പയനിയർ ആത്മാവ് പ്രകടിപ്പിക്കുവിൻ
1 ഇപ്പോൾ പയനിയർമാരായി പ്രവർത്തിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും എല്ലാ രാജ്യ പ്രസാധകർക്കും പയനിയർ ആത്മാവു പ്രകടിപ്പിക്കാൻ സാധിക്കും. പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള കൽപ്പന അനുസരിക്കാൻ എല്ലാ പ്രസാധകരും അതിയായി ആഗ്രഹിക്കുന്നു. (മത്താ. 28:19, 20; പ്രവൃ. 18:5) അവർക്ക് ആളുകളിൽ യഥാർഥ താത്പര്യമുണ്ട്, ശുശ്രൂഷ നിർവഹിക്കുന്നതിന് അവർ പല ത്യാഗങ്ങളും അനുഷ്ഠിക്കുന്നു. (മത്താ. 9:36; പ്രവൃ. 20:24) സത്യം മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് എന്തു സഹായവും ചെയ്യാൻ യഹോവയുടെ ദാസർ മനസ്സൊരുക്കമുള്ളവരാണ്. (1 കൊരി. 9:19-23) അത്തരം ആത്മാവുണ്ടായിരുന്ന ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ ദൃഷ്ടാന്തം നമുക്കു പരിചിന്തിക്കാം.
2 പ്രസംഗിക്കലും പഠിപ്പിക്കലും: ഫിലിപ്പൊസിന് ഒന്നാം നൂറ്റാണ്ടിലെ സഭയിൽ ഗൗരവമേറിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. (പ്രവൃ. 6:1-6) എങ്കിലും തീക്ഷ്ണതയുള്ള ഒരു സുവിശേഷകൻ എന്ന നിലയിലായിരുന്നു അവൻ പ്രധാനമായും സഭയിൽ സേവിച്ചിരുന്നത്. (പ്രവൃ. 8:40) അതുകൊണ്ട് ഇന്ന്, തങ്ങളുടെ നിയമിത ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനോടൊപ്പം, ശുശ്രൂഷയിൽ ഉത്സാഹപൂർവമായ നേതൃത്വമെടുത്തുകൊണ്ട് മൂപ്പന്മാർക്കും ശുശ്രൂഷാ ദാസന്മാർക്കും പയനിയർ ആത്മാവു പ്രകടിപ്പിക്കാൻ കഴിയും. ഇത് സഭയുടെ ആത്മാവിനെ എത്രയധികം ഉത്തേജിപ്പിക്കുന്നു!—റോമ. 12:11.
3 സ്തെഫാനൊസിന്റെ മരണത്തെ തുടർന്ന് ആഞ്ഞടിച്ച പീഡന തരംഗം ശിഷ്യന്മാരുടെ ജീവനു ഭീഷണി ഉയർത്തി. എന്നിരുന്നാലും ഫിലിപ്പൊസ് പ്രസംഗവേലയിൽനിന്നു പിന്മാറിയില്ല. ശമര്യരുടെയിടയിൽ പ്രസംഗിക്കുന്നതിൽ അവൻ ഒരു പ്രധാന പങ്കുവഹിച്ചു. (പ്രവൃ. 8:1, 4-6, 12, 14-17) പരിശോധനകൾ നേരിടുമ്പോൾ പോലും സുവാർത്ത പ്രസിദ്ധമാക്കിക്കൊണ്ടും കണ്ടുമുട്ടുന്ന ഏവരോടും മുഖപക്ഷമില്ലാതെ പ്രസംഗിച്ചുകൊണ്ടും നമുക്ക് ഫിലിപ്പൊസിന്റെ മാതൃക അനുകരിക്കാൻ കഴിയും.—യോഹ. 4:9.
