സന്നദ്ധ മനോഭാവം അനുഗ്രഹങ്ങൾ കൈവരുത്തുന്നു
1. ദാവീദും നെഹെമ്യാവും സേവന സന്നദ്ധത പ്രകടമാക്കിയത് എങ്ങനെ?
1 ഇസ്രായേലിന്റെ സൈന്യത്തെ ഗൊല്യാത്ത് നിന്ദിച്ചപ്പോൾ സൈനികരിൽ ആർക്കെങ്കിലും മുന്നോട്ടുവന്ന് അവനെ നേരിടാമായിരുന്നു. എന്നാൽ സൈനിക പരിശീലനം ഒന്നും ലഭിച്ചിട്ടില്ലായിരുന്ന ഒരു ഇടയബാലനാണ് അതിനു സന്നദ്ധനായത്. (1 ശമൂ. 17:32) യെരൂശലേമിലേക്കു മടങ്ങിപ്പോയ യെഹൂദർ നഗരമതിൽ പണിയുന്നതിൽ പരാജയപ്പെട്ടപ്പോൾ, പേർഷ്യൻ രാജാവിന്റെ ഒരു പാനപാത്രവാഹകനായിരുന്നു തന്റെ വിശിഷ്ട പദവി ഉപേക്ഷിച്ച് യെരൂശലേമിലേക്കു പോകാനും മതിലിന്റെ പണി നടത്താനും സന്നദ്ധനായത്. (നെഹെ. 2:5) ഈ രണ്ടു പുരുഷന്മാരെയും—ദാവീദിനെയും നെഹെമ്യാവിനെയും—അവർ കാണിച്ച സന്നദ്ധ മനോഭാവത്തെപ്രതി യഹോവ അനുഗ്രഹിച്ചു.—1 ശമൂ. 17:45, 50; നെഹെ. 6:15, 16.
2. ക്രിസ്ത്യാനികൾ എന്തുകൊണ്ട് സന്നദ്ധ മനോഭാവം പ്രകടമാക്കണം?
2 എന്നാലിന്ന്, സേവന സന്നദ്ധത വളരെക്കുറവാണു ലോകത്തിൽ. ഈ “അന്ത്യകാലത്തു” വളരെ തിരക്കുള്ള ഒരു ജീവിതമാണ് ആളുകൾ നയിക്കുന്നത്, പലരും “സ്വസ്നേഹികളു”മാണ്. (2 തിമൊ. 3:1, 2) മറ്റുള്ളവരെ സന്നദ്ധതയോടെ സേവിക്കാനുള്ള അവസരങ്ങൾ കാണാൻ കഴിയാതെ പോകുന്ന അളവോളം, സ്വന്തം താത്പര്യങ്ങളിൽ മുഴുകിപ്പോകുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എളുപ്പമാണ്. എന്നാൽ ക്രിസ്ത്യാനികൾ എന്ന നിലയിൽ, മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധത കാണിച്ച യേശുവിനെ നമുക്ക് അനുകരിക്കാം. (യോഹ. 5:5-9; 13:12-15; 1 പത്രൊ. 2:21) നമുക്ക് എങ്ങനെ സന്നദ്ധ മനോഭാവം പ്രകടമാക്കാം, അത് എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും?
3. യോഗങ്ങളിൽ സന്നദ്ധ മനോഭാവം പ്രകടമാക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളേവ?
3 സഹോദരങ്ങൾക്കുവേണ്ടി: യോഗങ്ങളിൽ സദസ്യപങ്കുപറ്റലിന് അവസരമുള്ളപ്പോൾ അഭിപ്രായം പറയാൻ സന്നദ്ധത കാണിച്ചുകൊണ്ടു മറ്റുള്ളവർക്ക് “ആത്മികവരം” നൽകാൻ നമുക്കു സാധിക്കും. (റോമ. 1:11) നമ്മുടെ ഉത്തരങ്ങൾ, യഹോവയ്ക്കു ബഹുമതി കരേറ്റുന്നു, നമ്മുടെ മനസ്സിലും ഹൃദയത്തിലും സത്യം കൂടുതൽ നന്നായി പതിയാൻ അത് ഇടയാക്കുന്നു, യോഗങ്ങൾ കൂടുതൽ ആസ്വാദ്യമാക്കുകയും ചെയ്യുന്നു. (സങ്കീ. 26:12) ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗം നടത്താൻ ഒരു പകരക്കാരനെ ആവശ്യമുള്ളപ്പോൾ അതു നടത്താൻ നമുക്കു സന്നദ്ധത പ്രകടമാക്കാൻ സാധിക്കും. ഇതു നമ്മുടെ പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടാൻ സഹായിക്കും.
4. സന്നദ്ധ മനോഭാവം പ്രകടമാക്കാൻ സാധിക്കുന്ന മറ്റുചില മാർഗങ്ങളേവ?
