മറുവിലയിൽനിന്നു പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുക
ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണം ഏപ്രിൽ 12-ന്
1. ദൈവജനം മറുവിലയോടുള്ള തങ്ങളുടെ വിലമതിപ്പു പ്രകടമാക്കുന്ന ഒരു വിധം ഏത്?
1 “പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.” (2 കൊരി. 9:15) സ്വന്തം പുത്രനായ യേശുക്രിസ്തു മുഖാന്തരം ദൈവം തന്റെ ജനത്തോടു പ്രകടമാക്കുന്ന നന്മയും സ്നേഹദയയും സംബന്ധിച്ച നമ്മുടെ വികാരത്തെ ആ വാക്കുകൾ നന്നായി പ്രതിഫലിപ്പിക്കുന്നു. ആ വിലമതിപ്പ് ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കാൻ ഏപ്രിൽ 12-നു നാം കൂടിവരുമ്പോൾ വിശേഷാൽ പ്രകടമായിരിക്കും.
2. യഹോവയുടെ ദാസന്മാരോടൊപ്പം സ്മാരകാചരണത്തിന് മറ്റാരുംകൂടെ ഹാജരാകും, മറുവിലയിൽനിന്നു പ്രയോജനം നേടുന്നതിന് അവർ എന്തു ചെയ്യേണ്ടതുണ്ട്?
2 യഹോവയുടെ ദാസന്മാരോടൊപ്പം ഏകദേശം ഒരു കോടി ആളുകൾ വർഷംതോറും സ്മാരകാചരണത്തിനു ഹാജരാകാറുണ്ട്. അതുവഴി ക്രിസ്തുവിന്റെ യാഗത്തോട് അവർ ഒരളവുവരെ വിലമതിപ്പു പ്രകടമാക്കുന്നു. എന്നിരുന്നാലും മറുവിലയിൽനിന്നു പ്രയോജനം നേടണമെങ്കിൽ അവർ അതിൽ വിശ്വാസം അർപ്പിക്കേണ്ടതുണ്ട്. (യോഹ. 3:16, 36) അത്തരം വിശ്വാസം വളർത്തിയെടുക്കാൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാം? വ്യക്തിപരമായ ബൈബിളധ്യയനം ഉണ്ടായിരിക്കുന്നതിനും പ്രതിവാര സഭായോഗങ്ങൾക്കു ഹാജരാകുന്നതിനും ഈ സ്മാരകകാലത്ത് നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. പിൻവരുന്ന നിർദേശങ്ങൾ പരിചിന്തിക്കുക.
3. സ്മാരകത്തിനുള്ള ക്ഷണം നൽകവേ നമുക്ക് എങ്ങനെ ഒരു ബൈബിളധ്യയനം തുടങ്ങാവുന്നതാണ്?
3 ബൈബിളധ്യയനങ്ങൾ: താത്പര്യക്കാരെ സ്മാരകത്തിനു ക്ഷണിക്കുന്നതോടൊപ്പം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് ഒരു ബൈബിളധ്യയനം ആരംഭിക്കാൻ നമുക്കു ശ്രമിക്കരുതോ? ആ പുസ്തകത്തിന്റെ 206-8 പേജുകളിലെ “കർത്താവിന്റെ സന്ധ്യാഭക്ഷണം—ദൈവത്തിനു മഹത്ത്വം കൈവരുത്തുന്ന ഒരു ആചരണം” എന്ന ശീർഷകത്തിൻ കീഴിലുള്ള വിവരങ്ങൾ വിശദീകരിച്ചുകൊടുക്കുക. ഒന്നോ രണ്ടോ തവണകളായി ആ വിവരങ്ങൾ നിങ്ങൾക്കു പരിചിന്തിക്കാനായേക്കും, ഒരുപക്ഷേ വീട്ടുവാതിൽക്കൽവെച്ചുള്ള ഒരു അധ്യയനമായിപ്പോലും ഇതു നടത്താവുന്നതാണ്. ഈ ഭാഗം പരിചിന്തിച്ചുകഴിയുമ്പോൾ “മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം” എന്ന 5-ാം അധ്യായം ചർച്ചചെയ്യാൻ വിദ്യാർഥി സന്നദ്ധനായേക്കും. ക്രമമായ ഒരു ബൈബിളധ്യയനം ആരംഭിച്ചുകഴിയുമ്പോൾ പുസ്തകത്തിന്റെ ആദ്യത്തെ നാല് അധ്യായങ്ങൾ പരിചിന്തിക്കുക.