4 ദൈവവചനം പഠിപ്പിക്കുന്ന ഒരുവൻ എന്ന നിലയിലുള്ള ഫിലിപ്പൊസിന്റെ മികവ് എത്യോപ്യൻ ഷണ്ഡനുമായുള്ള സംഭാഷണത്തെ കുറിച്ചുള്ള വിവരണത്തിൽ കാണാനാകും. (പ്രവൃ. 8:26-38) ബൈബിൾ ഉപയോഗിക്കാനുള്ള കഴിവു വർധിപ്പിക്കുന്നതും ‘തിരുവെഴുത്തുകളെ ആധാരമാക്കി [ന്യായ]വാദം ചെയ്യുന്നതും’ പയനിയർ ആത്മാവു പ്രകടിപ്പിക്കാവുന്ന മറ്റൊരു വിധമാണ്. (പ്രവൃ. 17:2, 3) ഫിലിപ്പൊസിനെപ്പോലെ, അനുയോജ്യമായ ഏത് അവസരത്തിലും ആളുകളെ കണ്ടെത്താൻ കഴിയുന്ന ഏതൊരു സ്ഥലത്തും സുവാർത്ത പങ്കുവെക്കാൻ നാം ശ്രമിക്കുന്നു.
5 കുടുംബവും സഭയും: ഫിലിപ്പൊസിന്റെ മനോഭാവവും മാതൃകയും അവന്റെ മക്കളുടെമേൽ ക്രിയാത്മകമായ പ്രഭാവം ചെലുത്തി എന്നതിനു സംശയമില്ല. (പ്രവൃ. 21:9) സമാനമായി, തങ്ങളുടെ ജീവിതം രാജ്യതാത്പര്യങ്ങളിൽ കേന്ദ്രീകരിക്കുന്ന ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അതുതന്നെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. വാരാന്ത്യത്തിൽ, ക്ഷീണം ഉണ്ടായിരിക്കാമെങ്കിലും അതീവ ഉത്സാഹത്തോടെ പ്രസംഗവേലയിൽ ഏർപ്പെടുന്ന ഒരു പിതാവ് അല്ലെങ്കിൽ മാതാവ് കുട്ടിയുടെ ഹൃദയത്തിൽ നിലനിൽക്കുന്ന മതിപ്പ് ഉളവാക്കുന്നു.—സദൃ. 22:6.
6 യഹോവയുടെ സേവനത്തിൽ തീക്ഷ്ണമായി അധ്വാനിച്ചുകൊണ്ടിരുന്ന പൗലൊസിനും ലൂക്കൊസിനും ഫിലിപ്പൊസ് ആതിഥ്യം നൽകി. (പ്രവൃ. 21:8, 10) ഇന്ന് തീക്ഷ്ണത പ്രകടമാക്കുന്നവരോടു വിലമതിപ്പു കാണിക്കാനും അവരെ പിന്തുണയ്ക്കാനും നമുക്ക് എങ്ങനെയാണു കഴിയുന്നത്? വയലിൽ പ്രവർത്തിക്കാൻ ആളുകൾ കുറവുള്ള ഒരു ദിവസം രാവിലെയോ ഉച്ചകഴിഞ്ഞോ ശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കാൻ നമുക്കു കഴിയും. (ഫിലി. 2:4) കെട്ടുപണി ചെയ്യുന്ന സഹവാസത്തിനായി അവരെ വീട്ടിലേക്കു ക്ഷണിക്കാനാകും. നമ്മുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും നമുക്കെല്ലാവർക്കും പയനിയർ ആത്മാവു പ്രകടിപ്പിക്കാൻ പരിശ്രമിക്കാം.
[അധ്യയന ചോദ്യങ്ങൾ]
1. പയനിയർ ആത്മാവ് എന്താണ്? വിശദീകരിക്കുക.
2. മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും, ഫിലിപ്പൊസിന് ശുശ്രൂഷയിൽ ഉണ്ടായിരുന്ന തീക്ഷ്ണത അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
3. പരിശോധനകൾ നേരിടുമ്പോൾ പോലും നമുക്ക് പയനിയർ ആത്മാവ് പ്രകടിപ്പിക്കാൻ കഴിയുന്നത് എങ്ങനെ?
4. ദൈവവചനം പഠിപ്പിക്കുന്ന ഒരുവൻ എന്ന നിലയിൽ ഫിലിപ്പൊസ് എന്തു ദൃഷ്ടാന്തമാണു വെച്ചത്?
5. കുട്ടികളിൽ പയനിയർ ആത്മാവ് ഉൾനടാൻ ക്രിസ്തീയ മാതാപിതാക്കളെ എന്തു സഹായിക്കും?
6. നമ്മുടെ സഭയിലെ പയനിയർമാരോട് നമുക്കു വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയുന്നതെങ്ങനെ?