പ്രസംഗവേല നമ്മെ ആത്മീയമായി ശക്തരാക്കിനിറുത്തുന്നു
1. പ്രസംഗവേല നമുക്ക് എന്തു പ്രയോജനം കൈവരുത്തുന്നു?
1 പ്രസംഗവേലയിൽ സജീവമായി ഏർപ്പെടുമ്പോൾ നാം ആത്മീയമായി ശക്തരായിത്തീരുകയും നമ്മുടെ സന്തോഷം വർധിക്കുകയും ചെയ്യും. തീർച്ചയായും, യഹോവയെ സന്തോഷിപ്പിക്കുകയെന്നതാണ് നാം ശുശ്രൂഷയിലേർപ്പെടുന്നതിന്റെ പ്രധാന കാരണം. എന്നിരുന്നാലും, “വചനം പ്രസംഗിക്കുക” എന്ന കൽപ്പന അനുസരിക്കുന്നതിലൂടെ നമുക്ക് യഹോവയുടെ അനുഗ്രഹം ലഭിക്കുന്നു. മറ്റു വിധങ്ങളിലും അതു നമുക്കു പ്രയോജനം ചെയ്യുന്നു. (2 തിമൊ. 4:2; യെശ. 48:17, 18) പ്രസംഗവേല എങ്ങനെയാണ് നമ്മെ ശക്തരും സന്തുഷ്ടരുമാക്കുന്നത്?
2. ശുശ്രൂഷ നമ്മെ ശക്തിപ്പെടുത്തുന്നതെങ്ങനെ?
2 ബലിഷ്ഠരും അനുഗൃഹീതരും: ഇപ്പോഴത്തെ കുഴപ്പങ്ങളാൽ ചഞ്ചലരാകാതെ രാജ്യാനുഗ്രഹങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രസംഗപ്രവർത്തനം നമ്മെ സഹായിക്കുന്നു. (2 കൊരി. 4:18) ബൈബിളിന്റെ പഠിപ്പിക്കലുകൾ മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കുമ്പോൾ യഹോവയുടെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമായിത്തീരുകയും സത്യത്തോടുള്ള നമ്മുടെ വിലമതിപ്പ് വർധിക്കുകയും ചെയ്യും. (യെശ. 65:13, 14) ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ’ തക്കവണ്ണം ആത്മീയമായി വളരാൻ മറ്റുള്ളവരെ നാം സഹായിക്കവേ, ലോകത്തിൽനിന്നു വേർപെട്ടിരിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം കൂടുതൽ ശക്തമായിത്തീരും.—യോഹ. 17:14, 16; റോമ. 12:2.
3. ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്താൻ ശുശ്രൂഷ നമ്മെ സഹായിക്കുന്നതെങ്ങനെ?
3 ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്താൻ ശുശ്രൂഷയിലെ പങ്കുപറ്റൽ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, “എല്ലാവർക്കും എല്ലാമായി”ത്തീരാനുള്ള നമ്മുടെ ശ്രമം, കൂടുതൽ താഴ്മ വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നു. (1 കൊരി. 9:19-23) “ഇടയനില്ലാത്ത ആടുകളെപ്പോലെ ദ്രോഹിക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരു”മായവരോടു സംസാരിക്കവേ, സഹാനുഭൂതിയും സമാനുഭാവവും ഉള്ളവരായിരിക്കാൻ നാം പഠിക്കും. (മത്താ. 9:36) നിസ്സംഗതയോ പീഡനമോ ഗണ്യമാക്കാതെ മുന്നേറുമ്പോൾ നാം സഹിഷ്ണുത പഠിക്കുന്നു. മറ്റുള്ളവർക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ നമ്മുടെ സന്തോഷം വർധിക്കും.—പ്രവൃ. 20:35.
4. ശുശ്രൂഷയെ നിങ്ങളെങ്ങനെ വീക്ഷിക്കുന്നു?
4 നമ്മുടെ ആരാധനയ്ക്കു യോഗ്യനായ ഏകദൈവത്തിനു സ്തുതി കരേറ്റുന്ന ഒരു ശുശ്രൂഷ ചെയ്യാനുള്ളത് എന്തൊരനുഗ്രഹമാണ്! ആ ശുശ്രൂഷ നമ്മെ ശക്തരാക്കുന്നു. ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുന്നതിൽ’ മുഴുകിയിരിക്കുന്നവർക്ക് അതു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നു.—പ്രവൃ. 20:24.