യഹോവയെ സ്നേഹിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുക
1. ചിലരെ യഹോവയിലേക്ക് ആകർഷിക്കുന്നത് എന്ത്?
1 യഹോവയെക്കുറിച്ച് ആദ്യമായി കേട്ട സന്ദർഭം നിങ്ങൾ ഓർക്കുന്നുണ്ടോ? നിങ്ങളെ അവനിലേക്ക് ആകർഷിച്ചത് എന്താണ്? സ്രഷ്ടാവിന്റെ അനുപമ ഗുണങ്ങളെക്കുറിച്ച്, വിശേഷിച്ച് അനുകമ്പയെയും സ്നേഹത്തെയും കുറിച്ച്, മനസ്സിലാക്കിയതാണ് ആത്മാർഥഹൃദയരായ അനേകരെയും അവനോട് അടുപ്പിച്ചത്.—യോഹ. 4:8.
2, 3. യഹോവയോടുള്ള സ്നേഹത്തിൽ വളർന്നുവരുന്നതിനു വിദ്യാർഥികളെ സഹായിക്കാൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം എങ്ങനെ ഉപയോഗിക്കാം?
2 “ഇതാ, നമ്മുടെ ദൈവം”: ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം യഹോവയുടെ സ്നേഹത്തിനും അവനുമായുള്ള വ്യക്തിപരമായ ബന്ധത്തിനും ഊന്നൽ നൽകുന്നു. ദൈവത്തോടുള്ള സ്നേഹത്തിൽ എങ്ങനെ വളർന്നുവരാമെന്നു മറ്റുള്ളവരെ പഠിപ്പിക്കാൻ ഈ പുസ്തകം നമുക്കെങ്ങനെ ഉപയോഗിക്കാം? ഒരു പുതിയ ആശയം ചർച്ച ചെയ്യുമ്പോൾ പിൻവരുന്നതുപോലുള്ള ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്: “ഈ സത്യം യഹോവയെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?” അല്ലെങ്കിൽ “ആർക്കും അഭികാമ്യനായ പിതാവാണ് യഹോവയെന്നതിന് ഈ ആശയം തെളിവു നൽകുന്നത് എങ്ങനെ?” ഈ വിധത്തിൽ പഠിപ്പിക്കുന്നത് യഹോവയുമായുള്ള ആജീവനാന്ത ബന്ധത്തിനു തുടക്കംകുറിക്കാൻ വിദ്യാർഥിയെ സഹായിക്കും.
3 ജീവനുള്ള ഏകസത്യദൈവത്തെ സംബന്ധിച്ച പരിജ്ഞാനം സമ്പാദിക്കുന്നത് എത്ര വിലയേറിയ കാര്യമാണെന്നു തിരിച്ചറിയാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുമ്പോൾ “ഇതാ, നമ്മുടെ ദൈവം” എന്നു യെശയ്യാവിനെപ്പോലെ അവർ ഏറ്റുപറയാനിടയാകും. (യെശ. 25:9) ദൈവവചനം പഠിപ്പിക്കവേ, യഹോവയുടെ ഉദ്ദേശ്യങ്ങൾ യേശുക്രിസ്തു രാജാവായുള്ള ഗവണ്മെന്റ് മുഖേന നിറവേറുമ്പോൾ മനുഷ്യവർഗം എത്രമാത്രം അനുഗ്രഹിക്കപ്പെടുമെന്നു നാം ഊന്നിപ്പറയേണ്ടതുണ്ട്.—യെശ. 9:6, 7.
4, 5. യഹോവയോടുള്ള സ്നേഹത്തിന്റെ അർഥമെന്ത്?
