നമ്മുടെ ശുശ്രൂഷ നിവർത്തിക്കുന്ന കാര്യങ്ങൾ
1 ഒരു വിജയഘോഷയാത്രയിലെന്നപോലെ ക്രിസ്ത്യാനികൾ യഹോവയുടെ സേവനത്തിൽ ജയശാലികളായി മുന്നേറുന്നതായി ദൈവവചനം വർണിക്കുന്നു. (2 കൊരി. 2:14-16) ദൈവപരിജ്ഞാനം പ്രസിദ്ധമാക്കവേ നാം അർപ്പിക്കുന്ന അധരഫലം യഹോവയ്ക്ക് പ്രസാദകരമായ ധൂപവർഗംപോലെയാണ്. സുവാർത്തയുടെ സൗരഭ്യം ചിലരെ ആകർഷിക്കുന്നു; മറ്റു ചിലർ അതിനെ അവഗണിക്കുന്നു. എന്നാൽ ഭൂരിഭാഗത്തിന്റെയും നിഷേധാത്മക പ്രതികരണം നമ്മുടെ വേല പരാജയമാണെന്ന് അർഥമാക്കുന്നില്ല. നമ്മുടെ ശുശ്രൂഷ നിവർത്തിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു പരിചിന്തിക്കുക.
2 യഹോവയെ മഹത്ത്വപ്പെടുത്തുന്നു: സ്വാർഥതാത്പര്യങ്ങളെപ്രതിയാണ് മനുഷ്യർ യഹോവയെ സേവിക്കുന്നതെന്ന് സാത്താൻ അവകാശപ്പെടുന്നു. (ഇയ്യോ. 1:9-11) ദൈവത്തോടുള്ള നമ്മുടെ ഭക്തി കാപട്യമില്ലാത്തത് ആണെന്നു തെളിയിക്കാൻ ക്രിസ്തീയ ശുശ്രൂഷ നമുക്ക് അവസരം പ്രദാനം ചെയ്യുന്നു. ജീവിതത്തിലെ ദുഷ്കരമായ സാഹചര്യങ്ങളോ ആളുകൾക്കു പൊതുവെയുള്ള നിസ്സംഗതയോ ഗണ്യമാക്കാതെ അനേകം പ്രസാധകരും സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഉള്ള കൽപ്പന അനുസരിക്കുന്നതിൽ തുടരുന്നു. വിശ്വസ്തതയോടുകൂടിയ അത്തരം സഹിഷ്ണുത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു!—സദൃ. 27:11.
3 കൂടാതെ, ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിലും നമ്മുടെ ശുശ്രൂഷ ഒരു പങ്കുവഹിക്കുന്നു. സാത്താന്യ ലോകത്തിന്റെ വരാനിരിക്കുന്ന നാശത്തോടുള്ള ബന്ധത്തിൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ . . . യഹോവയാകുന്നു എന്നു ജാതികൾ അറിയും.” (യെഹെ. 39:7) ജാതികൾ അഥവാ ജനതകൾ യഹോവയെ അറിയണമെങ്കിൽ ‘സകലജാതിയിലും ഗോത്രത്തിലും ഭാഷയിലും വംശത്തിലും’പെട്ട ആളുകളോട് ദൈവദാസർ അവന്റെ നാമവും ഉദ്ദേശ്യവും ഘോഷിക്കുന്നതിൽ തുടരേണ്ടത് അനിവാര്യമാണ്.—വെളി. 14:6, 7.
4 ന്യായവിധിക്കുള്ള അടിസ്ഥാനം: സുവാർത്താ പ്രസംഗം ന്യായവിധിക്കുള്ള അടിസ്ഥാനമായും ഉതകുന്നു. “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും” എതിരെ ക്രിസ്തുയേശു പ്രതികൂല ന്യായവിധി നടപ്പാക്കുമെന്ന് പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു. (2 തെസ്സ. 1:7-10) സുവാർത്തയോടുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആളുകൾ ന്യായംവിധിക്കപ്പെടുക. ഇത് ദൈവദാസർക്ക് എത്ര ഗൗരവാവഹമായ ഉത്തരവാദിത്വമാണു കൈവരുത്തുന്നത്! രക്തപാതകം ഒഴിവാക്കണമെങ്കിൽ ജീവരക്ഷാകരമായ രാജ്യസന്ദേശം ഘോഷിക്കുന്നതിൽനിന്നു നാം പിന്മാറിനിൽക്കരുത്.—പ്രവൃ. 20:26, 27.
5 ദൈവത്തിന്റെ പ്രീതി സമ്പാദിക്കാൻ അയൽക്കാരെ സഹായിക്കുന്നതിനായി നാം നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ യഹോവയുടെ കരുണയുടെ ഒരു പ്രകടനമാണ്. (1 തിമൊ. 2:3, 4) ആളുകളുടെ ജീവിതത്തിനു നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാവുന്നതിനാൽ നാം വീണ്ടും വീണ്ടും അവരെ സന്ദർശിക്കുകയും സമയം തീരുന്നതിനു മുമ്പ് യഹോവയെ അന്വേഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുവഴി, നാം “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ . . . ഇച്ഛി”ക്കുന്നവനായ “ദൈവത്തിന്റെ ആർദ്രകരുണ”യെ പ്രതിഫലിപ്പിക്കുന്നു.—ലൂക്കൊ. 1:77; 2 പത്രൊ. 3:9.
6 നമുക്കുതന്നെ പ്രയോജനം കൈവരുത്തുന്നു: യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരിക്കുന്നത് നമുക്ക് ഒരു സംരക്ഷണമാണ്. “ദൈവദിവസത്തിന്റെ വരവു കാത്തി”രിക്കാനും ഈ ദുഷ്ടവ്യവസ്ഥിതിയാൽ ദുഷിപ്പിക്കപ്പെടാതിരിക്കാനും അത് നമ്മെ സഹായിക്കുന്നു. (2 പത്രൊ. 3:11-14; തീത്തൊ. 2:11, 12) അതുകൊണ്ട് ക്രിസ്തീയ ശുശ്രൂഷയിലെ നമ്മുടെ ശ്രമങ്ങൾ വൃഥാവിലല്ലെന്ന ഉറപ്പോടെ, നമുക്ക് “ഉറപ്പുളളവരും കുലുങ്ങാത്തവരും . . . കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും” ആയിരിക്കാം.—1 കൊരി. 15:58.
[അധ്യയന ചോദ്യങ്ങൾ]
1. യഹോവ നമ്മുടെ ശുശ്രൂഷയെ വീക്ഷിക്കുന്നത് എങ്ങനെ, മനുഷ്യരുടെ പ്രതികരണം എന്താണ്?
2. നമ്മുടെ ശുശ്രൂഷ എന്തു പ്രകടമാക്കാൻ അവസരം നൽകുന്നു?
3. ദൈവത്തിന്റെ നാമവും ഉദ്ദേശ്യവും ഘോഷിക്കുന്നതിൽ നാം തുടരേണ്ടത് അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
4. പ്രസംഗവേല ന്യായവിധിയുടെ അടിസ്ഥാനമായി ഉതകുന്നത് എങ്ങനെ?
5. നമ്മുടെ ശുശ്രൂഷ ദൈവത്തിന്റെ കരുണയെ പ്രതിഫലിപ്പിക്കുന്നത് എങ്ങനെ?
6. യഹോവയുടെ സേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നത് നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?