‘അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുക’
1. ഫലപ്രദരായ ശുശ്രൂഷകരാകാൻ നമുക്കെങ്ങനെ കഴിയും?
1 റബ്ബിമാരുടെ സ്കൂളുകളിൽ പഠിച്ചിട്ടില്ലായിരുന്നെങ്കിലും ചരിത്രം കണ്ടിട്ടുള്ളതിലേക്കും മഹാനായ ശുശ്രൂഷകനായിരുന്നു യേശു. അവന്റെ ശുശ്രൂഷ സംബന്ധിച്ച ലിഖിത രേഖ നമ്മുടെ പ്രയോജനത്തിനായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിൽ നാം നന്ദിയുള്ളവരാണ്. ഫലപ്രദരായ ശുശ്രൂഷകരാകാൻ നാം ‘അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരണം.’—1 പത്രൊ. 2:21, NW.
2. ആളുകളോട് ക്രിസ്തുതുല്യ സ്നേഹം നട്ടുവളർത്താൻ നമ്മെ എന്തു സഹായിക്കും?
2 സ്നേഹം പ്രകടമാക്കുക: ആളുകളോടുള്ള സ്നേഹപുരസ്സരമായ താത്പര്യം യേശുവിനു പ്രചോദനമേകി. (മർക്കൊ. 6:30-34) നമ്മുടെ പ്രദേശത്തുള്ള മിക്കവരുടെയും ജീവിതം യാതനാനിർഭരമാണ്. അവർ സത്യം അറിയേണ്ടത് അടിയന്തിരമാണ്. (റോമ. 8:22) അവരുടെ ദാരുണാവസ്ഥയെക്കുറിച്ചും യഹോവയ്ക്ക് അവരോടുള്ള സ്നേഹനിർഭരമായ താത്പര്യത്തെക്കുറിച്ചും ചിന്തിക്കുന്നത് സുവാർത്ത ഘോഷിക്കുന്നതിൽ തുടരാൻ നമ്മെ പ്രചോദിപ്പിക്കും. (2 പത്രൊ. 3:9) കൂടാതെ, ആളുകളുടെ കാര്യത്തിൽ നമുക്കു യഥാർഥ താത്പര്യമുണ്ടെന്ന് അവർ മനസ്സിലാക്കുന്നപക്ഷം നമ്മുടെ സന്ദേശത്തോട് അവർ പെട്ടെന്നു പ്രതികരിക്കും.
3. ഏതെല്ലാം അവസരങ്ങളിൽ യേശു മറ്റുള്ളവരോടു സാക്ഷീകരിച്ചു?
3 എല്ലാ അവസരങ്ങളിലും സംസാരിക്കുക: മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാനുള്ള എല്ലാ അവസരങ്ങളും യേശു പ്രയോജനപ്പെടുത്തി. (മത്താ. 4:23; 9:9; യോഹ. 4:7-10) സമാനമായി, അനുദിന കാര്യാദികളിൽ ഏർപ്പെടവേ സത്യത്തെക്കുറിച്ചു സംസാരിക്കുന്നതിനു തയ്യാറായിരിക്കാൻ നാമാഗ്രഹിക്കുന്നു. ജോലിസ്ഥലത്തോ സ്കൂളിലോ യാത്രാവേളയിലോ ഷോപ്പിങ്ങിനിടയിലോ സാക്ഷീകരിക്കേണ്ടതിന് ചിലർ ബൈബിളും സാഹിത്യങ്ങളും കൂടെക്കരുതുന്നു.
4. നമുക്കെങ്ങനെ ദൈവരാജ്യത്തെ നമ്മുടെ അവതരണവിഷയമാക്കാം?
4 രാജ്യത്തിന് ഊന്നൽനൽകുക: രാജ്യത്തിന്റെ സുവാർത്തയായിരുന്നു യേശുവിന്റെ പ്രസംഗവിഷയം. (ലൂക്കൊ. 4:43) നമ്മുടെ അവതരണം ദൈവരാജ്യത്തെ നേരിട്ടു പരാമർശിക്കാതിരുന്നേക്കാമെങ്കിലും ആ രാജ്യത്തിന്റെ ആവശ്യം കാണാൻ നാം വീട്ടുകാരനെ സഹായിക്കണം. നാം അന്ത്യനാളുകളിലാണു ജീവിക്കുന്നതെന്നു തെളിയിക്കുന്ന ദുഷിച്ച ലോകാവസ്ഥകൾ പരാമർശിക്കുമ്പോഴും “നന്മ സുവിശേഷിക്കു”കയെന്നതാണ് നമ്മുടെ മുഖ്യോദ്ദേശ്യം.—റോമ. 10:15.
5. ശുശ്രൂഷ ഫലപ്രദമാക്കുന്നതിൽ ബൈബിളിന്റെ പങ്കെന്ത്?
