നിക്ഷേപം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർ
1 ദൈവം നൽകിയ പ്രസംഗനിയമനത്തെ പൗലൊസ് അപ്പൊസ്തലൻ അമൂല്യമായി വീക്ഷിക്കുകയും അതിനെ ഒരു “നിക്ഷേപ”മെന്നു വിശേഷിപ്പിക്കുകയും ചെയ്തു. (2 കൊരി. 4:7) ആ നിയമനം നിറവേറ്റവേ അവൻ പലവിധ കഷ്ടപ്പാടുകളും പീഡനവും സഹിച്ചു. കണ്ടുമുട്ടിയ എല്ലാവരോടും അക്ഷീണം പ്രസംഗിച്ചു; കരയിലും കടലിലുമായി ദുർഘടവും അപകടകരവുമായ പല യാത്രകളും നടത്തി. പൗലൊസിനെപ്പോലെ, ശുശ്രൂഷയെ അമൂല്യമായി കരുതുന്നുവെന്നു പ്രകടമാക്കാൻ നമുക്ക് എങ്ങനെ കഴിയും? (റോമർ 11:14) എന്തുകൊണ്ടാണ് നമ്മുടെ ശുശ്രൂഷ അനുപമമായ ഒരു നിക്ഷേപമായിരിക്കുന്നത്?
2 ഒരു അതിവിശിഷ്ട നിക്ഷേപം: ഭൂമിയിൽ സ്വരുക്കൂട്ടുന്ന നിക്ഷേപങ്ങളെല്ലാം മിക്കപ്പോഴും ഹൃദയവേദന ഉളവാക്കുന്നവയാണ്. കൂടാതെ അവയുടെ പ്രയോജനങ്ങൾ പരിമിതമോ താത്കാലികമോ ആയിരിക്കും. എന്നാൽ ക്രിസ്തീയ ശുശ്രൂഷ നമുക്കും മറ്റുള്ളവർക്കും ശാശ്വത പ്രയോജനം കൈവരുത്തുന്നു. (1 തിമൊ. 4:16) യഹോവയെക്കുറിച്ച് അറിയാനും ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും നിത്യജീവന്റെ സുനിശ്ചിത പ്രത്യാശ നേടാനും അത് ആത്മാർഥഹൃദയരെ സഹായിക്കുന്നു. (റോമ. 10:13-15) ശുശ്രൂഷയെ അത്യന്തം മൂല്യവത്തായി വീക്ഷിക്കുന്നത്, സംതൃപ്തിദായകമായ ഒരു ജീവിതലക്ഷ്യവും നിലനിൽക്കുന്ന ചാരിതാർഥ്യവും ശോഭനമായ ഒരു ഭാവിപ്രത്യാശയും ഉള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.—1 കൊരി. 15:58.
3 ‘നിക്ഷേപത്തെ’ വിലമതിക്കുന്നുവെന്നു പ്രകടമാക്കുക: ഒരു കാര്യത്തിനായി എന്തൊക്കെ ചെയ്യാൻ നാം മനസ്സുള്ളവരാണ് എന്നത് മിക്കപ്പോഴും, നാം അതിനെ എത്ര മൂല്യവത്തായി കാണുന്നു എന്നതിന്റെ പ്രകടനമായിരിക്കും. യഹോവയെ സ്തുതിച്ചുകൊണ്ട് നമ്മുടെ സമയവും ഊർജവും വിനിയോഗിക്കാൻ കഴിയുന്നത് എന്തൊരു പദവിയാണ്! (എഫെ. 5:16, 17) നാം സമയം ചെലവഴിക്കുന്ന വിധം, ആത്മീയ കാര്യങ്ങളെ നാം ഭൗതിക സംഗതികളേക്കാൾ മൂല്യവത്തായി കാണുന്നുവെന്നു പ്രകടമാക്കണം. മറ്റുള്ളവർക്കു നൽകാൻ വിലതീരാത്ത ഒന്നു കൈവശമുള്ളതിനാൽ വചനഘോഷണത്തിൽ ശുഷ്കാന്തിയുള്ളവരായിരിക്കാനും സുവാർത്ത അറിയിക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താനും നാം ആഗ്രഹിക്കും.
4 സാധാരണഗതിയിൽ അമൂല്യമായ നിക്ഷേപങ്ങൾ ആരും മൂടിവെക്കാറില്ല, മറ്റുള്ളവർക്കായി പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. നാം ശുശ്രൂഷയെ ഒരു നിക്ഷേപമായി വീക്ഷിക്കുന്നപക്ഷം അതു നമ്മുടെ ജീവിതത്തിന്റെ ഒരു മുഖ്യ സവിശേഷതയായിരിക്കും. (മത്താ. 5:14-16) ഹൃദയം നിറഞ്ഞുതുളുമ്പുന്ന കൃതജ്ഞതയോടെ, നമുക്ക് എല്ലായ്പോഴും പൗലൊസ് അപ്പൊസ്തലനെ അനുകരിക്കുകയും ശുശ്രൂഷയെ വിലയേറിയ ഒരു നിക്ഷേപമായി കരുതുന്നുവെന്നു പ്രകടമാക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യാം.