ക്രിസ്തീയ ശുശ്രൂഷ—നമ്മുടെ ദൈവസ്നേഹത്തിന്റെ പ്രതിഫലനം
1. ദൈവസ്നേഹം എന്തു ചെയ്യാൻ യേശുവിനെ പ്രേരിപ്പിച്ചു?
1 തന്റെ ശുശ്രൂഷ നിർവഹിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത് സ്നേഹമായിരുന്നു. അവന്റെ ശുശ്രൂഷയുടെ ഓരോ വശവും യഹോവയോടുള്ള അവന്റെ സ്നേഹത്തെ പ്രതിഫലിപ്പിച്ചു. “ഞാൻ പിതാവിനെ സ്നേഹിക്കുന്നുവെന്ന് ലോകം അറിയേണ്ടതിന് പിതാവ് എന്നോടു കൽപ്പിച്ചതുപോലെയത്രേ ഞാൻ പ്രവർത്തിക്കുന്നത്,” അവൻ പറഞ്ഞു. (യോഹ. 14:31) യേശുവിന്റെ അനുഗാമികളെന്ന നിലയിൽ, ദൈവത്തോടുള്ള ആഴമായ സ്നേഹം ശുശ്രൂഷയിലൂടെ പ്രകടിപ്പിക്കാനുള്ള പദവി നമുക്കുമുണ്ട്.—മത്താ. 22:37; എഫെ. 5:1, 2.
2. യഹോവയോടുള്ള സ്നേഹം നമ്മുടെ ശുശ്രൂഷയെ ബാധിക്കുന്നത് എങ്ങനെ?
2 “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ”: യഹോവയെയും അവന്റെ രാജ്യക്രമീകരണങ്ങളെയും കുറിച്ചു മറ്റുള്ളവരോടു പറയാനുള്ള എല്ലാ അവസരങ്ങളും ഉത്സാഹപൂർവം പ്രയോജനപ്പെടുത്തുമ്പോൾ നാം ദൈവസ്നേഹം പ്രകടമാക്കുകയാണ്. ഫലത്തിൽ നാം അവന്റെ നാമവിശുദ്ധീകരണത്തിൽ പങ്കുചേരുകയാണ്. (സങ്കീ. 83:18; യെഹെ. 36:23; മത്താ. 6:9) യേശുവിന്റെ ശുശ്രൂഷയുടെ കാര്യത്തിലെന്നപോലെ, യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടാനും അവന്റെ ഇഷ്ടം ചെയ്യപ്പെടാനുമുള്ള നമ്മുടെ ആത്മാർഥമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് നമ്മുടെ ശുശ്രൂഷയും.—മത്താ. 26:39.
3. പ്രതിബന്ധങ്ങൾ തരണംചെയ്യാൻ യഹോവയോടുള്ള സ്നേഹം ഏതു വിധത്തിൽ നമ്മെ സഹായിക്കും?
3 പ്രതിബന്ധങ്ങൾ തരണംചെയ്യാൻ സ്നേഹം പ്രേരിപ്പിക്കുന്നു: യഹോവയോടുള്ള സ്നേഹം ഏതു പ്രതിബന്ധങ്ങളെയും തരണംചെയ്യാൻ നമ്മെ പ്രേരിപ്പിക്കും. (1 കൊരി. 13:4, 7) ശുശ്രൂഷയിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ ഇടയുണ്ടായിരുന്ന അനേകം സാഹചര്യങ്ങളിലൂടെ യേശു കടന്നുപോയി. എങ്കിലും, ആഴമായ ദൈവസ്നേഹവും യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ആഗ്രഹവും ഉറച്ചുനിൽക്കാൻ അവനെ പ്രാപ്തനാക്കി. (മർക്കോ. 3:21; 1 പത്രോ. 2:18-23) നമുക്കുമുണ്ട് പലതരം വെല്ലുവിളികൾ; അതെല്ലാം തരണംചെയ്യാൻ ദൈവസ്നേഹം നമ്മെയും സഹായിക്കും. ക്രിസ്തുവിന്റെ മാതൃക അടുത്തു പിൻപറ്റുന്നെങ്കിൽ, ആത്മവിശ്വാസത്തോടെ അചഞ്ചലരായി നമ്മുടെ ശുശ്രൂഷ നിറവേറ്റാൻ നമുക്കാകും. കുടുംബാംഗങ്ങളുടെ എതിർപ്പ്, അനാരോഗ്യം, വാർധക്യം, വയൽശുശ്രൂഷയിൽ നേരിടുന്ന എതിർപ്പ്, ആളുകളുടെ നിസ്സംഗത എന്നിവയെല്ലാം നമ്മെ ബാധിച്ചേക്കാമെങ്കിലും, കഴിയുന്നത്ര ഫലകരമായി ശുശ്രൂഷ നിർവഹിക്കാനും അങ്ങനെ യഹോവയോടുള്ള സ്നേഹം പ്രകടമാക്കാനും അതൊന്നും ഒരു തടസ്സമായിരിക്കില്ല.
4. യഹോവയോടുള്ള സ്നേഹം നമുക്ക് എന്തു പദവി നീട്ടിത്തരുന്നു?
4 ശക്തമായ ഒരു ഗുണമാണ് സ്നേഹം. മുഴുദേഹിയോടെയുള്ള ദൈവസ്നേഹം ശുശ്രൂഷയിൽ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്തിയും നമുക്കു നൽകപ്പെട്ടിരിക്കുന്നു. (1 കൊരി. 13:13) യഹോവയുടെ നാമം എന്നെന്നേക്കുമായി വിശുദ്ധീകരിക്കപ്പെടുന്ന സമയത്തോട് നാം സത്വരം അടുത്തുവരവെ, നമ്മുടെ ‘സ്നേഹം മേൽക്കുമേൽ വർധിച്ചുവരട്ടെ.’—ഫിലി. 1:9; മത്താ. 22:36-38.