ബൈബിളധ്യയനം നിങ്ങളുടെ ലക്ഷ്യമാക്കുക
1 “നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും.” (യോഹ. 4:35) യേശുക്രിസ്തുവിന്റെ ആ വാക്കുകൾ, ക്രിസ്തീയ ശുശ്രൂഷകർ ഇന്ന് അഭിമുഖീകരിക്കുന്ന സാഹചര്യം നന്നായി ചിത്രീകരിക്കുന്നു.
2 യഹോവയുടെ വഴികളെക്കുറിച്ചു പഠിക്കാനാഗ്രഹിക്കുന്ന ആത്മാർഥഹൃദയരായ ആളുകളെ ഇപ്പോഴും നാം കണ്ടുമുട്ടുന്നുണ്ട്. ഓരോ വർഷവും സ്നാനമേൽക്കുന്നവരുടെ എണ്ണം ഇതു വ്യക്തമാക്കുന്നു. ബൈബിളധ്യയനം നടത്താൻ നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്?
3 ലക്ഷ്യംവെക്കുക: ആദ്യംതന്നെ, ഒരു ബൈബിളധ്യയനം തുടങ്ങാനും അതു ക്രമമായി നടത്താനും ലക്ഷ്യംവെക്കുക. ഈ ലക്ഷ്യം മനസ്സിൽപ്പിടിച്ചുകൊണ്ട് വയൽശുശ്രൂഷയിലേർപ്പെടുക. സുവാർത്ത ഘോഷിക്കുന്നതോടൊപ്പം ആളുകളെ പഠിപ്പിക്കുന്നതും നമ്മുടെ ക്രിസ്തീയ നിയമനത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ബൈബിളധ്യയനവേലയിലുള്ള പങ്കു വർധിപ്പിക്കാൻ നാമെല്ലാം ശ്രമിക്കണം.—മത്താ. 24:14; 28:19, 20.
4 ഓർമിക്കേണ്ട മറ്റുചില കാര്യങ്ങൾ: രാജ്യഘോഷകർ ആത്മാർഥമായി പ്രാർഥിക്കേണ്ടത് അനിവാര്യമാണ്. ആത്മീയ സഹായത്തിനായി പ്രാർഥിക്കുന്ന ആളുകളെ ചിലപ്പോഴൊക്കെ നാം കണ്ടുമുട്ടാറുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്താനും പഠിപ്പിക്കാനും യഹോവയാൽ ഉപയോഗിക്കപ്പെടുന്നത് എന്തൊരു അനുഗ്രഹമാണ്!—ഹഗ്ഗാ. 2:7; പ്രവൃ. 10:1, 2.
5 ബൈബിളധ്യയനം ലഭിക്കാൻ പ്രാർഥിച്ച ഒരു സഹോദരി, ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയുടെ കോപ്പികൾ തന്റെ ജോലിസ്ഥലത്ത് സഹപ്രവർത്തകർ കാണത്തക്കവിധം വെച്ചു. ഒരു സ്ത്രീ അതിലൊന്നെടുത്തു വായിക്കുകയും അതിലെ കൂപ്പൺ പൂരിപ്പിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ സഹോദരി അവരോടു സംസാരിക്കുകയും ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു.
6 ബൈബിളധ്യയനം നടത്താനുള്ള ലക്ഷ്യത്തിലെത്താൻ, അവ കണ്ടെത്തുകയും നടത്തുകയും ചെയ്യുന്നതിൽ സമർഥരായ സഹവിശ്വാസികൾക്കു നിങ്ങളെ സഹായിക്കാനാകും. അധ്യയനം ലഭിക്കാൻ പ്രാർഥനാപൂർവം ശ്രമിക്കുക. ലഭ്യമായ എല്ലാ സഹായങ്ങളും നന്നായി പ്രയോജനപ്പെടുത്തുക. ഒരുപക്ഷേ, ബൈബിളധ്യയനം നടത്തുന്നതിന്റെ സന്തോഷം പെട്ടെന്നുതന്നെ നിങ്ങൾക്ക് അനുഭവിക്കാനാകും.