വ്യക്തിപരവും കുടുംബപരവുമായ ബൈബിൾപഠനം അതിപ്രധാനം!
1. ഇന്ന് ഭരണസംഘം എന്തിൽ തത്പരരാണ്, എന്തുകൊണ്ട്?
1 ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും യഹോവയുടെ ജനത്തിന്റെ ക്ഷേമത്തിൽ അതീവതത്പരരാണ് ഭരണസംഘം. (പ്രവൃ. 15:6, 28) മഹാകഷ്ടത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന ഈ സമയത്ത് ഓരോ രാജ്യഘോഷകനും യഹോവയുമായി ശക്തമായ ഒരു ബന്ധത്തിലേക്കു വരേണ്ടത് ജീവത്പ്രധാനമാണ്. മുമ്പ് സഭാപുസ്തകാധ്യയനത്തിനായി നീക്കിവെച്ചിരുന്ന സമയം നിങ്ങൾ എങ്ങനെ വിനിയോഗിക്കും? കുടുംബ ആരാധനയ്ക്കായി ആ സമയം ഉപയോഗിക്കാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ്. ആ സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നപക്ഷം, ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജീവദായകജലം കോരിയെടുക്കാൻ നമുക്കാകും.—സങ്കീ. 1:1-3; റോമ. 11:33, 34.
2. കുടുംബ ആരാധനയ്ക്കായുള്ള സായാഹ്നത്തിൽ എന്തു ചെയ്യണം?
2 കുടുംബ ആരാധനയ്ക്കായി ഒരു സായാഹ്നം: അർഥവത്തായ ബൈബിൾപഠനം കുടുംബത്തിലുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ദൈവദത്ത ഉത്തരവാദിത്വം നിറവേറ്റാൻ എല്ലാ കുടുംബനാഥന്മാരെയും പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങൾ. (ആവ. 6:6, 7) കുടുംബ ഉത്തരവാദിത്വങ്ങളില്ലാത്ത ഏകാകികളായ സഹോദരീസഹോദരന്മാർക്ക് വ്യക്തിപരമായ ബൈബിൾപഠനത്തിനും ഗവേഷണത്തിനും വേണ്ടി ഈ സമയം വിനിയോഗിക്കാവുന്നതാണ്. പഠനത്തിനും ധ്യാനത്തിനുമായി നാം “സമയം തക്കത്തിൽ ഉപയോഗി”ക്കേണ്ടത് അതിപ്രധാനമാണ്; ഈ ‘ദുഷ്കാലത്ത്’ ഉറച്ചുനിൽക്കാൻവേണ്ട ആത്മീയബലം ലഭിക്കുന്നതിന് അതു കൂടിയേ തീരൂ.—എഫെ. 5:15, 16.
3, 4. പഠിക്കാനുള്ള വിഷയം തിരഞ്ഞെടുക്കുന്നതിനോടുള്ള ബന്ധത്തിൽ ലഭിച്ചിരിക്കുന്ന ചില മാർഗനിർദേശങ്ങൾ ഏവ, നമ്മുടെ ലക്ഷ്യമെന്തായിരിക്കണം?
3 എന്തു പഠിക്കണം? വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയോ സി.ഡി.-റോമിലുള്ള വാച്ച്ടവർ ലൈബ്രറിയോ ഉപയോഗിച്ച് ബൈബിൾപഠനം ആനന്ദദായകമാക്കുന്നതരം വിവരങ്ങൾ കണ്ടെത്താൻ നിങ്ങൾക്കാകും. വീക്ഷാഗോപുരത്തിലെ, “കുടുംബസന്തുഷ്ടിയുടെ രഹസ്യം,” “മക്കളെ പഠിപ്പിക്കാൻ,” “നമ്മുടെ യുവജനങ്ങൾക്ക്” തുടങ്ങിയ സ്ഥിരം പംക്തികളും പഠനത്തിനായി ഉപയോഗിക്കാവുന്നതാണ്. ഉണരുക!യിലാണെങ്കിൽ “യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയും സൃഷ്ടിയിലെ അത്ഭുതങ്ങൾ സംബന്ധിച്ച ആകർഷമായ മറ്റു ലേഖനങ്ങളുമുണ്ട്.
4 തിടുക്കംകൂട്ടാതെ ബൈബിൾ വായിക്കുന്നത് ദൈവികതത്ത്വങ്ങളും ഗുണപാഠങ്ങളും കുടുംബത്തിലെ എല്ലാവരുടെയും മനസ്സിൽ പതിയാൻ ഇടയാക്കും. (എബ്രാ. 4:12) യഹോവയുടെ സംഘടന തയ്യാറാക്കിയിരിക്കുന്ന ഏതെങ്കിലും വീഡിയോ കണ്ട് ചർച്ചചെയ്യാനും കുടുംബങ്ങൾക്കാകും. ഇഷ്ടപ്പെട്ട വിഷയങ്ങൾ കണ്ടെത്താനും പഠനം ആസ്വദിക്കാനുമുള്ള അവസരങ്ങൾ ധാരാളമുണ്ട്. ഏതു വിഷയം, എങ്ങനെ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കുടുംബാംഗങ്ങളോടു ചോദിക്കരുതോ?
5. വ്യക്തിപരവും കുടുംബപരവുമായ ബൈബിൾപഠനം ഇന്ന് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 ഇപ്പോൾ പ്രധാനമായിരിക്കുന്നതിന്റെ കാരണം: നമ്മുടെ ആത്മീയത ബലിഷ്ഠമാക്കുന്നത് ‘ഉറച്ചുനിൽക്കാനും’ ‘യഹോവ ചെയ്യാനിരിക്കുന്ന രക്ഷകാണാനും’ നമ്മെ സജ്ജരാക്കും. (പുറ. 14:13) “വക്രതയും കോട്ടവുമുളള തലമുറയുടെ നടുവിൽ” മക്കളെ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾക്ക് ദിവ്യമാർഗനിർദേശം കൂടിയേ തീരൂ. (ഫിലി. 2:14) സ്കൂളിലെ ധാർമികമായി അധപ്പതിച്ചുകൊണ്ടിരിക്കുന്ന ചുറ്റുപാടിലും വിശ്വസ്തതയോടെ ഉറച്ചുനിൽക്കുന്നതിന് കുട്ടികൾക്ക് സഹായം ആവശ്യമാണ്. (സദൃ. 22:3, 6) യഹോവ ഉൾപ്പെട്ട “മുപ്പിരിച്ചരട്” ബലിഷ്ഠമാക്കാൻ ഭാര്യാഭർത്താക്കന്മാർ ശ്രമിക്കേണ്ടതാണ്. (സഭാ. 4:12) അതുകൊണ്ട് ശേഷിച്ചിരിക്കുന്ന സമയം നമ്മുടെ “അതിവിശുദ്ധ വിശ്വാസത്തെ” ബലിഷ്ഠമാക്കാനായി നമുക്ക് ജ്ഞാനപൂർവം ഉപയോഗിക്കാം!—യൂദാ 20.