തന്നിൽ ആശ്രയിക്കുന്നവരെ യഹോവ സഹായിക്കുന്നു
1 വിജയത്തിന്റെ നിർണായകഘടകങ്ങളായി പല ആളുകളും വീക്ഷിക്കുന്നത് പണം, അധികാരം, മാനുഷിക വൈദഗ്ധ്യങ്ങൾ എന്നിവയെയാണ്. (സങ്കീ. 12:4; 33:16, 17; 49:6) എന്നാൽ യഹോവയെ ഭയപ്പെട്ട് അവനിൽ ആശ്രയം വെക്കുന്നവർക്ക് “അവൻ അവരുടെ സഹായവും പരിചയും ആകുന്നു” എന്ന് ബൈബിൾ ഉറപ്പു നൽകുന്നു. (സങ്കീ. 115:11) യഹോവയിൽ ആശ്രയം പ്രകടമാക്കേണ്ട രണ്ടു മേഖലകൾ നമുക്കു പരിചിന്തിക്കാം.
2 ക്രിസ്തീയ ശുശ്രൂഷകർ എന്ന നിലയിൽ: സഭയിൽ നിയമനങ്ങൾ കൈകാര്യം ചെയ്യുകയും വയൽശുശ്രൂഷയിൽ ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാ അവസരങ്ങളിലും നാം നമ്മുടെ ദൈവത്തിൽ ആശ്രയിക്കണം. യേശുവിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. ദൈവപുത്രൻ ആയിരുന്നിട്ടും സ്വന്തജ്ഞാനത്തിലോ കഴിവിലോ ആശ്രയിക്കാതെ അവൻ പൂർണമായും തന്റെ സ്വർഗീയ പിതാവിൽ ആശ്രയിച്ചു. (യോഹ. 12:49; 14:10) നാം അത് എത്ര അധികമായി ചെയ്യേണ്ടിയിരിക്കുന്നു! (സദൃ. 3:5-7) യഹോവയുടെ അനുഗ്രഹത്താൽ മാത്രമേ, നമ്മുടെ എളിയ ശ്രമങ്ങൾ അവന്റെ മഹത്ത്വത്തിലും മറ്റുള്ളവരുടെ പ്രയോജനത്തിലും കലാശിക്കുകയുള്ളൂ.—സങ്കീ. 127:1, 2.
3 യഹോവയുടെ മാർഗനിർദേശത്തിനും അവന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തിനും വേണ്ടി പ്രാർഥിക്കുമ്പോൾ നാം അവനിലുള്ള ആശ്രയം പ്രകടമാക്കുന്നു. (സങ്കീ. 105:4; ലൂക്കൊ. 11:13) നമ്മുടെ പഠിപ്പിക്കലുകൾ ദൈവത്തിന്റെ വചനമായ ബൈബിളിൽ അടിസ്ഥാനപ്പെടുത്തുകയാണ് അവനിലുള്ള ആശ്രയം പ്രകടമാക്കുന്നതിനുള്ള മറ്റൊരു മാർഗം. അതിന്റെ സന്ദേശത്തിന് ആളുകളുടെ ഹൃദയങ്ങളെ സ്പർശിക്കാനും ജീവിതത്തിനു പരിവർത്തനം വരുത്താനുമുള്ള ശക്തിയുണ്ട്. (എബ്രാ. 4:12) നാം ‘ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണം ശുശ്രൂഷ ചെയ്യുമ്പോൾ’ അത് യഹോവയെ മഹത്ത്വപ്പെടുത്തുന്നു.—1 പത്രൊ. 4:11.
4 പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ: സമ്മർദങ്ങളും പ്രശ്നങ്ങളും നേരിടുമ്പോഴും നാം സഹായത്തിനായി യഹോവയിലേക്കു നോക്കേണ്ടതുണ്ട്. (സങ്കീ. 46:1) ദൃഷ്ടാന്തത്തിന്, സമ്മേളനത്തിനു പോകുന്നതിന് അവധി തരാൻ തൊഴിലുടമ വിസമ്മതിച്ചേക്കാം. അല്ലെങ്കിൽ നാം കുടുംബത്തിൽ വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തെ നേരിട്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ ആത്മാർഥമായി പ്രാർഥിച്ചുകൊണ്ടും തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും അവൻ പ്രദാനം ചെയ്യുന്ന മാർഗനിർദേശങ്ങൾ ബാധകമാക്കിക്കൊണ്ടും നാം യഹോവയിലുള്ള ആശ്രയം പ്രകടമാക്കുന്നു. (സങ്കീ. 62:8; 119:143, 173) അപ്രകാരം ചെയ്യവേ, യഹോവയുടെ സഹായഹസ്തം തങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് അവന്റെ ദാസർക്ക് അനുഭവിച്ചറിയാൻ കഴിയുന്നു.—സങ്കീ. 37:5; 118:13, 16.
5 യഹോവതന്നെ നമുക്ക് ഈ ഉറപ്പു നൽകുന്നു: “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.” (യിരെ. 17:7) നാം ചെയ്യുന്ന എല്ലാറ്റിലും അവനിലുള്ള ആശ്രയം നമുക്കു പ്രകടമാക്കാം!—സങ്കീ. 146:5.