‘വിശാലരാകുവിൻ’
1 ക്രിസ്തീയ സഹോദരവർഗത്തിന്റെ ഭാഗമായ നമുക്ക് ഓരോരുത്തർക്കും സഭയുടെ ഊഷ്മളമായ അന്തരീക്ഷത്തിനു സംഭാവന ചെയ്യാനുള്ള ഉത്തരവാദിത്വമുണ്ട്. (1 പത്രൊ. 1:22; 2:17) അന്യോന്യമുള്ള ‘ആർദ്രപ്രിയത്തിൽ’ (NW) നാം ‘വിശാലരാകുമ്പോൾ’ അത്തരം ഊഷ്മളത കൈവരുന്നു. (2 കൊരി. 6:12, 13) നമ്മുടെ സഹോദരീസഹോദരന്മാരെ അടുത്തറിയുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
2 സുഹൃദ്ബന്ധങ്ങൾ ദൃഢമാകുന്നു: സഹവിശ്വാസികളെ എത്ര നന്നായി അറിയുന്നുവോ അവരുടെ വിശ്വാസം, സഹിഷ്ണുത തുടങ്ങിയ നല്ല ഗുണങ്ങളെ നാം അത്രയധികം വിലമതിക്കാൻ ഇടയാകും. അവരുടെ കുറവുകൾ മുമ്പത്തെ അത്രയും വലുതായി കാണപ്പെടുകയില്ല. അങ്ങനെ സുഹൃദ്ബന്ധങ്ങൾ വളരുന്നു. പരസ്പരം അടുത്തറിയുമ്പോൾ അന്യോന്യം ‘കെട്ടുപണിചെയ്യുന്നതിനും ആശ്വസിപ്പിക്കുന്നതിനും’ നമുക്കു മെച്ചമായി സാധിക്കും. (1 തെസ്സ. 5:11, NW) സാത്താന്റെ അധീനതയിലുള്ള ലോകത്തിന്റെ അനാരോഗ്യകരമായ സ്വാധീനങ്ങളെ ചെറുത്തുനിൽക്കുന്നതിനോടുള്ള ബന്ധത്തിൽ അന്യോന്യം “ബലപ്പെടുത്തുന്ന ഒരു സഹായമായി” വർത്തിക്കാൻ നമുക്കു സാധിക്കും. (കൊലൊ. 4:11, NW) സമ്മർദപൂരിതമായ ഈ അന്ത്യനാളുകളിൽ യഹോവയുടെ ജനത്തിന്റെ ഇടയിൽ നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!—സദൃ. 18:24.
3 കഠിനമായ പരിശോധനകളെ നേരിടുമ്പോൾ അടുത്ത സുഹൃത്തുക്കൾക്ക് സവിശേഷമായ ഒരു വിധത്തിൽ ബലവും ആശ്വാസവും പ്രദാനം ചെയ്യാൻ കഴിയും. (സദൃ. 17:17) താൻ തീരെ വിലയില്ലാത്തവളാണ് എന്ന ചിന്തയുമായി പോരാടേണ്ടിവന്ന ഒരു ക്രിസ്ത്യാനി തന്റെ അനുഭവം അനുസ്മരിക്കുന്നു: “ചില കൂട്ടുകാർ എന്റെ നിഷേധാത്മക ചിന്തകളെ തരണം ചെയ്യാൻ സഹായിക്കുന്ന വിധത്തിലുള്ള നല്ല കാര്യങ്ങൾ എന്നെ കുറിച്ചു പറയുമായിരുന്നു.” അത്തരം സുഹൃത്തുക്കൾ യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമാണ്.—സദൃ. 27:9.