4 യഹോവയോടുള്ള സ്നേഹത്തിന്റെ തെളിവ്: പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ യഹോവയെ സ്നേഹിക്കുന്നത് കേവലം വൈകാരികമായ ഒരു തലത്തിൽ ഒതുങ്ങിനിൽക്കുന്നില്ല. നാം അവന്റെ ചിന്താഗതിയോട് അനുരൂപപ്പെടുകയും അതിനോടു പറ്റിനിൽക്കുകയും വേണം. (സങ്കീ. 97:10) ദൈവത്തിന്റെ കൽപ്പനകൾ പൂർണമായി അനുസരിക്കുന്നതും ക്ലേശങ്ങളുടെയും എതിർപ്പിന്റെയും മധ്യേപോലും “വിശുദ്ധജീവനവും ഭക്തിയും” മുറുകെപ്പിടിക്കുന്നതുമാണ് ദൈവത്തോടുള്ള സ്നേഹത്തിന്റെ ലക്ഷണം.—2 പത്രൊ. 3:11, 12; 2 യോഹ. 6.
5 സ്നേഹത്താൽ പ്രചോദിതമായി ദൈവേഷ്ടം ചെയ്യുന്നത് എത്ര സംതൃപ്തിദായകമാണ്! (സങ്കീ. 40:8) ദൈവത്തിന്റെ കൽപ്പനകളെല്ലാം അവന്റെ ദാസന്മാരുടെ നിത്യനന്മയ്ക്കുവേണ്ടിയാണെന്നു തിരിച്ചറിയാൻ ബൈബിൾവിദ്യാർഥിക്ക് കഴിയണം. (ആവ. 10:12, 13) യഹോവയുടെ മാർഗനിർദേശത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ടാണ് ഒരുവന് ദൈവത്തിന്റെ മഹദ്ചെയ്തികളോടുള്ള ആഴമായ വിലമതിപ്പ് പ്രകടിപ്പിക്കാനാകുക. യഹോവയുടെ നീതിനിഷ്ഠമായ പാതകളിൽ നടക്കുന്നതിലൂടെ പല ഹൃദയവേദനകളും ഒഴിവാക്കാനാകുമെന്നു കാണാൻ വിദ്യാർഥിയെ സഹായിക്കുക.
6. യഹോവയെ സ്നേഹിക്കുന്നതിന്റെ അനുഗ്രഹങ്ങൾ എന്തെല്ലാം?
6 ദൈവത്തെ സ്നേഹിക്കുന്നവർക്കുള്ള പ്രതിഫലം: തന്നെ സ്നേഹിക്കുന്ന താഴ്മയുള്ളവരെ യഹോവ പരിപാലിക്കുകയും അവർക്ക് “ദൈവത്തിന്റെ ആഴങ്ങളെ” വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. (1 കൊരി. 2:9, 10) യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച ഗ്രാഹ്യമുള്ളതിനാൽ അവർക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും സുനിശ്ചിതമായ പ്രത്യാശയുമാണുള്ളത്. (യിരെ. 29:11) തന്നെ സ്നേഹിക്കുന്നവരോട് യഹോവ അസാധാരണ ദയ കാണിക്കുന്നു. (പുറ. 20:6) ദൈവത്തിന് അവരോട് അങ്ങേയറ്റം സ്നേഹവുമുണ്ട്. അതിനാൽ നിത്യം ജീവിക്കാനുള്ള പ്രത്യാശയുള്ളവരാണ് അവർ.—യോഹ. 3:16.
7. യഹോവയെ സ്നേഹിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
7 നമ്മുടെ സ്വർഗീയ പിതാവിനെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ അത്രയധികം കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ നമുക്കു കഴിയും. (മത്താ. 13:52) യഹോവയെ സ്നേഹിക്കാൻ മറ്റുള്ളവരെ, പ്രത്യേകിച്ച് നമ്മുടെ മക്കളെ പഠിപ്പിക്കാനാകുന്നത് എത്ര അമൂല്യമായ പദവിയാണ്! (ആവ. 6:5-7) യഹോവയുടെ വലിയ നന്മ അനുഭവിച്ചറിയവേ, ബൈബിൾവിദ്യാർഥികളോടൊപ്പം തുടർന്നും നമുക്കവനു സ്തുതി കരേറ്റാം.—സങ്കീ. 145:7.