4 സഭയിലെ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിച്ചുകൊണ്ടു സഹോദരന്മാർക്ക് സന്നദ്ധ മനോഭാവം പ്രകടമാക്കാൻ കഴിയും. (യെശ. 32:2; 1 തിമൊ. 3:1) കൺവെൻഷനുകളുടെയും സമ്മേളനങ്ങളുടെയും വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പ്രവർത്തിക്കാൻ സന്നദ്ധരായിക്കൊണ്ട് അവയുടെ സുഗമമായ നടത്തിപ്പിന് എല്ലാവർക്കും സഹായിക്കാൻ കഴിയും. ശുശ്രൂഷയിൽ സഞ്ചാര മേൽവിചാരകനോടൊപ്പം പ്രവർത്തിക്കാനോ അദ്ദേഹത്തിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനോ നാം സന്നദ്ധത കാണിക്കുമ്പോൾ അത് ‘പരസ്പര പ്രോത്സാഹന’ത്തിനു കാരണമാകുന്നു. (റോമ. 1:12, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) അനാഥർ, വിധവമാർ, ആതുരർ, കുഞ്ഞുകുട്ടികളുള്ള അമ്മമാർ, സഭയിലെ മറ്റുള്ളവർ ഇവരെയെല്ലാം സഹായിക്കാൻ നാം സന്നദ്ധരാകുമ്പോൾ, സന്തോഷവും യഹോവയുടെ അംഗീകാരവും നാം ആസ്വദിക്കും.—സദൃ. 19:17; പ്രവൃ. 20:35.
5. രാജ്യഹാളുകളോടു ബന്ധപ്പെട്ട് ഏതെല്ലാം കാര്യങ്ങൾക്കു സന്നദ്ധ സേവകരെ ആവശ്യമുണ്ട്?
5 രാജ്യഹാൾ ശുചീകരണത്തിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുമായി നമ്മുടെ സമയവും പ്രയത്നവും സ്വമേധയാ നൽകാനാവും. ഇതു കൂടാതെ അനേകം ആളുകൾ സത്യത്തിലേക്കു വരുന്നതുകൊണ്ട് രാജ്യഹാളുകളുടെയും അവ നിർമിക്കാൻ സന്നദ്ധ സേവകരുടെയും വർധിച്ചുവരുന്ന ആവശ്യമുണ്ട്. നിർമാണ ജോലികളിലൊന്നും പരിചയമില്ലാതിരുന്നിട്ടും ഒരു ദമ്പതികൾ സ്ഥലത്തെ മേഖലാ നിർമാണക്കമ്മിറ്റിയെ സഹായിക്കാൻ സന്നദ്ധരായി വന്നു. കാലക്രമേണ പരിശീലനം നേടിയ ഈ ദമ്പതികൾ ഇപ്പോൾ മേസ്തിരിപ്പണിയിൽ സഹായിക്കുന്നു. ഭാര്യ അഭിപ്രായപ്പെട്ടു: “മറ്റുള്ളവരുടെയൊപ്പം തോളോടുതോൾ ചേർന്നു ജോലിചെയ്യുന്നതു വളരെ അടുത്ത സൗഹൃദത്തിനിടയാക്കിയിരിക്കുന്നു. ദിവസത്തിന്റെ ഒടുവിൽ ശാരീരികമായി തളർന്നിരിക്കുമെങ്കിലും ആത്മീയമായി ഉണർവുള്ളവരായിരിക്കും ഞങ്ങൾ.”
6. നമുക്കു നിർവഹിക്കാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്നദ്ധ സേവനം ശുശ്രൂഷ ആയിരിക്കുന്നത് എന്തുകൊണ്ട്?
6 പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ട്: നമുക്കിന്നു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സന്നദ്ധ സേവനം രാജ്യപ്രസംഗ വേലയാണ്. ബൈബിളിന്റെ ബുദ്ധിയുപദേശം മനസ്സിലാക്കാനും ബാധകമാക്കാനും സഹായം ലഭിക്കുമ്പോൾ, ആളുകൾ ജീവിതത്തിൽ ഒരു ഉദ്ദേശ്യവും ദുശ്ശീലങ്ങൾ തരണംചെയ്യാനുള്ള ശക്തിയും നേടുന്നു. ഭാവിയെ സംബന്ധിച്ച ബൈബിളിന്റെ പ്രോത്സാഹജനകമായ പ്രത്യാശയെക്കുറിച്ചും അവർ പഠിക്കുന്നു. മറ്റുള്ളവർക്കു ശാശ്വത പ്രയോജനം ചെയ്യുന്ന സന്തോഷപ്രദമായ ഒരു സന്നദ്ധ സേവനമാണു നാം ബൈബിൾ വിദ്യാഭ്യാസത്തിലൂടെ നിർവഹിക്കുന്നത്. (യോഹ. 17:3; 1 തിമൊ. 4:16) സഹായ പയനിയറോ സാധാരണ പയനിയറോ ആയി പ്രവർത്തിച്ചുകൊണ്ടോ കൂടുതൽ ആവശ്യമുള്ളിടത്തു സേവിച്ചുകൊണ്ടോ പുതിയൊരു ഭാഷ പഠിച്ചുകൊണ്ടോ വേലയിലെ പങ്കു വർധിപ്പിക്കാൻ സാഹചര്യം ഒരുപക്ഷേ നമ്മെ അനുവദിച്ചേക്കും.
7. സേവന സന്നദ്ധത ഇന്നു വിശേഷാൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 മിശിഹാ ഭരണം ആരംഭിക്കുന്ന സമയത്ത് ദൈവത്തിന്റെ ജനം “സ്വമേധാദാനമായിരിക്കു”മെന്നു ദാവീദ് പ്രവചിച്ചു. (സങ്കീ. 110:3) യഹോവ ആത്മീയ കൊയ്ത്ത് ത്വരിതപ്പെടുത്തുന്നതിനാൽ സന്നദ്ധ സേവകരെ ആവശ്യമുള്ള ധാരാളം ജോലികളുണ്ട്. (യെശ. 60:22) “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു നിങ്ങൾ പറഞ്ഞോ? (യെശ. 6:8) സത്യമായും, നമ്മുടെ സേവന സന്നദ്ധത യഹോവയെ സന്തോഷിപ്പിക്കുന്നു, അത് ധാരാളം അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യും.