വ്യാപാര പ്രദേശത്ത് പ്രസംഗിക്കേണ്ട വിധം
1 ആളുകൾ പൊതുവേ സന്ദർശകരെ സ്വാഗതം ചെയ്യുന്ന, ആളില്ലാ ഭവനങ്ങൾ തീരെയില്ലാത്ത പ്രദേശത്ത് പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ നിങ്ങൾക്ക് ഇഷ്ടമാണോ? നിങ്ങളുടെ സഭയുടെ പ്രദേശത്തുതന്നെ അപ്രകാരം പ്രവർത്തിക്കാൻ നിങ്ങൾക്കു സാധിച്ചേക്കാം. എങ്ങനെ? അവിടെയുള്ള കടകൾ സന്ദർശിച്ചുകൊണ്ട്. കടകൾതോറും സാക്ഷീകരിക്കുന്ന പ്രസാധകർ മിക്കപ്പോഴും നല്ല ഫലങ്ങൾ ആസ്വദിക്കാറുണ്ട്.
2 ചില സഭകൾക്ക് തങ്ങളുടെ നിയമിത പ്രദേശത്തിന്റെ ഭാഗമായിത്തന്നെ വ്യാപാര പ്രദേശങ്ങളുണ്ട്. പ്രദേശത്തിന്റെ ചുമതല വഹിക്കുന്ന സഹോദരന് കടകൾ തിങ്ങിനിറഞ്ഞ ഈ പ്രദേശങ്ങളുടെ പ്രത്യേക മാപ്പ് കാർഡുകൾ ഉണ്ടാക്കാവുന്നതാണ്. താമസസ്ഥലങ്ങളുടെ മാപ്പ് കാർഡുകളിൽ കടകളുള്ള പ്രദേശം കയറിക്കിടക്കുന്നെങ്കിൽ പ്രദേശത്തിന്റെ ഭാഗമായി കടകളിൽ പ്രവർത്തിക്കരുത് എന്ന് കാർഡിൽ വ്യക്തമായി സൂചിപ്പിച്ചിരിക്കണം. മറ്റു പ്രദേശങ്ങളിൽ, താമസസ്ഥലങ്ങൾക്കൊപ്പം കടകളും പ്രവർത്തിക്കാനാകും. വ്യാപാര പ്രദേശത്ത് നിങ്ങൾ ഒരിക്കലും സാക്ഷീകരിച്ചിട്ടില്ലെങ്കിൽ ചെറിയ ചില കടകൾ സന്ദർശിച്ചുകൊണ്ട് അതിനു തുടക്കമിടുക.
3 ലളിതമായ സമീപനം: കടകൾതോറും സാക്ഷീകരിക്കുമ്പോൾ, രാജ്യഹാളിൽ യോഗത്തിനു പോകുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നതു പ്രധാനമാണ്. കടകളിൽ തിരക്കില്ലാത്ത ഒരു സമയം തിരഞ്ഞെടുക്കുന്നതും ഉചിതമായിരിക്കും. സാധ്യമെങ്കിൽ, സാധനം വാങ്ങാനായി ആരും കടയിലില്ലാത്ത ഒരു സമയത്ത് കയറിച്ചെല്ലുക. മാനേജരോടോ കടക്കാരനോടോ സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറയുക. ഹ്രസ്വമായും കാര്യമാത്ര പ്രസക്തമായും സംസാരിക്കുക. നിങ്ങൾക്ക് എന്തു പറയാനാവും?
4 കടക്കാരനോടോ മാനേജരോടോ സംസാരിക്കുമ്പോൾ, നിങ്ങൾക്കു പിൻവരുന്നതിനു സമാനമായി എന്തെങ്കിലും പറയാവുന്നതാണ്: “ബിസിനസ്സുകാർക്കു വളരെ തിരക്കായതിനാൽ സാധാരണഗതിയിൽ വീടുകളിൽ അവരെ കണ്ടെത്താറില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെവന്നു നിങ്ങളെ കാണുന്നത്. ഞങ്ങളുടെ മാസികകൾ ആനുകാലിക സംഭവങ്ങളുടെ ഒരു ആഗോള വീക്ഷണം നൽകുന്നു.” തുടർന്ന് ഒരു മാസികയിൽനിന്നു ഹ്രസ്വമായ ഒരു ആശയം കാണിക്കുക.
