മറ്റുള്ളവരുമായി ന്യായവാദം ചെയ്യാനുള്ള പ്രാപ്തി വികസിപ്പിച്ചെടുക്കുക
1 പ്രവൃത്തികൾ 13:16-41-ൽ രേഖപ്പെടുത്തിയിരിക്കുന്ന, പിസിദ്യയിലെ അന്ത്യൊക്ക്യയിലുള്ള സിനഗോഗിൽവെച്ച് അപ്പൊസ്തലനായ പൗലൊസ് നടത്തിയ പ്രസംഗം മറ്റുള്ളവരുമായി എങ്ങനെ ന്യായവാദം ചെയ്യാമെന്നതിന്റെ ഒരു നല്ല ഉദാഹരണമാണ്. പൗലൊസ് തന്റെ ശ്രോതാക്കളുടെ പശ്ചാത്തലവും ചിന്താഗതിയും കണക്കിലെടുക്കുകയും അതിനു ചേർച്ചയിൽ സുവാർത്തയുടെ അവതരണം പൊരുത്തപ്പെടുത്തുകയും ചെയ്തു. ഈ വിവരണം പരിശോധിക്കവേ, നമ്മുടെ ശുശ്രൂഷയിൽ അപ്രകാരം ചെയ്യാവുന്ന വിധം നമുക്കു പരിചിന്തിക്കാം.
2 പൊതുവായ അടിസ്ഥാനം തേടുക: ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ യേശു വഹിക്കുന്ന മുഖ്യ പങ്കിലായിരുന്നു പൗലൊസിന്റെ സന്ദേശം കേന്ദ്രീകരിച്ചിരുന്നതെങ്കിലും അവൻ പ്രസംഗം തുടങ്ങിയത് ആ ആശയം പ്രസ്താവിച്ചുകൊണ്ടായിരുന്നില്ല. പകരം തനിക്കും ഭൂരിപക്ഷം യഹൂദന്മാരുള്ള സദസ്സിനും ഒരുപോലെ യോജിപ്പുള്ള ഒരു കാര്യത്തെക്കുറിച്ച് അതായത് യഹൂദജനതയുടെ ചരിത്രത്തെക്കുറിച്ച് ആണ് അവൻ സംസാരിച്ചത്. (പ്രവൃ. 13:16-22) സമാനമായി, നാം ആളുകളോടു സംസാരിക്കുമ്പോൾ പൊതുവായ ഒരു അടിസ്ഥാനമിടുന്നതിനായി നോക്കുന്നെങ്കിൽ, അവരുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിൽ നാം കൂടുതൽ ഫലപ്രദരായിരിക്കും. അതിന് നയപരമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും അവർക്ക് യഥാർഥത്തിൽ പ്രാധാന്യമുള്ളത് എന്താണെന്നു വിവേചിച്ചറിയാൻ അവരെ നന്നായി ശ്രദ്ധിക്കേണ്ടതും ആവശ്യമായിരിക്കാം.
3 യഹൂദന്മാരുടെ ചരിത്രം ചർച്ചചെയ്യവേ, ദാവീദിന്റെ വംശാവലിയിൽനിന്ന് ഒരു രക്ഷകനെ എഴുന്നേൽപ്പിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് പൗലൊസ് തന്റെ ശ്രോതാക്കളെ ഓർമിപ്പിച്ചു. എന്നിരുന്നാലും അനേകം യഹൂദന്മാരും കാത്തിരുന്നത് തങ്ങളെ റോമൻ ആധിപത്യത്തിൽനിന്നു വിടുവിക്കുകയും യഹൂദജനതയെ മറ്റെല്ലാ ജനതകൾക്കും മീതെ ഉയർത്തുകയും ചെയ്യുന്ന ഒരു സൈനികവീരനെയായിരുന്നു. യെരൂശലേമിലെ യഹൂദ മതനേതാക്കന്മാർ യേശുവിനെ തള്ളിക്കളഞ്ഞെന്നും റോമൻ അധികാരികൾക്കു കൈമാറിയെന്നും വധിച്ചെന്നും അവർക്കു തീർച്ചയായും അറിയാമായിരുന്നു. അവൻ വാഗ്ദത്ത മിശിഹാ ആയിരുന്നെന്ന് പൗലൊസിന് അവരെ എങ്ങനെ ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു?
