വ്യക്തിഗത താത്പര്യം കാണിക്കുക—ചോദ്യം ചോദിച്ചുകൊണ്ടും ശ്രദ്ധിച്ചുകൊണ്ടും
1 സ്വന്തം അഭിപ്രായങ്ങൾ പറയാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ തങ്ങൾക്കു പറയാൻ അവസരം തരാതെ മറ്റൊരാൾ വാതോരാതെ സംസാരിക്കുന്നതോ ചോദ്യശരങ്ങളാൽ വീർപ്പുമുട്ടിക്കുന്നതോ അവർക്ക് ഇഷ്ടമുള്ള കാര്യമല്ല. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് ക്രിസ്തീയ ശുശ്രൂഷകരെന്നനിലയിൽ നാം ചോദ്യങ്ങൾ ചോദിച്ച് ആളുകളുടെ വീക്ഷണം മനസ്സിലാക്കിയെടുക്കുന്നതിൽ വൈദഗ്ധ്യം നേടേണ്ടതുണ്ട്.—സദൃ. 20:5.
2 നമ്മുടെ ചോദ്യങ്ങൾ അവരെ ചിന്തിപ്പിക്കുന്ന തരത്തിലുള്ളത് ആയിരിക്കണം, അല്ലാതെ അവരെ ഭ്രമിപ്പിക്കുന്നവ ആയിരിക്കരുത്. വീടുതോറും പ്രസംഗിക്കുമ്പോൾ ഒരു സഹോദരൻ ചോദിക്കുന്നു, “ആളുകൾ പരസ്പരം ആദരവോടും ബഹുമാനത്തോടുംകൂടെ ഇടപെടുന്ന ഒരു കാലം വരുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” പ്രതികരണത്തെ ആശ്രയിച്ച് അദ്ദേഹം തുടരും, “അതിന് എന്ത് ആവശ്യമാണെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” അല്ലെങ്കിൽ “എന്തുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത്?” മറ്റൊരു സഹോദരൻ അനൗപചാരികമായും പൊതുസ്ഥലങ്ങളിലും സാക്ഷീകരിക്കുമ്പോൾ, കുട്ടികളുള്ളവരോട് ചോദിക്കുന്നു, “ഒരു പിതാവ്/മാതാവ് എന്ന നിലയിൽ നിങ്ങൾ ഏറ്റവുമധികം ആസ്വദിക്കുന്നത് എന്താണ്?” എന്നിട്ട് അദ്ദേഹം ചോദിക്കുന്നു, “നിങ്ങൾക്ക് ഏറ്റവും ഉത്കണ്ഠയ്ക്ക് ഇടയാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?” ഇത്തരം ചോദ്യങ്ങൾ, മടികൂടാതെ തങ്ങളുടെ വീക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആളുകളെ സഹായിക്കുന്നു എന്നതു ശ്രദ്ധിക്കുക. സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ നമ്മുടെ പ്രദേശത്തെ ആളുകൾക്കിണങ്ങുംവിധം, നാം എന്ത് ചോദിക്കുന്നു, എങ്ങനെ ചോദിക്കുന്നു എന്നിവയിൽ പൊരുത്തപ്പെടുത്തൽ വരുത്തേണ്ടതുണ്ടായിരിക്കാം.
3 ആളുകളുടെ മനസ്സിലുള്ളതു പുറത്തുകൊണ്ടുവരുക: ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ മനസ്സൊരുക്കമുള്ളവരാണെങ്കിൽ അനാവശ്യമായി ഇടയ്ക്കുകയറി സംസാരിക്കാതെ അവർ പറയുന്നതു ക്ഷമാപൂർവം കേൾക്കുക. (യാക്കോ. 1:19) ദയാപൂർവം അവരുടെ അഭിപ്രായം അംഗീകരിക്കുക. (കൊലൊ. 4:6) നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “അത് രസകരമായിരിക്കുന്നല്ലോ. നിങ്ങൾ അതു പറഞ്ഞതിനു വളരെ നന്ദി.” ആത്മാർഥമായി അവരെ അഭിനന്ദിക്കാനാകുമെങ്കിൽ അങ്ങനെ ചെയ്യുക. അവർക്ക് എന്തു തോന്നുന്നുവെന്നും എന്തുകൊണ്ട് അങ്ങനെ തോന്നുന്നുവെന്നും മനസ്സിലാക്കാൻ ദയാപൂർവം കൂടുതലായ ചോദ്യങ്ങൾ ചോദിക്കുക. ഇരുകൂട്ടർക്കും യോജിക്കാൻ കഴിയുന്ന ഒരു സംഗതി കണ്ടെത്തുക. അവരുടെ ശ്രദ്ധ ഒരു വാക്യത്തിലേക്കു തിരിച്ചുവിടാൻ ആഗ്രഹിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” കടുംപിടുത്തം കാണിക്കുകയോ വാഗ്വാദങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്.—2 തിമൊ. 2:24, 25.
4 നമ്മുടെ ചോദ്യങ്ങളോട് ആളുകൾ പ്രതികരിക്കുന്ന വിധം ഏറെയും നാം എങ്ങനെ ശ്രദ്ധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നാം ആത്മാർഥമായിട്ടാണോ ശ്രദ്ധിക്കുന്നതെന്ന് ആളുകൾക്കു മനസ്സിലാക്കാനാകും. ഒരു സഞ്ചാരമേൽവിചാരകൻ ഇപ്രകാരം പറയുകയുണ്ടായി: “ആളുകൾ പറയുന്നതു ശ്രദ്ധിക്കാൻ നിങ്ങൾ ക്ഷമാപൂർവം മനസ്സൊരുക്കം കാണിക്കുന്നത് അവരെ അളവറ്റു സ്വാധീനിക്കുന്നു. അങ്ങനെ ചെയ്യുന്നത് ഊഷ്മളമായ വ്യക്തിഗത താത്പര്യത്തിന്റെ മഹത്തായ പ്രകടനവുമാണ്.” മറ്റുള്ളവരെ ശ്രദ്ധിക്കുന്നത് അവരോടുള്ള ആദരവിന്റെ പ്രകടനമാണ്, അത് നാം പങ്കുവെക്കാൻ ആഗ്രഹിക്കുന്ന സുവാർത്ത ശ്രദ്ധിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം.—റോമ. 12:10.