“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ”
1. “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദേശ്യം എന്താണ്?
1 ജനുവരി 4-ന് ആരംഭിക്കുന്ന വാരംമുതൽ സഭാ ബൈബിളധ്യയനത്തിൽ “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുതിയ പുസ്തകമായിരിക്കും നാം പഠിക്കുക. എത്ര ആകാംക്ഷയോടെയാണ് നാം അതിനായി കാത്തിരിക്കുന്നത്! യഹോവയെ സ്നേഹിക്കുന്ന ഓരോരുത്തരെയും സംബോധനചെയ്തുകൊണ്ടുള്ള ഭരണസംഘത്തിന്റെ കത്ത് ഇപ്രകാരം ഉപസംഹരിക്കുന്നു: “തുടർന്നും സത്യത്തിനു ചേർച്ചയിൽ ജീവിക്കാനും ‘നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളാനും’ ഈ പുസ്തകം നിങ്ങളെ സഹായിക്കുമാറാകട്ടെ!—യൂദാ 20, 21.”
2. ജീവിതത്തിന്റെ ഏതെല്ലാം മണ്ഡലങ്ങളിൽ ഈ പുസ്തകം നമ്മെ സഹായിക്കും?
2 എന്തു പ്രതീക്ഷിക്കണം: സഹവാസം, വിനോദം, അധികാരത്തോടുള്ള ആദരവ്, വ്യക്തിഗത ശീലങ്ങൾ, വിവാഹം, സംസാരം, ആചാരങ്ങൾ എന്നീ മണ്ഡലങ്ങളിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത് എങ്ങനെയാണ്? ദൈവവചനത്തിൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന നീതിയുടെ ഉയർന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ നമ്മുടെ മനസ്സാക്ഷി രൂപപ്പെടുത്തപ്പെടും. (സങ്കീ. 19:7, 8) യഹോവ കാര്യങ്ങളെ വീക്ഷിക്കുന്നവിധം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വർധിക്കുമ്പോൾ, അവനെ പ്രസാദിപ്പിക്കാനുള്ള സ്നേഹത്താൽ പ്രേരിതമായി ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും നാം അനുസരണം കാണിക്കും.—സദൃ. 27:11; 1 യോഹ. 5:3.
3. ഓരോ ആഴ്ചയും പഠിക്കുന്ന ഭാഗത്തെക്കുറിച്ച് അഭിപ്രായം പറയാൻ നാം നല്ല ശ്രമം ചെയ്യേണ്ടത് എന്തുകൊണ്ട്?
3 പങ്കെടുക്കാൻ ദൃഢനിശ്ചയമുള്ളവരായിരിക്കുക: അധ്യയനത്തിനായി തയ്യാറാകുമ്പോൾ, സഭാമധ്യേ ദൈവത്തെ സ്തുതിക്കാൻ ലക്ഷ്യംവെക്കുക. (എബ്രാ. 13:15) സഭ ഒത്തൊരുമിച്ചാണ് ഈ പുതിയ പുസ്തകം ചർച്ചചെയ്തു പഠിക്കുന്നത്. ഓരോ ആഴ്ചയും ഏതാനും ഖണ്ഡികകളേ പഠിക്കാനുള്ളൂ. അതുകൊണ്ട് നന്നായി പഠിച്ച് ആത്മവിശ്വാസത്തോടെ അഭിപ്രായം പറയാൻ നമുക്കെല്ലാവർക്കും കഴിയണം. നന്നായി തയ്യാറായി ചുരുങ്ങിയ വാക്കുകളിൽ പറയുന്ന അഭിപ്രായം, മറ്റുള്ളവരെ സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കും. മാത്രമല്ല, ചർച്ചയും ജീവസ്സുറ്റതും വിജ്ഞാനപ്രദവും ആയിരിക്കും. (എബ്രാ. 10:24) കൂടാതെ, നമ്മുടെ വിശ്വാസത്തെക്കുറിച്ച് നാം വ്യക്തിപരമായി അഭിപ്രായം പറയുമ്പോൾ അത് നമ്മുടെ സന്തോഷം വർധിപ്പിക്കുകയും ചെയ്യും.
4. നാം യഹോവയുടെ കൽപ്പനകൾ അനുസരിക്കേണ്ടത് അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
4 ദൈവസ്നേഹത്തിൽ നിലനിൽക്കുന്നതിന് യഹോവയുടെ കൽപ്പനകൾ അനുസരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് തന്റെ അവസാന രാത്രിയിൽ യേശു വ്യക്തമാക്കുകയുണ്ടായി. (യോഹ. 15:10) അനുദിന ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതിനും ‘ദൈവസ്നേഹത്തിൽ നമ്മെത്തന്നെ കാത്തുകൊള്ളു’ന്നതിനും മുമ്പെന്നത്തെക്കാൾ ഏറെ ദൃഢചിത്തരായിരിക്കാൻ ദൈവസ്നേഹം പുസ്തകം നമ്മെ സഹായിക്കും.—യൂദാ 21.