വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുന്നതിന്റെ കാരണം
1. നമ്മുടെ പ്രസംഗവേല സംബന്ധിച്ച് ഏതു ചോദ്യം ഉദിക്കുന്നു?
1 പല സ്ഥലങ്ങളിലും നാം പ്രദേശങ്ങൾ കൂടെക്കൂടെ പ്രവർത്തിച്ചുതീർക്കുന്നു. താത്പര്യമില്ലെന്നു വീട്ടുകാർ പറഞ്ഞാൽപോലും അതേ വീടുകളിലേക്കു നാം വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുന്നു. മുമ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ലാത്തവരെ എന്തിനാണ് വീണ്ടും സന്ദർശിക്കുന്നത്?
2. നാം ശുശ്രൂഷയിൽ സ്ഥിരോത്സാഹം കാണിക്കുന്നതിന്റെ പ്രമുഖ കാരണം എന്താണ്?
2 യഹോവയോടും ആളുകളോടുമുള്ള സ്നേഹം: പ്രസംഗവേലയിൽ നാം സ്ഥിരോത്സാഹത്തോടെ ഏർപ്പെടുന്നതിന്റെ പ്രമുഖ കാരണം യഹോവയോടുള്ള നമ്മുടെ സ്നേഹമാണ്. നമ്മുടെ മഹാ ദൈവത്തെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞുകൊണ്ടിരിക്കാൻ ഹൃദയം നമ്മെ പ്രചോദിപ്പിക്കുന്നു. (ലൂക്കൊ. 6:45) അവന്റെ കൽപ്പനകൾ അനുസരിക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും യഹോവയോടുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (സദൃ. 27:11; 1 യോഹ. 5:3) ആളുകളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലല്ല നാം ഈ വേലയിൽ വിശ്വസ്തതയോടെ മുന്നേറുന്നത്. പീഡിപ്പിക്കപ്പെട്ടപ്പോൾപോലും, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ “വിടാതെ” പ്രസംഗിക്കുന്നതിൽ തുടർന്നു. (പ്രവൃ. 5:42) അതുകൊണ്ട്, ആളുകൾ കേൾക്കാൻ വിസമ്മതിക്കുമ്പോഴും, നാം നിരുത്സാഹിതരാകാതെ സ്ഥിരതയോടെ യഹോവയോടുള്ള നമ്മുടെ ആഴമായ സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുന്നു.
3. പ്രസംഗവേലയിൽ തുടരാൻ ആളുകളോടുള്ള സ്നേഹം നമ്മെ എങ്ങനെ സഹായിക്കും?
3 അയൽക്കാരോടുള്ള സ്നേഹമാണ് നാം സ്ഥിരോത്സാഹം കാണിക്കുന്നതിന്റെ മറ്റൊരു കാരണം. (ലൂക്കൊ. 10:27) ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. (2 പത്രൊ. 3:9) കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്തുപോലും യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവരെ നാം കണ്ടെത്തുന്നു. ഉദാഹരണത്തിന്, ഗ്വാഡലൂപ്പിൽ 56 പേരിൽ ഒരാൾ വീതം യഹോവയുടെ സാക്ഷിയാണെങ്കിലും കഴിഞ്ഞ വർഷം അവിടെ 214 പേർ സ്നാപനമേറ്റു. സ്മാരകത്തിന് ഏകദേശം 20,000 പേർ ഹാജരായി, അതായത് 22 പേരിൽ ഒരാൾ വീതം!
4. ഏതു വിധങ്ങളിലാണ് പ്രദേശത്തിനു മാറ്റംവരുന്നത്?
4 മാറ്റംവരുന്ന പ്രദേശങ്ങൾ: നമ്മുടെ പ്രദേശം നിരന്തരം മാറ്റങ്ങൾക്കു വിധേയമാണ്. അനുകൂലമായി പ്രതികരിക്കാതിരുന്ന ഒരു വീട്ടിൽ അടുത്ത പ്രാവശ്യം സന്ദർശിക്കുമ്പോൾ മറ്റൊരംഗം—ഒരുപക്ഷേ ഒരിക്കലും നമ്മുടെ ദൂത് കേട്ടിട്ടില്ലാത്ത ഒരാൾ—വാതിൽ തുറക്കുകയും കേൾക്കാൻ മനസ്സുകാണിക്കയും ചെയ്തേക്കാം. അല്ലെങ്കിൽ, പുതുതായി താമസം മാറിവന്ന വീട്ടുകാർക്കു താത്പര്യം ഉള്ളതായി നാം കണ്ടെത്തിയേക്കാം. എതിർപ്പുകാണിച്ച മാതാപിതാക്കളുടെ കുട്ടികൾ വളർന്ന് മാറിത്താമസിക്കുകയും രാജ്യസന്ദേശം കേൾക്കാൻ താത്പര്യപ്പെടുകയും ചെയ്തേക്കാം.
5. സുവാർത്തയ്ക്കു ചെവികൊടുക്കാൻ ആളുകളെ എന്തു പ്രേരിപ്പിച്ചേക്കാം?
5 ആളുകൾക്കും മാറ്റംവരുന്നു. അപ്പൊസ്തലനായ പൗലൊസ് ഒരിക്കൽ “ദൂഷകനും ഉപദ്രവിയും നിഷ്ഠുരനും ആയിരുന്നു.” (1 തിമൊ. 1:13) സമാനമായി, ഇന്ന് യഹോവയെ സേവിക്കുന്ന പലരും ഒരിക്കൽ സത്യതത്പരർ ആയിരുന്നില്ല. ചിലർ സുവാർത്തയോട് എതിർപ്പു പ്രകടിപ്പിച്ചവർപോലും ആയിരുന്നിരിക്കാം. മാറിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ ചില എതിരാളികളെയും നിസംഗതാ മനോഭാവമുള്ളവരെയും ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചേക്കാം. മറ്റു ചിലരാകട്ടെ, കുടുംബത്തിലെ ആരുടെയെങ്കിലും മരണം, ജോലിനഷ്ടം, സാമ്പത്തിക പ്രതിസന്ധി, ആരോഗ്യപ്രശ്നം എന്നിങ്ങനെയുള്ള ഏതെങ്കിലും ദുരന്തത്തിന്റെ ഫലമായി ഇപ്പോൾ സുവാർത്തയോടു നന്നായി പ്രതികരിച്ചേക്കാം.
6. നാം ഉത്സാഹത്തോടെ പ്രസംഗവേലയിൽ തുടരേണ്ടത് എന്തുകൊണ്ട്?
6 ഈ വ്യവസ്ഥിതി അതിന്റെ പരിസമാപ്തിയിലേക്കു നീങ്ങുമ്പോൾ നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ വേല അതിവേഗം മുന്നേറുകയാണ്. (യെശ. 60:22) അതുകൊണ്ട് നാം ഉത്സാഹത്തോടെ പ്രസംഗവേലയിൽ തുടരുകയും ഒരു ക്രിയാത്മക മനോഭാവം നിലനിറുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. നാം അടുത്തതായി കണ്ടുമുട്ടുന്ന വ്യക്തി നമ്മെ ശ്രദ്ധിച്ചേക്കാം. നാം സംസാരിച്ചുകൊണ്ടേയിരിക്കണം! ‘അങ്ങനെ ചെയ്താൽ നാം നമ്മെയും നമ്മുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.’—1 തിമൊ. 4:16.