ദൈവഭരണത്തിൽ എല്ലാ സൃഷ്ടികളും ഐക്യത്തിലും സമാധാനത്തിലും ആയിരുന്നു
ദൈവരാജ്യം നമുക്ക് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
മനുഷ്യചരിത്രത്തിന്റെ ആരംഭത്തിൽ നമ്മളെ ഭരിക്കാൻ ഒരു ഭരണാധികാരി മാത്രമാണ് ഉണ്ടായിരുന്നത്. സ്രഷ്ടാവായ യഹോവ. സ്നേഹത്തോടെ ഭരണം നടത്തിയ യഹോവ മനുഷ്യർക്കായി മനോഹരമായ ഒരു ഭവനം, ഏദെൻതോട്ടം ഉണ്ടാക്കി. അവിടെ അവർക്കു കഴിക്കാൻ സമൃദ്ധമായ ഭക്ഷണം ഒരുക്കി. അർഥവത്തായ ജോലിയും കൊടുത്തു. (ഉൽപത്തി 1:28, 29; 2:8, 15) യഹോവയുടെ ഭരണത്തിനു മനുഷ്യർ കീഴ്പെട്ടിരുന്നെങ്കിൽ അവർക്ക് ഇപ്പോഴും സമാധാനത്തോടെ കഴിയാമായിരുന്നു.
ആദ്യമനുഷ്യർ ദൈവത്തെ ഭരണാധികാരിയായി അംഗീകരിച്ചില്ല.
ദൈവത്തിന്റെ ഭരണവിധത്തെ ധിക്കരിച്ച മത്സരിയായ ഒരു ദൂതനെക്കുറിച്ച് ബൈബിൾ പറയുന്നു. ആ ദൂതൻ പിന്നീട് പിശാചായ സാത്താൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ദൈവത്തിന്റെ നേതൃത്വവും ഭരണവും ഇല്ലെങ്കിൽ മനുഷ്യർ സന്തോഷമുള്ളവരായിരിക്കും എന്നു സാത്താൻ വാദിച്ചു. സങ്കടകരമായ കാര്യം, നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വയും സാത്താന്റെ വഴി പിന്തുടർന്നുകൊണ്ട് ദൈവത്തിന് എതിരെ മത്സരിച്ചു.—ഉൽപത്തി 3:1-6; വെളിപാട് 12:9.
ദൈവത്തിന്റെ ഭരണത്തെ ആദാമും ഹവ്വയും തള്ളിക്കളഞ്ഞതുകൊണ്ട് അവർക്കു പറുദീസാഭവനം നഷ്ടപ്പെട്ടു. ഒപ്പം നല്ല ആരോഗ്യത്തോടെ എന്നും ജീവിക്കാനുള്ള പ്രത്യാശയും ഇല്ലാതായി. (ഉൽപത്തി 3:17-19) അവരുടെ ആ തീരുമാനം പിൻതലമുറക്കാർക്കും ദോഷം ചെയ്തു. ആദാമിന്റെ പാപത്തിലൂടെ ‘പാപവും മരണവും ലോകത്തിൽ കടന്നു.’ (റോമർ 5:12) പാപം മറ്റൊരു ദുരന്തത്തിന് വഴിയൊരുക്കി: “മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തി . . . ഇക്കാലമത്രയും അവർക്കു ദോഷം ചെയ്തിരിക്കുന്നു.” (സഭാപ്രസംഗകൻ 8:9) മറ്റു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യൻ ഭരിക്കാൻ തുടങ്ങിയതോടെ എവിടെയും പ്രശ്നങ്ങൾ മാത്രമായി.
മനുഷ്യൻ ഭരിക്കാൻ തുടങ്ങി
നിമ്രോദ് യഹോവയ്ക്ക് എതിരെ മത്സരിച്ചു
ബൈബിളിൽ പറഞ്ഞിരിക്കുന്ന ആദ്യത്തെ മനുഷ്യഭരണാധികാരി നിമ്രോദാണ്. നിമ്രോദ് യഹോവയുടെ ഭരണത്തിന് എതിരെ മത്സരിച്ചു. നിമ്രോദിന്റെ കാലം മുതൽ ഇങ്ങോട്ട് ആളുകൾ അവരുടെ അധികാരം ദുരുപയോഗം ചെയ്തിരിക്കുന്നു. ഏതാണ്ട് 3,000 വർഷങ്ങൾക്കു മുമ്പ് ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: ‘അടിച്ചമർത്തപ്പെട്ടവരുടെ കണ്ണീർ ഞാൻ കണ്ടു. അവരെ ആശ്വസിപ്പിക്കാൻ ആരുമില്ലായിരുന്നു. അടിച്ചമർത്തുന്നവർ ശക്തരായിരുന്നു.’—സഭാപ്രസംഗകൻ 4:1.
ഇന്നും കാര്യങ്ങൾക്കു വലിയ മാറ്റം ഒന്നുമില്ല. “സമൂഹത്തിലെ എല്ലാ തിന്മകളുടെയും മൂലകാരണങ്ങളിൽ ഒന്ന്” മോശം ഭരണമാണ് എന്ന ചിന്ത കൂടിക്കൂടി വരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ 2009 ലെ ഒരു പ്രസിദ്ധീകരണം പറയുന്നു.
പ്രവർത്തിക്കാനുള്ള സമയം!
മനുഷ്യർക്കു നല്ല ഭരണസംവിധാനവും നല്ല ഭരണാധികാരികളും ആവശ്യമാണ്. അതു തന്നെയാണ് നമ്മുടെ സ്രഷ്ടാവ് നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതും!
മികച്ച മനുഷ്യഭരണാധികാരികൾക്കുപോലും മനുഷ്യന്റെ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടില്ല
അതിനായി ദൈവം ഒരു രാജ്യം അല്ലെങ്കിൽ ഗവൺമെന്റ് സ്ഥാപിച്ചിരിക്കുന്നു. അത് എല്ലാ മനുഷ്യഭരണങ്ങളെയും നീക്കി, “അതു മാത്രം എന്നും നിലനിൽക്കും.” (ദാനിയേൽ 2:44) ഈ രാജ്യത്തിനുവേണ്ടിയാണ് കോടിക്കണക്കിന് ആളുകൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നത്. (മത്തായി 6:9, 10) എന്നാൽ ദൈവം നേരിട്ട് ആയിരിക്കുമോ ഭരണം നടത്തുന്നത്? ഒരിക്കൽ മനുഷ്യനായി ജീവിച്ചിട്ടുള്ള ഒരു വ്യക്തിയെ അതിന്റെ ഭരണാധികാരിയായി ദൈവം നിയമിച്ചിരിക്കുന്നു. ആരാണ് അത്?