ധൈര്യശാലികൾ എങ്കിലും സമാധാനപ്രിയർ
1 നാം പ്രസംഗവേലയിൽ കണ്ടുമുട്ടുന്ന മിക്കവരും, ബൈബിൾസത്യത്തിനു വിരുദ്ധമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുകയും അതു ശരിയാണെന്ന് ആത്മാർഥമായി വിശ്വസിക്കുകയും ചെയ്യുന്നവരാണ്. നാം ധൈര്യപൂർവം പ്രസംഗിക്കേണ്ടതാണെങ്കിലും “സകലമനുഷ്യരോടും സമാധാനമായിരി”ക്കാനും മറ്റുള്ളവരെ അനാവശ്യമായി പ്രകോപിപ്പിക്കുന്നത് ഒഴിവാക്കാനും നാം ആഗ്രഹിക്കുന്നു. (റോമ. 12:18; പ്രവൃ. 4:30) രാജ്യസന്ദേശം ഘോഷിക്കുമ്പോൾ ധൈര്യശാലികൾ ആയിരിക്കാനും അതേസമയം സമാധാനത്തിലായിരിക്കാനും നമുക്കെങ്ങനെ കഴിയും?
2 ഇരുകൂട്ടർക്കും യോജിപ്പുള്ള കാര്യങ്ങൾ കണ്ടെത്തുക: സമാധാനപ്രിയനായ വ്യക്തി തർക്കങ്ങളിൽ ഏർപ്പെടുകയില്ല. വീട്ടുകാരന്റെ അടിയുറച്ച വിശ്വാസങ്ങളെ അനാവശ്യമായി ചോദ്യം ചെയ്യുന്നത് നമ്മുടെ ദൂത് സ്വീകരിക്കാൻ പറ്റിയ മനോനിലയുണ്ടായിരിക്കുന്നതിന് ഒരു തടസ്സമാകും. അദ്ദേഹം തെറ്റായ ഒരു ആശയമാണു പറയുന്നതെങ്കിൽ അദ്ദേഹവുമായി യോജിക്കാൻ കഴിയുന്ന ഒരു കാര്യം നയപൂർവം അവതരിപ്പിക്കാൻ ഒരുപക്ഷേ സാധിച്ചേക്കും. ഇരുകൂട്ടരും അംഗീകരിക്കുന്ന കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നത്, വീട്ടുകാരന് വിഷമം തോന്നാതെ അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രചോദിപ്പിക്കുന്ന വിധത്തിൽ സംസാരിക്കാൻ നമ്മെ സഹായിച്ചേക്കാം.
3 വീട്ടുകാരന്റെ തെറ്റായ വീക്ഷണഗതിക്കുനേരെ കണ്ണടയ്ക്കുമ്പോൾ നാം വിട്ടുവീഴ്ച ചെയ്യുകയോ സത്യത്തിൽ വെള്ളം ചേർക്കുകയോ ആണെന്നു വരുമോ? ഇല്ല. ക്രിസ്തീയ ശുശ്രൂഷകരെന്ന നിലയിലുള്ള നമ്മുടെ ദൗത്യം തെറ്റായ എല്ലാ ആശയങ്ങളെയും ഖണ്ഡിക്കുകയെന്നതല്ല, മറിച്ച് ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുക എന്നതാണ്. (മത്താ. 24:14) തെറ്റായ ഒരു ആശയം കേൾക്കുന്നതേ അനുചിതമായി പ്രതികരിക്കുന്നതിനു പകരം ആ വ്യക്തിയുടെ ചിന്താഗതി മനസ്സിലാക്കുന്നതിനുള്ള അവസരമായി അതിനെ വീക്ഷിക്കുക.—സദൃ. 16:23.
4 അന്തസ്സ് മാനിക്കുക: ധൈര്യപൂർവം, തെറ്റായ ഉപദേശങ്ങളെ ഖണ്ഡിക്കേണ്ട സമയങ്ങളുണ്ട്. എന്നുവരികിലും, സമാധാനപ്രിയരായ നാം തെറ്റായ ആശയങ്ങൾ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ പരിഹസിക്കുകയില്ല, അവരെ ഇടിച്ചുതാഴ്ത്തുന്ന വിധത്തിൽ സംസാരിക്കുകയുമില്ല. നാം മറ്റുള്ളവരെക്കാൾ മികച്ചവരാണ് എന്ന മനോഭാവം ആളുകളെ അകറ്റിക്കളയും, എന്നാൽ താഴ്മയോടും ദയയോടും കൂടിയ സമീപനം സത്യാന്വേഷികളുടെ മനസ്സു തുറക്കാൻ ഇടയാക്കും. നമ്മുടെ ശ്രോതാക്കളോടും അവരുടെ വിശ്വാസങ്ങളോടും ആദരവു കാണിക്കുന്നതിനാൽ നാം അവരുടെ അന്തസ്സ് മാനിക്കുകയാണു ചെയ്യുന്നത്; അത് നമ്മുടെ സന്ദേശം സ്വീകരിക്കുന്നത് കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു.
5 അപ്പൊസ്തലനായ പൗലൊസ് പ്രസംഗവേലയിൽ കണ്ടുമുട്ടിയവരുടെ വിശ്വാസങ്ങൾ കണക്കിലെടുക്കുകയും അവരുടെ ഹൃദയത്തെ പ്രചോദിപ്പിക്കും വിധത്തിൽ സുവാർത്ത അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. (പ്രവൃ. 17:22-31) “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു” അവൻ മനസ്സോടെ “എല്ലാവർക്കും എല്ലാമായിത്തീർന്നു.” (1 കൊരി. 9:22) ധൈര്യസമേതം സുവാർത്ത പ്രസംഗിക്കവേ സമാധാനപ്രിയർ ആയിരുന്നുകൊണ്ട് നമുക്കും അങ്ങനെ ചെയ്യാൻ കഴിയും.