം ലഭിച്ചിരിക്കുന്നു?
4. തങ്ങളുടെ വേല നിർവഹിക്കാൻ പ്രസാധകരിൽ മിക്കവർക്കും എന്ത് ഉപകരണങ്ങൾ ലഭ്യമാണ്?
5, 6. യഹോവയുടെ ജനത്തിന് സ്വർഗീയ പിന്തുണയുണ്ട് എന്ന് എന്തു സൂചിപ്പിക്കുന്നു?