യഹോവയുടെ അതുല്യ ഗുണങ്ങൾ വിലമതിക്കാൻ സഹായിക്കുക
1 മറ്റുള്ളവരെ അടിസ്ഥാന ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുക മാത്രമല്ല ശുശ്രൂഷയിലൂടെ നാം ചെയ്യുന്നത്. ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെ അടുത്തറിയാനും അവന്റെ അതുല്യ ഗുണങ്ങളോടു വിലമതിപ്പു വളർത്തിയെടുക്കാനും നാം ആളുകളെ സഹായിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം പഠിക്കുമ്പോൾ ആത്മാർഥഹൃദയരായ വ്യക്തികൾ ആഴമായി സ്വാധീനിക്കപ്പെടുന്നു; “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം” നടക്കേണ്ടതിന് ജീവിതത്തിൽ ആവശ്യമായ മാറ്റംവരുത്താൻ അവർ പ്രേരിതരായിത്തീരുന്നു.—കൊലൊസ്സ്യർ 1:9, 10; 3:9, 10.
2 നമ്മുടെ പുതിയ പഠനസഹായി: തുടക്കംമുതൽതന്നെ ബൈബിൾ പഠിപ്പിക്കുന്ന പുസ്തകം യഹോവയുടെ ഗുണങ്ങളിലേക്കു ശ്രദ്ധക്ഷണിക്കുന്നു. ദൈവം യഥാർഥത്തിൽ നിങ്ങളെക്കുറിച്ചു ചിന്തയുള്ളവനാണോ?, ദൈവം എങ്ങനെയുള്ളവനാണ്?, ദൈവത്തോട് അടുത്തുചെല്ലുക സാധ്യമാണോ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ആദ്യത്തെ അധ്യായത്തിൽത്തന്നെ കാണാൻ കഴിയും. യഹോവയുടെ പിൻവരുന്ന ഗുണങ്ങളെയും ആ അധ്യായം പ്രദീപ്തമാക്കുന്നു: വിശുദ്ധി (ഖ. 10); ന്യായം, അനുകമ്പ (ഖ. 11); സ്നേഹം (ഖ. 13); ശക്തി (ഖ. 16); കരുണ, കൃപ, ക്ഷമിക്കാനുള്ള മനസ്സൊരുക്കം, ദീർഘക്ഷമ, വിശ്വസ്തത (ഖ. 19). ഉപസംഹാരമായി 20-ാം ഖണ്ഡിക ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവയെക്കുറിച്ചു പഠിക്കുന്തോറും അവൻ നിങ്ങൾക്കു കൂടുതൽ യഥാർഥമായിത്തീരും. അപ്പോൾ, അവനെ സ്നേഹിക്കുന്നതിനും അവനോട് അടുക്കുന്നതിനും നിങ്ങൾക്കു കൂടുതലായ കാരണം ഉണ്ടായിരിക്കും.”
3 യഹോവയോട് അടുത്തുചെല്ലുന്നതിനു വിദ്യാർഥികളെ സഹായിക്കാൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും? ദൈവത്തിന്റെ ഗുണങ്ങളിലൊന്നു വിശേഷവത്കരിക്കുന്ന ഒരു ഖണ്ഡിക പരിചിന്തിച്ചശേഷം “ഇത് ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെക്കുറിച്ച് എന്തു പറയുന്നു?” എന്നോ “ദൈവത്തിനു നിങ്ങളിൽ വ്യക്തിപരമായ താത്പര്യമുണ്ടെന്ന് ഇത് എങ്ങനെ പ്രകടമാക്കുന്നു?” എന്നോ വിദ്യാർഥിയോടു ചോദിക്കാവുന്നതാണ്. അധ്യയനവേളയിൽ ഇടയ്ക്കൊക്കെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ, പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കാൻ വിദ്യാർഥികളെ അഭ്യസിപ്പിക്കാനും യഹോവയുടെ അതുല്യ ഗുണങ്ങളോടു വിലമതിപ്പു വളർത്തിയെടുക്കാൻ അവരെ സഹായിക്കാനും നമുക്കു കഴിയും.
4 പുനരവലോകന ചതുരം ഉപയോഗിക്കുക: ഓരോ അധ്യായത്തിന്റെയും ഒടുവിൽ കാണുന്ന, “ബൈബിൾ പഠിപ്പിക്കുന്നത്” എന്ന ചതുരത്തിലുള്ള ഓരോ ആശയത്തെക്കുറിച്ചും സ്വന്തം വാക്കുകളിൽ അഭിപ്രായം പറയാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. പരാമർശിച്ചിട്ടുള്ള തിരുവെഴുത്തുകളിലേക്കു ശ്രദ്ധതിരിക്കുക. വിദ്യാർഥിയുടെ ഹൃദയത്തിലുള്ളത് എന്താണെന്നു മനസ്സിലാക്കാൻ ഇടയ്ക്കൊക്കെ ഇങ്ങനെ ചോദിക്കാവുന്നതാണ്: “ഈ വിഷയം സംബന്ധിച്ചു ബൈബിൾ പഠിപ്പിക്കുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു?” അങ്ങനെ അധ്യായത്തിലെ മുഖ്യ ആശയങ്ങൾ ഊന്നിപ്പറയാനും വിദ്യാർഥി യഥാർഥത്തിൽ എന്താണു വിശ്വസിക്കുന്നത് എന്നതു സംബന്ധിച്ച് ഉൾക്കാഴ്ച നേടാനും നിങ്ങൾക്കു കഴിയും. അതുവഴി, യഹോവയുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ തുടക്കമിടുന്നതിനു വിദ്യാർഥിയെ സഹായിക്കാൻ നിങ്ങൾക്കു കഴിയും.