അധ്യയനങ്ങൾ ആരംഭിക്കാൻ ഈ മാർഗം നിങ്ങൾ ഉപയോഗിക്കാറുണ്ടോ?
നിങ്ങൾ ഇപ്പോൾ ഒരു ബൈബിളധ്യയനം നടത്തുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ബന്ധുമിത്രാദികളിലോ പരിചയക്കാരിലോ ആർക്കെങ്കിലും ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടോ എന്നു ചോദിക്കാനാകും. അപ്പോൾ വിദ്യാർഥി പലരുടെയും പേരുകൾ പറഞ്ഞേക്കാം. അതനുസരിച്ച് അവരെ സമീപിക്കുമ്പോൾ ആരാണ് അവരെക്കുറിച്ചുള്ള വിവരം നൽകിയതെന്ന് പറയാവുന്നതാണ്; വിദ്യാർഥിയുടെ അനുവാദത്തോടെ വേണം ഇങ്ങനെ ചെയ്യാൻ. “[വിദ്യാർഥിയുടെ പേരു പറഞ്ഞിട്ട്] ബൈബിൾ പഠിക്കുന്നുണ്ട്” എന്നു നിങ്ങൾക്കു പറയാൻ കഴിയും. തുടർന്ന്, “ഞങ്ങൾ നടത്തുന്ന ഒരു സൗജന്യ ബൈബിൾ പഠന പരിപാടിയിൽനിന്നു പ്രയോജനം നേടാൻ നിങ്ങളും ആഗ്രഹിച്ചേക്കാം എന്ന് അദ്ദേഹം കരുതുന്നു” എന്നു കൂട്ടിച്ചേർക്കുക. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ചുകൊണ്ട് അധ്യയനം നടത്തുന്ന വിധം ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിക്കുക.
വിദ്യാർഥി നന്നായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ, താത്പര്യം കാണിച്ചേക്കാവുന്ന കുടുംബാംഗങ്ങളോടും കൂട്ടുകാരോടും അധ്യയന ക്രമീകരണത്തെക്കുറിച്ചു പറയാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. അധ്യയനത്തിന് തന്നോടൊപ്പം ഇരിക്കാൻ അദ്ദേഹത്തിന് അവരെ ക്ഷണിക്കാനാകും. അതിനു സാധിക്കുന്നില്ലെങ്കിൽ, അധ്യയനം പ്രകടിപ്പിച്ചു കാണിക്കുന്നതിനായി നിങ്ങൾതന്നെ അവരെ കാണുന്നതിനുള്ള ക്രമീകരണം ചെയ്യാൻ അദ്ദേഹത്തിനു കഴിയും. ബൈബിൾസത്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞു തുടങ്ങുന്നതിന് ഇതു വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കും.
നിങ്ങൾ അധ്യയനം നടത്തുന്നവർക്കു മാത്രമല്ല ഈ വിധത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്നത്; നിങ്ങൾ പതിവായി മടക്കസന്ദർശനങ്ങൾ നടത്തുന്നവർക്കും അതിനു കഴിഞ്ഞേക്കും. അവർക്ക് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം കൊടുക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാനാകും: “ഈ പുസ്തകത്തിന്റെ ഒരു കോപ്പി ഇഷ്ടപ്പെടാൻ സാധ്യതയുള്ള മറ്റാരെയെങ്കിലും നിങ്ങൾക്ക് അറിയാമോ?”
നാം ജീവിക്കുന്നത് ഒരു നിർണായക കാലത്തായതിനാൽ സുവാർത്ത കേട്ട് അതിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ആളുകളെ സഹായിക്കുന്നതിന് സാധ്യമായ എല്ലാ രീതികളും ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു. ഇവിടെ ചർച്ചചെയ്ത മാർഗം നിങ്ങൾ ഉപയോഗിക്കാറുണ്ടോ?