5 ദൈവവചനത്തിൽ ആശ്രയിക്കുക: തന്റെ ശുശ്രൂഷയിലുടനീളം യേശു തിരുവെഴുത്തുകളിൽ ആശ്രയിച്ചു. അവൻ സ്വന്തമായി ഒന്നും പഠിപ്പിച്ചില്ല. (യോഹ. 7:16, 18) ദൈവവചനം അവന് ആഹാരമായിരുന്നു; സാത്താന്യ ആക്രമണം നേരിട്ടപ്പോൾ അവനതു തനിക്കുതന്നെ ബാധകമാക്കി. (മത്താ. 4:1-4) മറ്റുള്ളവരെ ഫലകരമായി പഠിപ്പിക്കാൻ നാം ദിവസേന ബൈബിൾ വായിക്കുകയും അതു ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യണം. (റോമ. 2:21) ശുശ്രൂഷയിൽ അഭിമുഖീകരിക്കുന്ന ചോദ്യങ്ങൾക്കു തിരുവെഴുത്തിന്റെ പിൻബലത്തോടെ നാം ഉത്തരം നൽകണം, സാധ്യമാകുമ്പോഴെല്ലാം ബൈബിളിൽനിന്നു നേരിട്ടു വായിക്കുകയും വേണം. സ്വന്തം ആശയങ്ങളല്ല മറിച്ച് ദൈവത്തിന്റെ ചിന്തകളാണ് നാം അറിയിക്കുന്നതെന്ന് വീട്ടുകാരൻ തിരിച്ചറിയാൻ നാമാഗ്രഹിക്കുന്നു.
6. ശ്രോതാക്കളുടെ ഹൃദയത്തിലെത്താൻ യേശു എന്തു ചെയ്തു?
6 പഠിതാക്കളുടെ ഹൃദയത്തിലെത്തിച്ചേരുക: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല.” (യോഹ. 7:46) യേശുവിനെ അറസ്റ്റുചെയ്യാതെ മടങ്ങിവന്നതെന്തുകൊണ്ട് എന്ന് മഹാപുരോഹിതന്മാരും പരീശന്മാരും ആരാഞ്ഞപ്പോൾ പടയാളികൾ നൽകിയ ഉത്തരമാണത്. കേവലം വസ്തുതകൾ കൈമാറുന്നതിനു പകരം ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുംവിധമായിരുന്നു യേശു പഠിപ്പിച്ചത്. (ലൂക്കൊ. 24:32) തന്റെ വാക്കുകൾക്കു ചൈതന്യം പകരാൻ ജീവഗന്ധിയായ ദൃഷ്ടാന്തങ്ങൾ അവൻ ഉപയോഗിച്ചു. (മത്താ. 13:34) വിവരബാഹുല്യത്താൽ അവൻ അവരെ വീർപ്പുമുട്ടിച്ചില്ല. (യോഹ. 16:12) തന്നിലേക്കല്ല, പിന്നെയോ യഹോവയിലേക്കാണ് അവൻ ആളുകളുടെ ശ്രദ്ധക്ഷണിച്ചത്. നമ്മുടെ പഠിപ്പിക്കലിനു നിരന്തരം ശ്രദ്ധകൊടുത്താൽ മാത്രമേ യേശുവിനെപ്പോലെ നല്ല അധ്യാപകരാകാൻ നമുക്കു കഴിയൂ.—1 തിമൊ. 4:16.
7. യേശു ശുശ്രൂഷയിൽ ഉറച്ചുനിന്നത് എന്തുകൊണ്ട്?
7 നിസ്സംഗതയും എതിർപ്പും ഗണ്യമാക്കാതെ: യേശു അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചെങ്കിലും അനേകരും അവനെ ശ്രദ്ധിച്ചില്ല. (ലൂക്കൊ. 10:13) “അവന്നു ബുദ്ധിഭ്രമം ഉണ്ട്” എന്നായിരുന്നു കുടുംബാംഗങ്ങൾപോലും കരുതിയത്. (മർക്കൊ. 3:21) എങ്കിലും യേശു പിടിച്ചുനിന്നു. മനുഷ്യരെ സ്വതന്ത്രരാക്കാൻ കഴിയുന്ന സത്യം തന്റെ പക്കലുണ്ടെന്നു പൂർണ ബോധ്യമുണ്ടായിരുന്നതിനാൽ അവൻ ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തി. (യോഹ. 8:32) യഹോവയിൽനിന്നുള്ള സഹായത്താൽ ശുശ്രൂഷയിൽ ഉറച്ചുനിൽക്കാൻ നാമും ദൃഢചിത്തരാണ്.—2 കൊരി. 4:1.
8, 9. സുവാർത്തയ്ക്കായി ത്യാഗങ്ങൾ അനുഷ്ഠിക്കുന്നതിൽ നമുക്കെങ്ങനെ യേശുവിനെ അനുകരിക്കാം?
8 ത്യാഗങ്ങൾ ചെയ്യുക, പൂർണമായി പങ്കുപറ്റുക: ശുശ്രൂഷയ്ക്കായി യേശു സുഖസൗകര്യങ്ങൾ ത്യാഗംചെയ്തു. (മത്താ. 8:20) അവൻ അക്ഷീണം പ്രസംഗിച്ചു, ചിലപ്പോഴൊക്കെ നന്നേ വൈകിയും. (മർക്കൊ. 6:35, 36) വേല പൂർത്തിയാക്കാനുള്ള സമയം പരിമിതമാണെന്ന് അവനറിയാമായിരുന്നു. “കാലം ചുരുങ്ങിയിരിക്കുന്ന”തിനാൽ യേശുവിനെപ്പോലെ സമയവും ഊർജവും ആസ്തികളും നാം ത്യാഗംചെയ്യണം.—1 കൊരി. 7:29-31.
9 യേശുവിൽനിന്നു പഠിച്ചതിനാൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഫലപ്രദരായ ശുശ്രൂഷകരായിരുന്നു. (പ്രവൃ. 4:13) ചരിത്രം കണ്ടിട്ടുള്ളതിലേക്കും മഹാനായ ശുശ്രൂഷകനെ അനുകരിക്കുന്നെങ്കിൽ നമുക്കും ശുശ്രൂഷ നിറപടിയായി നിവർത്തിക്കാനാകും.—2 തിമൊ. 4:5.