സൗമ്യതയുള്ളവരെ ദൈവത്തിന്റെ വഴികളിൽ നടക്കാൻ പഠിപ്പിക്കുക
1. ശിഷ്യരാക്കലിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
1 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുശിഷ്യന്മാർ ഒരു പ്രത്യേക വഴി പിൻപറ്റിയിരുന്നവർ എന്നനിലയിൽ ‘മാർഗ്ഗക്കാർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. (പ്രവൃ. 9:2) ഒരുവന്റെ മുഴു ജീവിതഗതിയെയും ഉൾക്കൊള്ളുന്നതാണ് സത്യക്രിസ്ത്യാനിത്വം. (സദൃ. 3:5, 6) അതുകൊണ്ട് ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ ബൈബിളുപദേശങ്ങൾ സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം പകർന്നുകൊടുക്കുന്നതിലധികം നാം ചെയ്യേണ്ടതുണ്ട്. യഹോവയുടെ വഴികളിൽ നടക്കാൻ നാം ബൈബിൾ വിദ്യാർഥികളെ സഹായിക്കുകയും ചെയ്യണം.—സങ്കീ. 25:8, 9.
2. ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കാൻ ഒരു ബൈബിൾ വിദ്യാർഥിയെ എന്തു പ്രചോദിപ്പിക്കും?
2 യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം: അപൂർണമനുഷ്യരെന്ന നിലയിൽ നമ്മുടെ ചിന്താഗതിയും മനോഭാവവും സംസാരവും നടത്തയും ദൈവേഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവരിക എന്നത് എത്ര വലിയൊരു വെല്ലുവിളിയാണ്! (റോമർ 7:21-23; എഫെ. 4:22-24) എന്നാൽ ഈ വെല്ലുവിളി നേരിടാൻ ദൈവത്തോടും അവന്റെ പുത്രനോടുമുള്ള സ്നേഹം സൗമ്യതയുള്ളവരെ പ്രചോദിപ്പിക്കുന്നു. (യോഹ. 14:15; 1 യോഹ. 5:3) ഈ സ്നേഹം വളർത്തിയെടുക്കാൻ നമ്മുടെ ബൈബിൾ വിദ്യാർഥികളെ എങ്ങനെ സഹായിക്കാം?
3. യഹോവയോടും യേശുവിനോടുമുള്ള സ്നേഹം വളർത്തിയെടുക്കാൻ വിദ്യാർഥിയെ നമുക്ക് എങ്ങനെ സഹായിക്കാം?
3 യഹോവയെ ഒരു വ്യക്തിയെന്ന നിലയിൽ അടുത്തറിയാൻ വിദ്യാർഥിയെ സഹായിക്കുക. “ആളുകൾക്ക് തങ്ങളറിയാത്ത ഒരു വ്യക്തിയെ സ്നേഹിക്കാനാവില്ല, അതുകൊണ്ട് അധ്യയനത്തിന്റെ തുടക്കംമുതൽ ഞാൻ ബൈബിളിൽനിന്ന് അവരെ ദൈവനാമം പഠിപ്പിക്കുന്നു, യഹോവയുടെ ഗുണങ്ങളെക്കുറിച്ച് ഊന്നിപ്പറയാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്” എന്ന് ഒരു സഹോദരൻ വിശദീകരിച്ചു. അതിനുള്ള ഒരു മികച്ച മാർഗമാണ് യേശുവിന്റെ മാതൃക വിശേഷവത്കരിക്കുന്നത്. (യോഹ. 1:14; 14:9) കൂടാതെ, ദൈവത്തിന്റെയും അവന്റെ പുത്രന്റെയും മഹത്തായ ഗുണങ്ങളെക്കുറിച്ചു വിലമതിപ്പോടെ ചിന്തിക്കുന്നതിനു വിദ്യാർഥിയെ സഹായിക്കാൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ ഓരോ അധ്യായത്തിന്റെയും അവസാനഭാഗത്തുള്ള പുനരവലോകന ചതുരം ഉപയോഗപ്പെടുത്തുക.
4. (എ) പല വിദ്യാർഥികൾക്കും പ്രസംഗവേല ഒരു വെല്ലുവിളിയായി തോന്നുന്നത് എന്തുകൊണ്ട്? (ബി) നമ്മുടെ വിദ്യാർഥികൾ ക്രിസ്തീയ ശുശ്രൂഷയിൽ ആദ്യ ചുവടുകൾ വെക്കുമ്പോൾ നമുക്ക് അവരെ എങ്ങനെ സഹായിക്കാം?
4 മാതൃകയിലൂടെ പഠിപ്പിക്കുക: അധ്യാപകരും വഴികാട്ടികളും എന്നനിലയിൽ, ദൈവത്തിന്റെ വഴികളിൽ നടക്കുന്നതിന്റെ അർഥം എന്താണെന്നു മനസ്സിലാക്കാൻ പ്രവൃത്തികളിലൂടെ നാം മറ്റുള്ളവരെ സഹായിക്കുന്നു. (1 കൊരി. 11:1) ഉദാഹരണത്തിന്, ബൈബിൾ വിദ്യാർഥികളിൽ മിക്കവർക്കും അപരിചതരെ സമീപിച്ച് തങ്ങളുടെ വിശ്വാസങ്ങൾ അവരുമായി ചർച്ചചെയ്യുന്നത് എളുപ്പമായിരിക്കില്ല. അതുകൊണ്ട് പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പങ്കുപറ്റാൻ ആവശ്യമായ സ്നേഹവും വിശ്വാസവും ധൈര്യവും വളർത്തിയെടുക്കാൻ അവരെ സഹായിക്കുന്നതിന് ക്ഷമയും വൈദഗ്ധ്യവും ആവശ്യമാണ്. (2 കൊരി. 4:13; 1 തെസ്സ. 2:2) നമ്മുടെ വിദ്യാർഥികളെ സഹായിക്കാനുള്ള ആഗ്രഹം അവർ ക്രിസ്തീയ ശുശ്രൂഷയിൽ ആദ്യ ചുവടുകൾ വെക്കുമ്പോൾ അവരോടൊപ്പം ഉണ്ടായിരിക്കാൻ നമ്മെ പ്രേരിപ്പിക്കും.
5. ദൈവത്തിന്റെ കൽപ്പനകൾ പിൻപറ്റുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ ഒരു നല്ല മാതൃക വിദ്യാർഥികളെ സഹായിക്കുന്നത് എങ്ങനെ?
5 ക്രിസ്തീയ ജീവിതത്തിന്റെ സുപ്രധാനമായ മറ്റു വശങ്ങളിൽ പ്രാവർത്തികമാക്കേണ്ട അറിവു നേടാൻ നിങ്ങളുടെ മാതൃക വിദ്യാർഥികളെ സഹായിക്കും. നിങ്ങൾ ഒരു രോഗിയെ സന്ദർശിക്കുമ്പോഴും ക്രിസ്തീയയോഗങ്ങളിൽ മറ്റുള്ളവരെ ഊഷ്മളമായി അഭിവാദ്യം ചെയ്യുമ്പോഴും സ്നേഹം എങ്ങനെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാമെന്ന് അവർ കാണും. (യോഹ. 15:12) നിങ്ങൾ രാജ്യഹാൾ ശുചീകരണത്തിൽ പങ്കുചേരുമ്പോഴും മറ്റുള്ളവർക്കു സഹായങ്ങൾ ചെയ്തുകൊടുക്കുമ്പോഴും സേവനം ചെയ്യേണ്ടത് എങ്ങനെയെന്നു നിങ്ങൾ അവരെ പഠിപ്പിക്കുന്നു. (യോഹ. 13:12-15) നിങ്ങൾ ലളിതമായ ഒരു ജീവിതം നയിക്കുന്നത് അവർ കാണുമ്പോൾ ‘മുമ്പെ രാജ്യം അന്വേഷി’ച്ചുകൊണ്ടിരിക്കുക എന്നതിന്റെ അർഥമെന്താണെന്ന് അവർ മനസ്സിലാക്കുന്നു.—മത്താ. 6:33.
6. യഹോവയെ സേവിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ ഫലം എന്താണ്?
6 ദൈവവചനത്തിൽനിന്ന് ആളുകളെ പഠിപ്പിക്കുന്നതിലും ശിഷ്യരെ ഉളവാക്കുന്നതിലും വളരെയധികം ശ്രമം ഉൾപ്പെട്ടിരിക്കുന്നു. സൗമ്യതയുള്ളവർ “സത്യത്തിൽ നടക്കുന്ന”തു കാണുന്നത് എത്ര സന്തോഷകരമാണ്!—3 യോഹ. 4.