4. ഈ സ്മാരക കാലത്ത് ആരെല്ലാമായി നമുക്കു ബൈബിളധ്യയനം തുടങ്ങാവുന്നതാണ്?
4 ഈ സമീപനം ഉപയോഗിച്ച് ആരെല്ലാമായി നമുക്കു ബൈബിളധ്യയനം തുടങ്ങാവുന്നതാണ്? നിങ്ങളുടെ സഹപാഠികളോ സഹപ്രവർത്തകരോ അയൽക്കാരോ ഇത്തരം ഒരു ചർച്ചയ്ക്കു തയ്യാറായേക്കാം. സഹോദരന്മാർക്ക് സഭയിലെ സഹോദരിമാരുടെ അവിശ്വാസികളായ ഭർത്താക്കന്മാരെ സമീപിക്കാവുന്നതാണ്. സാക്ഷികളല്ലാത്ത സ്വന്തം ബന്ധുക്കളെയും നിങ്ങൾ അവഗണിക്കരുത്. കൂടാതെ ഒരിക്കൽ സഭയോടു സജീവമായി സഹവസിച്ചിരുന്നവരെയും സ്മാരകത്തിനു ക്ഷണിക്കാൻ നാം പ്രത്യേകം ശ്രമിക്കും. (ലൂക്കൊ. 15:3-7) ഇങ്ങനെയുള്ള എല്ലാവരെയും മറുവിലയിൽനിന്നു പ്രയോജനം നേടാൻ നമുക്കു സഹായിക്കാം.
5. പ്രതിവാര സഭായോഗങ്ങൾക്കു ഹാജരാകുന്നതിനു ബൈബിൾ വിദ്യാർഥികളെയും താത്പര്യക്കാരെയും നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാവുന്നതാണ്?
5 സഭായോഗങ്ങൾ: പല ബൈബിൾ വിദ്യാർഥികളും താത്പര്യക്കാരും ആദ്യമായി ഹാജരാകുന്ന യോഗം സ്മാരകമാണ്. എന്നാൽ നമ്മുടെ മറ്റു സഭായോഗങ്ങളിൽനിന്നു പ്രയോജനം നേടുന്നതിനു നമുക്ക് അവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാം? 2005 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ പിൻവരുന്ന നിർദേശം നൽകിയിരുന്നു: “അടുത്ത പരസ്യപ്രസംഗത്തിന്റെ വിഷയം എന്താണെന്നു പറയുക. വീക്ഷാഗോപുര അധ്യയനത്തിലും സഭാ പുസ്തകാധ്യയനത്തിലും പരിചിന്തിക്കാൻ പോകുന്ന വിവരങ്ങൾ കാണിച്ചുകൊടുക്കുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനെയും സേവനയോഗത്തെയും കുറിച്ചു വിവരിച്ചു കൊടുക്കുക. നിങ്ങൾക്ക് സ്കൂളിൽ ഒരു നിയമനമുള്ളപ്പോൾ ഒരുപക്ഷേ അവരുമായി അത് പരിശീലിച്ചുനോക്കാൻ കഴിഞ്ഞേക്കും. യോഗങ്ങളിൽ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയമായ ആശയങ്ങൾ പങ്കുവെക്കുക. നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് യോഗങ്ങളിൽ എന്താണു നടക്കുന്നതെന്നു വിഭാവന ചെയ്യാൻ അവരെ സഹായിക്കുക. ആദ്യത്തെ അധ്യയനംമുതൽത്തന്നെ അവരെ യോഗങ്ങൾക്കു ക്ഷണിക്കുക.”
6. മറുവിലയിൽനിന്നു പ്രയോജനം നേടാൻ ആത്മാർഥഹൃദയരായ ആളുകളെ ഏതു രണ്ടു വിധങ്ങളിൽ നമുക്കു സഹായിക്കാം?
6 ആത്മാർഥഹൃദയരായ ആളുകൾക്ക് ക്രമമായ ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കുകയും അവർ ക്രമമായി സഭായോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുമ്പോൾ മിക്കപ്പോഴും അവർ അതിവേഗം ആത്മീയ പുരോഗതി കൈവരിക്കും. അതുകൊണ്ട് ഈ ആത്മീയ കരുതലുകളിൽനിന്നും ദൈവത്തിന്റെ ഏറ്റവും വലിയ ദാനമായ മറുവിലയിൽനിന്നും പ്രയോജനം നേടാൻ നമുക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം.