തക്കസമയത്തെ ആത്മീയ ആഹാരം
1 പരമാധീശ കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വർദ്ധിപ്പിക്കും.” (യെഹെ. 36:29) ആ പ്രാവചനിക വാക്കുകൾ ഇന്ന് ദൈവജനത്തിന്മേൽ നിവൃത്തിയേറുന്നു. ആലങ്കാരികമായ ഒരു വിധത്തിൽ തന്റെ ജനത്തിനുവേണ്ടി ജീവദായകമായ ധാന്യം ധാരാളമായി മുളയ്ക്കാൻ യഹോവ ഇടയാക്കിയിരിക്കുന്നു. നമ്മുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലൂടെ തക്കസമയത്ത് നൽകപ്പെടുന്ന ആത്മീയ ആഹാരം ആ വസ്തുത വ്യക്തമായി ചിത്രീകരിക്കുന്നു.
2 ഒഹായോയിലെ കൊളംബസിൽ 1931-ൽ നടന്ന കൺവെൻഷനിൽ യഹോവയുടെ സാക്ഷികൾ എന്ന പുതിയ പേര് സ്വീകരിക്കുന്നതിലേക്ക് യഹോവ തന്റെ ആരാധകരെ നയിച്ചു. (യെശ. 43:10-12) 1935-ൽ വെളിപ്പാടു 7:9-17-ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മഹാപുരുഷാരത്തെ വ്യക്തമായി തിരിച്ചറിഞ്ഞു. 1942-ൽ നോർ സഹോദരൻ, “സമാധാനം—അതു നിലനിൽക്കുമോ?” എന്ന വിഷയത്തിലുള്ള പ്രഭാഷണം നടത്തി. അത് ആഗോള പ്രസംഗവേലയ്ക്ക് ആക്കം കൂട്ടുകയും വാച്ച്ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദ് സ്ഥാപിക്കുന്നതിലേക്കു നയിക്കുകയും ചെയ്തു. ചില കൺവെൻഷനുകൾ വിശിഷ്യ സ്മരണീയമാണെങ്കിലും ഓരോ കൺവെൻഷനും, തക്കസമയത്ത് പ്രദാനം ചെയ്യപ്പെട്ട പോഷകസമൃദ്ധമായ ആത്മീയ ആഹാരത്തിന്റെ ഒരു വിരുന്ന് ആയിരുന്നിട്ടുണ്ട്.—സങ്കീ. 23:5; മത്താ. 24:45.
3 നിങ്ങൾ നന്നായി ഭക്ഷിക്കുന്നുണ്ടോ? ചുറ്റും ആഹാരസാധനങ്ങൾ ഉള്ളപ്പോൾ പോലും നാം വികലപോഷിതരായിരുന്നേക്കാം. ആഹാരം എടുത്തു കഴിക്കാൻ നാം ശ്രമിക്കാതിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. (സദൃ. 26:15) ആത്മീയ അർഥത്തിലും അതു സത്യമാണ്. ചില കൺവെൻഷനുകളിൽ, പരിപാടി നടന്നുകൊണ്ടിരിക്കെ ചിലർ അനാവശ്യമായി ചുറ്റിത്തിരിയുകയോ മറ്റുള്ളവരോടു സംസാരിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. കെട്ടുപണി ചെയ്യുന്ന സഹവാസം കൺവെൻഷന്റെ ഒരു പ്രധാനപ്പെട്ട സവിശേഷതയാണെങ്കിലും സെഷൻ തുടങ്ങുന്നതിനു മുമ്പും ശേഷവുമാണ് അതിനുള്ള സമയം. (സഭാ. 3:1, 7) അടുത്ത ശ്രദ്ധ കൊടുത്തുകൊണ്ട് നാം ഇരിപ്പിടത്തിൽ ഇല്ലെങ്കിൽ മർമപ്രധാനമായ ചില ആശയങ്ങൾ നമുക്കു നഷ്ടപ്പെട്ടേക്കാം. യാത്രയും ചൂടും നിമിത്തം നാം മയങ്ങിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ രാത്രിയിൽ ആവശ്യത്തിന് ഉറങ്ങുന്നത്, അടുത്ത ദിവസം ഉണർവോടെ പരിപാടികൾ ശ്രദ്ധിക്കാൻ നമ്മെ സഹായിക്കും. കൺവെൻഷൻ ഡിപ്പാർട്ടുമെന്റ് മേൽവിചാരകന്മാർക്കും നിയമനങ്ങളുള്ള സഹോദരന്മാർക്കും സെഷൻ നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചിലപ്പോൾ കൺവെൻഷനോടു ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതായി വന്നേക്കാം. എന്നാൽ അല്ലാത്ത സമയങ്ങളിലെല്ലാം, പരിപാടിയിൽ ശ്രദ്ധിക്കുന്ന കാര്യത്തിൽ അവർ മാതൃക ആയിരിക്കേണ്ടതാണ്. ഓരോ ദിവസവും സമാപന പ്രാർഥനയ്ക്കു ശേഷം മാത്രം തിരിച്ചുപോകാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രദാനം ചെയ്യപ്പെടുന്ന ആത്മീയ ആഹാരത്തിൽ അൽപ്പം പോലും നമ്മിലാരും നഷ്ടപ്പെടുത്തരുത്.—1 കൊരി. 10:12; ഫിലി. 2:12.