4 മറ്റുള്ളവരിൽ താത്പര്യം പ്രകടമാക്കുക: സഹവിശ്വാസികളോടുള്ള ആർദ്രപ്രിയത്തിൽ നമുക്ക് എങ്ങനെ വിശാലരാകാൻ കഴിയും? ക്രിസ്തീയ യോഗങ്ങളിൽ മറ്റുള്ളവരെ അഭിവാദനം ചെയ്യുന്നതിനു പുറമേ അവരുമായി അർഥവത്തായ സംഭാഷണങ്ങൾ നടത്താൻ ശ്രമം ചെയ്യുക. വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാതെതന്നെ അവരിൽ വ്യക്തിഗത താത്പര്യം പ്രകടമാക്കുക. (ഫിലി. 2:4; 1 പത്രൊ. 4:15) ഇനി, മറ്റുള്ളവരിൽ താത്പര്യം കാണിക്കാവുന്ന മറ്റൊരു മാർഗം അവരെ ഭക്ഷണത്തിനു ക്ഷണിക്കുക എന്നതാണ്. (ലൂക്കൊ. 14:12-14) അല്ലെങ്കിൽ വയൽശുശ്രൂഷയിൽ അവരോടൊത്തു പ്രവർത്തിക്കാൻ നിങ്ങൾക്കു ക്രമീകരിക്കാനായേക്കും. (ലൂക്കൊ. 10:1) സഹോദരങ്ങളെ കൂടുതൽ അടുത്തറിയാൻ മുൻകൈ എടുക്കുമ്പോൾ സഭയുടെ ‘ഐക്യത്തിന്’ സംഭാവന ചെയ്യുകയായിരിക്കും നാം.—കൊലൊ. 3:14, NW.
5 സമപ്രായക്കാരെയോ നമ്മുടേതിനു സമാനമായ താത്പര്യങ്ങൾ ഉള്ളവരെയോ മാത്രം അടുത്ത സഹകാരികളായി തിരഞ്ഞെടുക്കാനുള്ള ഒരു പ്രവണത നമുക്കുണ്ടോ? സഭയിലെ നമ്മുടെ സുഹൃദ്ബന്ധങ്ങളെ പരിമിതപ്പെടുത്താൻ അത്തരം ഘടകങ്ങളെ നാം അനുവദിക്കരുത്. പ്രായവ്യത്യാസമുണ്ടായിരുന്നിട്ടും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ആയിരുന്നിട്ടും ദാവീദും യോനാഥാനും അതുപോലെ രൂത്തും നൊവൊമിയും ശക്തമായ സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുത്തു. (രൂത്ത് 4:15; 1 ശമൂ. 18:1) നിങ്ങളുടെ സുഹൃദ്വലയം വിശാലമാക്കാൻ കഴിയുമോ? അതിന് അപ്രതീക്ഷിതമായ പല അനുഗ്രഹങ്ങളും കൈവരുത്താനാകും.
6 മറ്റുള്ളവരോടുള്ള ആർദ്രപ്രിയത്തിൽ വിശാലരാകുന്നതിലൂടെ നാം അന്യോന്യം ബലപ്പെടുത്തുകയും സഭയിലെ സമാധാനത്തെ ഉന്നമിപ്പിക്കുകയും ചെയ്യും. കൂടാതെ, സഹോദരങ്ങളോടു കാണിക്കുന്ന സ്നേഹത്തിന് യഹോവതന്നെ നമ്മെ അനുഗ്രഹിക്കും. (സങ്കീ. 41:1, 2; എബ്രാ. 6:10) കഴിയുന്നത്ര സഹോദരങ്ങളെ മെച്ചമായി പരിചയപ്പെടാൻ നിങ്ങൾക്ക് ഒരു ലക്ഷ്യം വെച്ചുകൂടേ?
[അധ്യയന ചോദ്യങ്ങൾ]
1. നമുക്ക് ഓരോരുത്തർക്കും എന്ത് ഉത്തരവാദിത്വമുണ്ട്?
2. സഹവിശ്വാസികളുമായി സൗഹൃദം വളർത്തിയെടുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3. നമുക്ക് എങ്ങനെ മറ്റുള്ളവർക്ക് ബലപ്പെടുത്തുന്ന ഒരു സഹായമായിരിക്കാൻ കഴിയും?
4. സഭയിലെ മറ്റുള്ളവരെ നമുക്ക് എങ്ങനെ കൂടുതൽ അടുത്തറിയാൻ കഴിയും?
5. നമ്മുടെ സുഹൃദ്വലയം വിശാലമാക്കാനുള്ള ഒരു വഴി എന്ത്?
6. സഹോദരങ്ങളോടുള്ള ആർദ്രപ്രിയത്തിൽ വിശാലരാകുന്നതിന്റെ ചില പ്രയോജനങ്ങൾ ഏവ?