നാം രാജ്യപ്രത്യാശ പങ്കുവെക്കുന്നു
1 ദുഷ്കരമായ ഈ അന്ത്യനാളുകളിൽ പ്രത്യാശയില്ലാതെ ജീവിതം തള്ളിനീക്കുന്നവരാണ് അനേകരും. (എഫെ. 2:12) മുന്നും പിന്നും ചിന്തിക്കാതെ സമ്പത്തിലും മനുഷ്യ ഭരണകർത്താക്കളിലും ആധുനിക ശാസ്ത്രത്തിലും വിശ്വാസം അർപ്പിച്ചിരിക്കുന്നവരുമുണ്ട്. ഭാവിയിലേക്കു പ്രത്യാശയോടെ നോക്കാൻ കഴിയുന്നതിൽ നാം എത്ര സന്തുഷ്ടരാണ്! അതേ, ‘ആത്മാവിന്റെ നങ്കൂരമായ നിശ്ചയവും സ്ഥിരവുമായ പ്രത്യാശ’യുള്ളവരാണു നാം.—എബ്രാ. 6:19.
2 ദൈവരാജ്യ ഭരണത്തിൻകീഴിൽ ഭൂമി ഒരു പറുദീസയായിത്തീരും. മരണം തട്ടിയെടുത്ത നമ്മുടെ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കു വരും. (പ്രവൃ. 24:15) പട്ടിണിയും അനീതിയും രോഗവും വാർധക്യവും മരണവും ഒക്കെ പഴങ്കഥകളായി മാറും. (സങ്കീ. 9:18; മത്താ. 12:19-21; വെളി. 21:3-5) പെട്ടെന്ന് സാക്ഷാത്കരിക്കപ്പെടാനിരിക്കുന്ന ദിവ്യവാഗ്ദാനങ്ങളിൽ ചിലതുമാത്രമാണിത്. ഏതു വാഗ്ദാനം നിവൃത്തിയേറിക്കാണാനാണ് നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്നത്?
3 സുവാർത്ത അറിയിക്കുക: രാജ്യപ്രത്യാശ നമ്മിൽത്തന്നെ ഒതുക്കിവെക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം യേശുവിന്റെ പാത പിന്തുടർന്നുകൊണ്ട് ‘ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാനും ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും’ നമ്മെ പ്രചോദിപ്പിക്കുന്നു. (ലൂക്കൊ. 4:18) അങ്ങാടിയിലും ആളുകളെ കണ്ടുമുട്ടിയ എല്ലാ സ്ഥലങ്ങളിലും അപ്പൊസ്തലനായ പൗലൊസ് രാജ്യസുവാർത്ത അറിയിച്ചു. പൗലൊസിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ശുശ്രൂഷ. (പ്രവൃ. 18:5) ആ മാതൃക പിൻചെന്ന് ശുശ്രൂഷയിൽ തീക്ഷ്ണതയോടെ പങ്കുപറ്റുന്നത് “ധനത്തിന്റെ വഞ്ചനയും മറ്റു വിഷയ മോഹങ്ങളും” നമ്മുടെ ക്രിസ്തീയ പ്രത്യാശയെ മങ്ങലേൽപ്പിക്കുന്നതു തടയും.—മർക്കൊ. 4:19.
4 ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധിക്കാതിരിക്കുകയോ വിലകുറച്ചു കാണുകയോ എതിർക്കുകയോ ചെയ്താലും നമ്മുടെ രാജ്യപ്രത്യാശയുടെ ഒളിമങ്ങുന്നില്ല. “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടി”ക്കും. (എബ്രാ. 10:23) ‘സുവിശേഷത്തെക്കുറിച്ചു നമുക്കു ലജ്ജയില്ല.’ (റോമ. 1:16) നമ്മുടെ ബോധ്യവും സ്ഥിരോത്സാഹവും സുവാർത്തയ്ക്ക് കാതോർക്കാൻ ഒരുനാൾ അവരെ പ്രേരിപ്പിക്കില്ലെന്ന് ആരുകണ്ടു?
5 ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയായി ലോകരംഗത്ത് അരങ്ങേറുന്ന മോശമായ അവസ്ഥകൾ ആളുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് ഉചിതമാണെങ്കിലും ദുഃഖവാർത്തകളുടെ വക്താക്കളല്ല നാം. മറിച്ച്, രാജ്യപ്രത്യാശ, അതേ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്തയാണ് നമ്മുടെ ശുശ്രൂഷയുടെ കേന്ദ്രബിന്ദു. “പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേ”ണ്ടതിന് ബോധ്യത്തോടും തീക്ഷ്ണതയോടും കൂടെ നമുക്ക് ഈ സുവാർത്ത പ്രസംഗിക്കാം.—എബ്രാ. 6:11.