4 ക്രൈസ്തവലോകത്തിന്റെ പോഷകരഹിതമായ വ്യാജ ഉപദേശങ്ങളിൽനിന്ന് എത്ര വ്യത്യസ്തമാണ് യഹോവ നൽകുന്ന സമൃദ്ധവും സമ്പുഷ്ടവുമായ ആത്മീയ ആഹാരം! അതു ഭക്ഷിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്! (യെശ. 65:13, 14) നമുക്കു ‘നന്ദിയുള്ളവരായി’രിക്കാവുന്ന ഒരു വിധം യഹോവയാൽ പഠിപ്പിക്കപ്പെടാനുള്ള ഒരു അവസരമായി കൺവെൻഷനെ കാണുക എന്നതാണ്. (കൊലൊ. 3:15) പ്രസംഗകനിലല്ല, അദ്ദേഹം നൽകുന്ന സന്ദേശത്തിൽ ശ്രദ്ധിക്കുക. ആ സന്ദേശം നമ്മുടെ ‘[മഹാ] ഉപദേഷ്ടാവിൽ’നിന്നു വരുന്നതായി വീക്ഷിക്കുക. (യെശ. 30:20, 21; 54:13) പരിപാടികൾക്കു സൂക്ഷ്മ ശ്രദ്ധ കൊടുക്കുക. മുഖ്യ ആശയങ്ങളുടെ ഹ്രസ്വമായ കുറിപ്പുകൾ എടുക്കാൻ ശ്രദ്ധിക്കുക. അത്, ഓരോ ദിവസവും വൈകുന്നേരം അന്നത്തെ പരിപാടികളുടെ വിശേഷാശയങ്ങൾ പുനരവലോകനം ചെയ്യുന്നതിനു മാത്രമല്ല, ഈ വർഷം സേവനയോഗത്തിൽ പട്ടികപ്പെടുത്താനിരിക്കുന്ന വാചാപുനരവലോകനത്തിൽ പങ്കുപറ്റാനും നിങ്ങളെ സഹായിക്കും. നിങ്ങൾ പഠിക്കുന്നത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക.
5 അർമഗെദോനു മുമ്പുള്ള ഓരോ കൺവെൻഷനും—അതു നടക്കുന്നത് അഭയാർഥി ക്യാമ്പിലോ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന പ്രദേശത്തോ അല്ലെങ്കിൽ കൂടുതൽ സമാധാനമുള്ള, വിസ്തൃതമായ ഒരു പ്രദേശത്തോ ആകട്ടെ—സാത്താന്റെ മേലുള്ള വിജയമാണ്! ഒരു ഏകീകൃത സഹോദരവർഗം എന്ന നിലയിൽ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ കൂടിവരാനുള്ള പദവിയെ നാം വിലമതിക്കുന്നു. (യെഹെ. 36:38) ഒരിക്കൽക്കൂടി യഹോവ സ്നേഹപൂർവം ‘തക്കസമയത്ത് ആഹാരം’ പ്രദാനം ചെയ്യുമെന്ന് നമുക്കു ബോധ്യമുണ്ട്.—ലൂക്കൊ. 12:42.
[അധ്യയന ചോദ്യങ്ങൾ]
1. യെഹെസ്കേൽ 36:29 ഇന്നു നിവൃത്തിയേറുന്നത് എങ്ങനെ?
2. തക്കസമയത്ത് ആത്മീയ ആഹാരം നൽകുന്നതിന് യഹോവ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
3. ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ ആത്മീയ വിരുന്നിൽനിന്നു പ്രയോജനം അനുഭവിക്കാൻ നാം എന്തു ചെയ്യണം?
4. യഹോവ പ്രദാനം ചെയ്യുന്ന സമൃദ്ധിയെപ്രതി നന്ദിയുള്ളവരാണെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം?
5. ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ സന്തോഷത്തിനുള്ള എന്തെല്ലാം കാരണങ്ങൾ നൽകുന്നു?
[4-ാം പേജിലെ ചതുരം]
യഹോവയുടെ മേശയോട് ആദരവു പ്രകടിപ്പിക്കുക
◼ അടുത്ത ശ്രദ്ധ നൽകുക
◼ മുഖ്യ ആശയങ്ങളുടെ കുറിപ്പ് എടുക്കുക
◼ ഓരോ ദിവസവും വൈകുന്നേരം പരിപാടിയിലെ വിശേഷാശയങ്ങൾ പുനരവലോകനം ചെയ്യുക
◼ നിങ്ങൾ പഠിക്കുന്നത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക