‘വളരെ ഫലം കായിക്കുക’
1 യേശു തന്നെത്തന്നെ സാക്ഷാലുള്ള മുന്തിരിവള്ളിയോടും തന്റെ പിതാവിനെ തോട്ടക്കാരനോടും ആത്മാഭിഷിക്ത അനുഗാമികളെ ആ മുന്തിരിവള്ളിയുടെ ഫലം കായിക്കുന്ന കൊമ്പുകളോടും ഉപമിച്ചു. ആലങ്കാരിക തോട്ടക്കാരന്റെ വേലയെക്കുറിച്ചു വിവരിക്കവേ കൊമ്പുകൾ മുന്തിരിവള്ളിയോടു പറ്റിച്ചേർന്നു നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു ഊന്നിപ്പറഞ്ഞു. (യോഹ. 15:1-4) പാഠം ഇതാണ്: യഹോവയുമായി ഉറ്റ ബന്ധമുള്ള ഓരോരുത്തരും യേശുക്രിസ്തു എന്ന ‘സാക്ഷാലുള്ള മുന്തിരിവള്ളിയുടെ,’ ഫലം കായിക്കുന്ന കൊമ്പുകൾ പോലെയായിരിക്കണം. നാം “ആത്മാവിന്റെ ഫല”വും രാജ്യഫലവും സമൃദ്ധമായി ഉത്പാദിപ്പിക്കുന്നതിൽ തുടരേണ്ടിയിരിക്കുന്നു.—ഗലാ. 5:22, 23; മത്താ. 24:14; 28:19, 20.
2 ആത്മാവിന്റെ ഫലം: നമ്മുടെ ആത്മീയ പുരോഗതി അളക്കുന്നത് മുഖ്യമായും നാം പ്രകടമാക്കുന്ന ആത്മാവിന്റെ ഗുണങ്ങളാലാണ്. ക്രമമായി ദൈവവചനം പഠിച്ചും ധ്യാനിച്ചുംകൊണ്ട് ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്താൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ? (ഫിലി. 1:9-11) യഹോവയെ മഹത്ത്വപ്പെടുത്തുന്നതിനും ആത്മീയ പുരോഗതിക്ക് ഉതകുന്നതുമായ ഗുണങ്ങൾ നിങ്ങളിൽ ഉളവാക്കാൻ പരിശുദ്ധാത്മാവിനു കഴിയും. അതുകൊണ്ട് പരിശുദ്ധാത്മാവിനുവേണ്ടി നിസന്ദേഹം പ്രാർഥിക്കുക.—ലൂക്കൊ. 11:13; യോഹ. 13:35.
3 ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുന്നത് തീക്ഷ്ണതയുള്ള ശുശ്രൂഷകർ ആയിരിക്കാനും നമ്മെ സഹായിക്കും. ഉദാഹരണത്തിന്, തിരക്കിട്ട ജീവിതത്തിനിടയിലും ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടാൻ സ്നേഹവും വിശ്വാസവും നമ്മെ പ്രേരിപ്പിക്കുന്നു. സമാധാനം, ദീർഘക്ഷമ, ദയ, സൗമ്യത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള ഗുണങ്ങൾ എതിർപ്പിനെ നന്നായി കൈകാര്യം ചെയ്യാൻ നമ്മെ സജ്ജരാക്കുന്നു. ആളുകൾക്കു താത്പര്യമില്ലാത്തപ്പോൾപ്പോലും ശുശ്രൂഷയിൽ സംതൃപ്തി കണ്ടെത്താൻ സന്തോഷമെന്ന ഗുണം നമ്മെ സഹായിക്കുന്നു.
4 രാജ്യഫലം: രാജ്യഫലം ഉത്പാദിപ്പിക്കാനും നാം ആഗ്രഹിക്കുന്നു. യഹോവയ്ക്ക് “അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കു”ന്നത് അതിൽ ഉൾപ്പെടുന്നു. (എബ്രാ. 13:15) തീക്ഷ്ണതയോടും സ്ഥിരതയോടും കൂടെ സുവാർത്ത ഘോഷിച്ചുകൊണ്ട് നാം അങ്ങനെ ചെയ്യുന്നു. സേവനം മെച്ചപ്പെടുത്തിക്കൊണ്ട് കൂടുതൽ രാജ്യഫലം ഉത്പാദിപ്പിക്കാൻ നിങ്ങൾ ഓരോരുത്തരും ശ്രമിക്കുന്നുണ്ടോ?
5 തന്റെ വിശ്വസ്ത അനുഗാമികൾ വ്യത്യസ്ത അളവിലായിരിക്കും ഫലം ഉത്പാദിപ്പിക്കുക എന്ന് യേശു സൂചിപ്പിക്കുകയുണ്ടായി. (മത്താ. 13:23) അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ ദൈവത്തിനു നമ്മുടെ കഴിവിന്റെ പരമാവധി നൽകുക. (ഗലാ. 6:4) ദൈവവചനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ സാഹചര്യത്തെ സത്യസന്ധമായി വിലയിരുത്തുന്നത് “വളരെ ഫലം” കായിച്ചുകൊണ്ട് യഹോവയെ മഹത്ത്വപ്പെടുത്തുന്നതിൽ തുടരാൻ നമ്മെ സഹായിക്കും.—യോഹ. 15:8.