5 അല്ലെങ്കിൽ നിങ്ങൾക്ക് ലളിതമായ ഈ സമീപനം പരീക്ഷിച്ചു നോക്കാവുന്നതാണ്: “ആളുകൾ പലപ്പോഴും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ യാതനകൾ സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങേയറ്റം ദാരിദ്ര്യത്തിലേക്കായിരിക്കാം അവർ പിറന്നുവീഴുന്നത്, ചിലർ വികലാംഗരോ അംഗഹീനരോ ആയി ജനിക്കുന്നു. മുൻജന്മത്തിൽ ചെയ്ത മോശമായ എന്തിന്റെയോ ഫലമായിട്ടാണ് യാതന അനുഭവിക്കേണ്ടിവരുന്നത് എന്ന് അനേകർ ചിന്തിക്കുന്നു. അതു സത്യമായിരിക്കാൻ സാധ്യതയുണ്ടോ? മനുഷ്യർ ഇത്തരത്തിൽ യാതന അനുഭവിക്കാൻ സ്രഷ്ടാവ് ഉദ്ദേശിച്ചോ? ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം കണ്ടെത്താൻ ഈ ലഘുലേഖ നിങ്ങളെ സഹായിക്കും.” എന്നിട്ട് കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ? എന്ന പുതിയ ലഘുലേഖ നൽകുക. വ്യക്തിക്കു ബൈബിളിനോട് അൽപ്പമെങ്കിലും ആദരവുണ്ടെന്നു തോന്നുന്നെങ്കിൽ ലഘുലേഖയുടെ 5-6 പേജുകളിൽ നൽകിയിരിക്കുന്ന ഉചിതമായ തിരുവെഴുത്തുകളിലേക്കു ശ്രദ്ധ ക്ഷണിക്കുക.
6 കടക്കാരൻ തിരക്കിലാണെന്നു കാണുന്നെങ്കിൽ ലഘുലേഖ കൊടുത്തിട്ട് ഇത്രമാത്രം പറയുക: “തിരക്കില്ലാത്ത ഒരു സമയത്ത് ഞാൻ മടങ്ങിവരാം. ഈ ലഘുലേഖയെ കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നുവെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്.”
7 കണ്ടെത്തിയ താത്പര്യം വളർത്തിയെടുക്കുക: വ്യാപാര പ്രദേശത്ത് ഒരു ബൈബിളധ്യയനം നടത്താൻ പോലും നിങ്ങൾക്കു കഴിഞ്ഞേക്കാം. ഒരു പ്രത്യേക പയനിയർ ഒരു ബിസിനസ്സുകാരന് സ്ഥിരമായി മാസികകൾ കൊണ്ടുപോയി കൊടുക്കുമായിരുന്നു. താൻ വായിച്ച കാര്യങ്ങൾ അയാൾ വിലമതിക്കുന്നുവെന്ന് വ്യക്തമായപ്പോൾ, പയനിയർ ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ബൈബിളധ്യയനം നടത്തുന്ന വിധം പ്രകടിപ്പിച്ചു കാണിച്ചു. അങ്ങനെ അയാളുടെ ജോലിസ്ഥലത്തുവെച്ചുതന്നെ ഒരു അധ്യയനം ആരംഭിച്ചു. സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓരോ തവണയും അധ്യയനം 10-ഓ 15-ഓ മിനിട്ടായി പയനിയർ പരിമിതപ്പെടുത്തുമായിരുന്നു. സമാനമായി, വ്യാപാര പ്രദേശത്ത് സാക്ഷീകരിച്ചുകൊണ്ട് അർഹരായവർക്കു വേണ്ടിയുള്ള അന്വേഷണം നമുക്കും തുടരാം.
[അധ്യയന ചോദ്യങ്ങൾ]
1. വ്യാപാര പ്രദേശത്തു സാക്ഷീകരിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഏവ?
2. വ്യാപാര പ്രദേശത്തെ സാക്ഷീകരണം എങ്ങനെ സംഘടിപ്പിക്കാനാകും?
3. കടകൾതോറും സാക്ഷീകരിക്കുമ്പോൾ ഫലപ്രദരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?
4-6. ഒരു കടക്കാരനോടോ മാനേജരോടോ സാക്ഷീകരിക്കുമ്പോൾ നമുക്ക് എന്തു പറയാനാകും?
7. വ്യാപാര പ്രദേശത്തു കണ്ടെത്തിയ താത്പര്യം നമുക്ക് എങ്ങനെ വളർത്തിയെടുക്കാനാകും?