4 നിങ്ങളുടെ സമീപനം പൊരുത്തപ്പെടുത്തുക: തന്റെ ശ്രോതാക്കളുടെ ചിന്താഗതി മനസ്സിലാക്കിക്കൊണ്ട് പൗലൊസ്, അവർ അതിനോടകം അംഗീകരിച്ചിരുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അവരോടു തിരുവെഴുത്തുകൾ ഉപയോഗിച്ചു ന്യായവാദം ചെയ്തു. ഉദാഹരണത്തിന്, അവൻ യേശുവിനെ ദാവീദിന്റെ സന്തതിയായും ദൈവത്തിന്റെ പ്രവാചകനെന്നു പരക്കെ വീക്ഷിക്കപ്പെട്ടിരുന്ന യോഹന്നാൻ സ്നാപകനാൽ തിരിച്ചറിയിക്കപ്പെട്ടവനായും പരിചയപ്പെടുത്തി. (പ്രവൃ. 13:23-25) യേശുവിനെ തള്ളിക്കളയുകയും മരണത്തിനു വിധിക്കുകയും ചെയ്യുകവഴി മതനേതാക്കന്മാർ ‘പ്രവാചകന്മാരുടെ വചനങ്ങൾക്കു നിവൃത്തിവരുത്തി’യെന്ന് പൗലൊസ് ചൂണ്ടിക്കാണിച്ചു. (പ്രവൃ. 13:26-28) കൂടാതെ, യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നെന്ന് അവൻ വിശദീകരിക്കുകയും യേശുവിന്റെ പുനരുത്ഥാനത്തിൽ നിവൃത്തിയേറിയ പരിചിതമായ തിരുവെഴുത്തു ഭാഗങ്ങളിലേക്ക് അവരുടെ ശ്രദ്ധക്ഷണിക്കുകയും ചെയ്തു.—പ്രവൃ. 13:29-37.
5 നേരെ മറിച്ച്, അഥേനയിലെ അരയോപഗയിൽവെച്ച് ഒരു ഗ്രീക്ക് സദസ്സിനെ അഭിസംബോധന ചെയ്യവേ പൗലൊസ് മറ്റൊരു സമീപനമാണ് ഉപയോഗിച്ചത്. (പ്രവൃ. 17:22-31) എന്നിരുന്നാലും, അവൻ ഒരേ അടിസ്ഥാന സന്ദേശമാണ് അവതരിപ്പിച്ചത്. രണ്ടു സന്ദർഭങ്ങളിലും അവന്റെ ശ്രമങ്ങൾ നല്ല ഫലം ഉളവാക്കി. (പ്രവൃ. 13:42, 43; 17:34) അതുപോലെതന്നെ ഇന്നും നാം ശ്രോതാക്കളോടു സംസാരിക്കാൻ ഒരു പൊതുവായ അടിസ്ഥാനത്തിനായി നോക്കുകയും നമ്മുടെ സമീപനം അവരുടെ പശ്ചാത്തലത്തിനും ചിന്താഗതിക്കും ചേർച്ചയിൽ പൊരുത്തപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ ശുശ്രൂഷയിൽ നാം കൂടുതൽ ഫലപ്രദരായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]
1. നാം ഏതു ബൈബിൾ വിവരണം പരിശോധിക്കും, എന്തുകൊണ്ട്?
2. പൗലൊസ് തന്റെ പ്രസംഗം തുടങ്ങിയ വിധത്തിൽനിന്ന് നാം എന്തു പഠിക്കുന്നു?
3. യേശുവാണ് വാഗ്ദത്ത മിശിഹായെന്ന് അംഗീകരിക്കാൻ പൗലൊസിന്റെ ശ്രോതാക്കൾക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്തുകൊണ്ട്?
4. തന്റെ യഹൂദ സദസ്സിനോട് പൗലൊസ് വിദഗ്ധമായി ന്യായവാദം ചെയ്തത് എങ്ങനെ?
5. (എ) ഗ്രീക്ക് സദസ്സിനോടു സംസാരിച്ചപ്പോൾ പൗലൊസ് തന്റെ സമീപനം പൊരുത്തപ്പെടുത്തിയത് എങ്ങനെ? (ബി) നമ്മുടെ പ്രദേശത്തു സാക്ഷീകരിക്കുമ്പോൾ നമുക്ക് പൗലൊസിന്റെ ദൃഷ്ടാന്തം അനുകരിക്കാവുന്നത് എങ്ങനെ?