ബന്ധുക്കളോട് എങ്ങനെ സാക്ഷീകരിക്കാം?
1 യഹോവയെ ആരാധിക്കുന്നതിൽ നമ്മുടെ പ്രിയപ്പെട്ടവർ നമ്മോടു ചേരുകയും തുടർന്ന് അവരോടൊപ്പം പുതിയ ലോകത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നതിനെക്കാൾ സന്തോഷപ്രദമായി മറ്റെന്താണുള്ളത്! ബന്ധുക്കളോടു സാക്ഷീകരിക്കുന്നതിലൂടെ സന്തോഷകരമായ ഈ പ്രത്യാശ സാക്ഷാത്കരിക്കപ്പെട്ടേക്കാം. എന്നാൽ, നവോന്മേഷപ്രദമായ ഒരു വിധത്തിൽ അപ്രകാരം ചെയ്യാൻ വിവേചന ആവശ്യമാണ്. ഒരു സർക്കിട്ട് മേൽവിചാരകൻ പറയുന്നു: “ആകാംക്ഷ ജനിപ്പിക്കുന്ന ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് ഉചിതമായ സന്ദർഭങ്ങളിൽ ബന്ധുക്കളോടു സംസാരിക്കുന്നവർക്കു നല്ല ഫലം ലഭിക്കുന്നു.” ഇത് എങ്ങനെ ചെയ്യാൻ കഴിയും?
2 ജിജ്ഞാസ ജനിപ്പിക്കുക: എപ്രകാരം ബന്ധുക്കളുടെ താത്പര്യം ഉണർത്താൻ കഴിയും എന്നതിനെക്കുറിച്ചു കാലേകൂട്ടി ശ്രദ്ധാപൂർവം ചിന്തിക്കുക. (സദൃ. 15:28) അവരെ ഉത്കണ്ഠപ്പെടുത്തുന്ന സംഗതികൾ ഏതെല്ലാമാണ്? എന്തൊക്കെ വെല്ലുവിളികളാണ് അവർ അഭിമുഖീകരിക്കുന്നത്? വിശേഷാൽ താത്പര്യജനകമായ ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള ഒരു ലേഖനം അവരെ കാണിക്കാനോ അല്ലെങ്കിൽ അതു സംബന്ധിച്ചുള്ള ആകർഷകമായ ഒരു തിരുവെഴുത്ത് അവരുടെ ശ്രദ്ധയിൽപ്പെടുത്താനോ നിങ്ങൾക്കു കഴിഞ്ഞേക്കും. ബന്ധുക്കൾ താമസിക്കുന്നത് ദൂരെയാണെങ്കിൽ ഒരു കത്തിലൂടെയോ ഫോണിലൂടെയോ നിങ്ങൾക്ക് ഇപ്രകാരം ചെയ്യാൻ കഴിഞ്ഞേക്കും. അവരെ മടുപ്പിക്കാതെ സത്യത്തിന്റെ വിത്ത് വിതയ്ക്കുക, എന്നിട്ട് അതിന്റെ വളർച്ചയ്ക്കായി യഹോവയിലേക്കു നോക്കുക.—1 കൊരി. 3:6.
