വാക്കുകൾ കൂടാതെയുള്ള സാക്ഷ്യം
1 ഒരു വാക്കുപോലും ഉച്ചരിക്കാതെ നമുക്കു ചുറ്റുമുള്ള, യഹോവയുടെ സൃഷ്ടികൾ അവന്റെ അദൃശ്യ ഗുണങ്ങൾക്കു വാചാലമായ സാക്ഷ്യം നൽകുന്നു. (സങ്കീ. 19:1-3; റോമ. 1:20) സമാനമായി, നമ്മുടെ നല്ല നടത്തയും ക്രിസ്തീയ ഗുണങ്ങളും വിനയമുള്ള ചമയവും വാക്കുകൾ കൂടാതെതന്നെ സാക്ഷ്യം പ്രദാനം ചെയ്യുന്നു. (1 പത്രൊ. 2:12; 3:1-4) നാം പെരുമാറുന്ന വിധത്താൽ “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരി”ക്കുക എന്നതായിരിക്കണം നാം ഓരോരുത്തരുടെയും ആഗ്രഹം.—തീത്തൊ. 2:9.
2 അപൂർണരായ മനുഷ്യർക്ക് ബൈബിൾ പഠിപ്പിക്കലുകളെ എങ്ങനെ കൂടുതൽ ആകർഷകമാക്കിത്തീർക്കാൻ കഴിയും? ദൈവവചനത്തിന്റെ മാർഗനിർദേശത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും മാത്രമേ അതിനു കഴിയൂ. (സങ്കീ. 119:105; 143:10) ദൈവവചനം “ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയ”താണ്. (എബ്രാ. 4:12) അതു നമ്മുടെ ഉള്ളിന്റെ ഉള്ളിലേക്കു തുളച്ചുകയറുകയും പുതിയ വ്യക്തിത്വം ധരിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. (കൊലൊ. 3:9, 10) ദയ, നന്മ, സൗമ്യത, ആത്മനിയന്ത്രണം എന്നിവപോലുള്ള അഭികാമ്യ ഗുണങ്ങൾ പരിശുദ്ധാത്മാവ് നമ്മിൽ ഉളവാക്കുന്നു. (ഗലാ. 5:22, 23) ദൈവത്തിന്റെ വചനവും അവന്റെ ആത്മാവും നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ വ്യക്തികളെന്ന നിലയിൽ നാം അനുവദിക്കുന്നുണ്ടോ?—എഫെ. 4:30; 1 തെസ്സ. 2:13.
3 മറ്റുള്ളവർ ശ്രദ്ധിക്കുന്നു: നാം യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും അവന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ പ്രയത്നിക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവർ അതു ശ്രദ്ധിക്കും. ഉദാഹരണത്തിന്, പൊക്കം കുറവാണെന്ന കാരണത്താൽ ഒരു മനുഷ്യൻ സഹപ്രവർത്തകരുടെ പരിഹാസത്തിനു പാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഓഫീസിൽത്തന്നെ ജോലി ചെയ്തിരുന്ന ഒരു സഹോദരി എല്ലായ്പോഴും മാന്യതയോടും ആദരവോടും കൂടിയാണ് ഇടപെട്ടിരുന്നത്. സഹോദരി തികച്ചും വ്യത്യസ്തയായിരിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിക്കാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ആദരവോടെയുള്ള തന്റെ പെരുമാറ്റം, ബൈബിൾതത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നതിന്റെ ഫലമാണെന്ന് അവർ വിശദീകരിച്ചു. അത്ഭുതകരമായ രാജ്യപ്രത്യാശയെക്കുറിച്ചും സഹോദരി അദ്ദേഹത്തോടു സംസാരിച്ചു. ആ വ്യക്തി ബൈബിൾ പഠിക്കാൻ തുടങ്ങുകയും പിന്നീടു സ്നാപനമേൽക്കുകയും ചെയ്തു. സ്വദേശത്തു മടങ്ങിച്ചെന്ന അദ്ദേഹത്തിന്റെ നല്ല നടത്ത ബന്ധുക്കളിൽ മതിപ്പുളവാക്കി, അവരിൽ പലരും സത്യം സ്വീകരിച്ചു.
4 നമ്മുടെ സാക്ഷീകരണത്തോടൊപ്പം, ജോലിസ്ഥലത്തോ സ്കൂളിലോ ആയിരിക്കുമ്പോഴും ബന്ധുക്കളോടും അയൽക്കാരോടും ഇടപഴകുമ്പോഴും ഉള്ള നമ്മുടെ നല്ല നടത്തയാലും ദൈവത്തിനു മഹത്ത്വം കരേറ്റാൻ നമുക്കു മറ്റുള്ളവരെ പ്രേരിപ്പിക്കാനാകും.—മത്താ. 5:16.