ദുഃഖിതരെ ആശ്വസിപ്പിക്കുക
1. ദുഃഖിതർക്ക് ആശ്വാസം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
1 പ്രിയപ്പെട്ട ഒരാളുടെ മരണം ഹൃദയഭേദകമാണ്, പ്രത്യേകിച്ച് രാജ്യപ്രത്യാശ ഇല്ലാത്തവരുടെ കാര്യത്തിൽ. (1 തെസ്സ. 4:13) ‘ആളുകൾ മരിക്കുന്നത് എന്തുകൊണ്ട്? അവർക്കെന്തു സംഭവിക്കുന്നു? എന്റെ പ്രിയപ്പെട്ടവരെ എന്നെങ്കിലും എനിക്കു കാണാനാകുമോ?’ എന്നൊക്കെ പലരും ചിന്തിക്കാറുണ്ട്. ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മരണത്തെപ്രതി ദുഃഖിച്ചിരിക്കുന്നവരെ വയൽസേവനത്തിൽ കണ്ടെത്തുന്നെങ്കിൽ അവരെ ആശ്വസിപ്പിക്കാൻ കഴിയുന്ന ചില നിർദേശങ്ങളിതാ.—യെശ. 61:2.
2. വീട്ടുകാരൻ അതീവദുഃഖത്തിലാണെങ്കിൽ ദീർഘമായ ഒരു സാക്ഷീകരണം നടത്തേണ്ടതുണ്ടോ?
2 വീടുതോറും: അടുത്തയിടെ കുടുംബത്തിൽ ഒരാൾ മരിച്ചതായി ഒരു വീട്ടുകാരൻ നിങ്ങളോടു പറഞ്ഞേക്കാം. അദ്ദേഹം അതീവ ദുഃഖത്തിലാണോ? വിഷാദമഗ്നരായ ബന്ധുക്കളെ വീട്ടിൽ കാണാനാകുന്നുണ്ടോ? അത്തരം സന്ദർഭങ്ങളിൽ ദീർഘമായ സാക്ഷീകരണം നടത്താതിരിക്കുന്നതായിരിക്കും അഭികാമ്യം. (സഭാ. 3:1, 7) ഒരുപക്ഷേ ഖേദം പ്രകടിപ്പിക്കാനും വീട്ടുകാരനു വിരോധമില്ലെങ്കിൽ ഉചിതമായ ഒരു ലഘുലേഖയോ മാസികയോ ലഘുപത്രികയോ നൽകിക്കൊണ്ട് തിരിച്ചുപോരാനും നമുക്കാകും. ബൈബിളിൽനിന്നു കൂടുതലായ ആശ്വാസം നൽകാൻ ഉചിതമായ മറ്റൊരു സമയത്തു മടങ്ങിച്ചെല്ലാവുന്നതാണ്.
3. സാഹചര്യം അനുവദിക്കുന്നപക്ഷം, ദുഃഖാർത്തനായ ഒരു വീട്ടുകാരന് ഏതു തിരുവെഴുത്തുകൾ കാണിച്ചുകൊടുക്കാം?
3 ആദ്യ സന്ദർശനത്തിൽത്തന്നെ കൂടുതൽ കാര്യങ്ങൾ പറയാനാകുമെന്നു മറ്റു ചില സന്ദർഭങ്ങളിൽ നമുക്കു തോന്നിയേക്കാം. തെറ്റായ വീക്ഷണങ്ങൾ ഖണ്ഡിക്കാനുള്ള സമയമല്ല അതെങ്കിലും വീട്ടുകാരൻ സമ്മതിക്കുന്നപക്ഷം പുനരുത്ഥാനം സംബന്ധിച്ച ബൈബിൾ വാഗ്ദാനം വായിച്ചുകേൾപ്പിക്കാൻ നമുക്കായേക്കും. (യോഹ. 5:28, 29) അല്ലെങ്കിൽ മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ പറയുന്നതു കാണിച്ചുകൊടുക്കാവുന്നതാണ്. (സഭാ. 9:5, 10) പുനരുത്ഥാനം സംബന്ധിച്ച ഒരു തിരുവെഴുത്തു വിവരണവും ആശ്വാസദായകമായേക്കാം. (യോഹ. 11:39-44) വിശ്വസ്തനായ ഇയ്യോബ് പറഞ്ഞതും യഹോവയിലുള്ള അവന്റെ പ്രത്യാശ പ്രതിഫലിപ്പിക്കുന്നതുമായ വാക്കുകൾ പരിചിന്തിക്കുന്നതാണ് മറ്റൊരു സാധ്യത. (ഇയ്യോ. 14:14, 15) മടങ്ങിപ്പോരുന്നതിനുമുമ്പ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്നിവയിലൊന്നോ ഉചിതമായ മറ്റൊരു ലഘുപത്രികയോ ലഘുലേഖയോ നൽകാവുന്നതാണ്. അല്ലെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിച്ചശേഷം അതിന്റെ ആറാം അധ്യായത്തിലെ വിവരങ്ങളിലേക്കു ശ്രദ്ധക്ഷണിക്കാനും ആ വിഷയം ചർച്ചചെയ്യാൻ പിന്നീടു മടങ്ങിച്ചെല്ലുന്നതിനു ക്രമീകരിക്കാനും കഴിയും.
4. ആശ്വാസമരുളാൻ മറ്റെന്തു സന്ദർഭങ്ങൾ നമുക്കുണ്ട്?
4 മറ്റു സന്ദർഭങ്ങളിൽ: ചരമപ്രസംഗമോ അനുസ്മരണചടങ്ങോ രാജ്യഹാളിൽ നടത്തപ്പെടുമ്പോൾ അവിശ്വാസികൾ സന്നിഹിതരാകാൻ സാധ്യതയുണ്ടോ? ആശ്വാസം പ്രദാനംചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ അവർക്കു നൽകാവുന്നതാണ്. കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരുന്ന ഹ്രസ്വമായ കത്തുകളെഴുതാൻ പത്രങ്ങളിലെ ചരമ അറിയിപ്പുകൾ ചിലപ്പോഴൊക്കെ വഴിതുറന്നിട്ടുണ്ട്. ഏതാനും ലഘുലേഖകൾ സഹിതം ഒരു കത്തു ലഭിച്ച വിഭാര്യനായ ഒരു വ്യക്തി മകളോടൊപ്പം പ്രസാധകന്റെ വീട്ടിൽച്ചെന്ന് ഇങ്ങനെ ചോദിച്ചു: “നിങ്ങളാണോ എനിക്കീ കത്തയച്ചത്? ബൈബിളിനെക്കുറിച്ചു കൂടുതലറിയാൻ എനിക്കാഗ്രഹമുണ്ട്!” അദ്ദേഹവും മകളും ബൈബിളധ്യയനത്തിനു സമ്മതിക്കുകയും സഭായോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങുകയും ചെയ്തു.
5. ദുഃഖിതരെ ആശ്വസിപ്പിക്കാനുള്ള അവസരങ്ങൾ തിരിച്ചറിയാൻ നാം ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
5 “വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്,” സഭാപ്രസംഗി 7:2 പറയുന്നു. സാധാരണയായി, ഉല്ലാസപ്രിയരെക്കാൾ ദുഃഖമനുഭവിക്കുന്നവരാണ് ദൈവവചനം ശ്രദ്ധിക്കാൻ കൂടുതൽ ചായ്വ് കാണിക്കുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള ഉചിതമായ അവസരങ്ങൾ തിരിച്ചറിയാൻ നാമെല്ലാം ശ്രദ്ധയുള്ളവരായിരിക്കണം.