3 ഒരിക്കൽ ഒരു മനുഷ്യനിൽനിന്ന് അനേകം ഭൂതങ്ങളെ പുറത്താക്കിയശേഷം യേശു അയാളോട് ഇങ്ങനെ പറഞ്ഞു: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക.” (മർക്കൊ. 5:19) ഈ സംഭവം അദ്ദേഹത്തിന്റെ ബന്ധുക്കളെ എപ്രകാരം സ്വാധീനിച്ചിരിക്കാമെന്നു ചിന്തിക്കുക! ഇത്രയ്ക്കു വിസ്മയാവഹമായ അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കുകയില്ലെങ്കിലും, നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ മക്കൾ ചെയ്യുന്ന കാര്യങ്ങളിൽ ബന്ധുക്കൾ തത്പരർ ആയിരുന്നേക്കാം. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നടത്തിയ ഒരു പ്രസംഗം, നിങ്ങൾ സംബന്ധിച്ച ഒരു കൺവെൻഷൻ, നിങ്ങളുടെ ബെഥേൽ സന്ദർശനം, ജീവിതത്തിലെ സുപ്രധാനമായ ഏതെങ്കിലും ഒരു സംഭവം എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്നത്, യഹോവയെയും അവന്റെ സംഘടനയെയും കുറിച്ചു കൂടുതലായ ചില കാര്യങ്ങൾ ബന്ധുക്കളുമായി പങ്കുവെക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
4 വിവേചന പ്രകടിപ്പിക്കുക: ബന്ധുക്കളോടു സാക്ഷീകരിക്കുമ്പോൾ ഒരു സമയത്ത് ഒരുപാടു കാര്യങ്ങൾ അവതരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബൈബിൾപഠനം ആരംഭിച്ച നാളുകൾ അനുസ്മരിച്ചുകൊണ്ട് ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “ബൈബിളിൽനിന്നു ഞാൻ പഠിച്ച മിക്കവാറും എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് മണിക്കൂറുകളോളം ഞാൻ അമ്മയെ വീർപ്പുമുട്ടിക്കുമായിരുന്നു. ഇതു മിക്കപ്പോഴും തർക്കങ്ങൾക്കു കാരണമായി, പ്രത്യേകിച്ചും ഡാഡിയുമായി.” ബന്ധുക്കളിൽ ഒരാൾ ബൈബിൾസന്ദേശത്തിൽ താത്പര്യം പ്രകടിപ്പിക്കുമ്പോൾപ്പോലും കൂടുതൽ അറിയാനുള്ള ആഗ്രഹം അദ്ദേഹത്തിൽ അവശേഷിപ്പിക്കുന്ന ഒരു വിധത്തിൽ പ്രതികരിക്കുക. (സദൃ. 25:7, NW) ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന അപരിചിതരുടെ കാര്യത്തിലെന്നപോലെ ബന്ധുക്കളോടും ആദരവും ദയയും ക്ഷമയും പ്രകടിപ്പിക്കുക.—കൊലൊ. 4:6.
5 യേശുവിന് ബുദ്ധിഭ്രമം സംഭവിച്ചെന്ന് ഒരിക്കൽ അവന്റെ ബന്ധുക്കൾ വിചാരിച്ചു. (മർക്കൊ. 3:21) എന്നിരുന്നാലും, അവരിൽ ചിലർ പിന്നീട് വിശ്വാസികൾ ആയിത്തീർന്നു. (പ്രവൃ. 1:14) ബന്ധുക്കളുമായി സത്യം പങ്കുവെക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾ വിഫലമാകുന്നെങ്കിൽ നിരാശപ്പെടരുത്. അവരുടെ സാഹചര്യങ്ങൾക്കും മനോഭാവത്തിനും മാറ്റം സംഭവിച്ചേക്കാം. ജിജ്ഞാസ ഉണർത്താൻ സാധ്യതയുള്ള ഒരു ആശയം അവരുമായി പങ്കുവെക്കാൻ കഴിയുന്ന മറ്റൊരു സന്ദർഭത്തിനായി കാത്തിരിക്കുക. നിത്യജീവനിലേക്കു നയിക്കുന്ന പാതയിൽ സഞ്ചരിച്ചു തുടങ്ങാൻ അവരെ സഹായിക്കാൻ കഴിയുന്നതിന്റെ സന്തോഷം നിങ്ങൾക്ക് അനുഭവിക്കാൻ സാധിച്ചേക്കും.—മത്താ. 7:13, 14.
[അധ്യയന ചോദ്യങ്ങൾ]
1. ബന്ധുക്കളോടു സാക്ഷീകരിക്കുന്നതിൽ വിവേചന ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
2. ബന്ധുക്കളിൽ ആത്മാർഥ താത്പര്യം ഉണ്ടായിരിക്കുന്നത് അവരുടെ ആകാംക്ഷ ഉണർത്താൻ നമ്മെ എങ്ങനെ സഹായിക്കും?
3. ബന്ധുക്കൾക്കു നമ്മിലുള്ള താത്പര്യം സാക്ഷീകരണത്തിനു വഴിതുറന്നേക്കാവുന്നത് എങ്ങനെ?
4. ബന്ധുക്കളോടു സാക്ഷീകരിക്കുമ്പോൾ ഏതു പിശകുകൾ നാം ഒഴിവാക്കണം?
5. ബന്ധുക്കളോടു സാക്ഷീകരിക്കുമ്പോൾ അവർ അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിൽ നാം എന്തു ചെയ്യണം?