സേവനം വർധിപ്പിക്കാൻ നിങ്ങൾക്കാകുമോ?
1. വയൽശുശ്രൂഷ ഇന്ന് എത്ര അടിയന്തിരമാണ്, എന്തുകൊണ്ട്?
1 ദൈവരാജ്യ സുവാർത്തയോടുള്ള അനേകരുടെ താത്പര്യം കണ്ടപ്പോൾ, യേശു തന്റെ ശിഷ്യന്മാർക്ക് ഈ നിർദേശം നൽകി: “കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കാൻ കൊയ്ത്തിന്റെ യജമാനനോടു യാചിക്കുവിൻ.” (മത്താ. 9:37, 38) നാം ഇപ്പോൾ കൊയ്ത്തുകാലത്തിന്റെ പരിസമാപ്തിയിലായതിനാൽ, ആ വേല ഇന്ന് മുമ്പെന്നത്തേതിലും അടിയന്തിരമാണ്. അതിന്റെയർഥം, വയൽശുശ്രൂഷയിൽ പൂർണമായ പങ്കുണ്ടായിരിക്കാൻ നമുക്കെങ്ങനെ കഴിയുമെന്ന് പ്രാർഥനാപൂർവം ചിന്തിക്കണമെന്നാണ്.—യോഹ. 14:13, 14.
2. കൂടുതൽ വേലക്കാർക്കായുള്ള ആവശ്യത്തോട് ചിലർ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
2 വർധിച്ച സേവനം: പയനിയർ ശുശ്രൂഷ ഏറ്റെടുക്കാൻ യഹോവയുടെ വഴിനടത്തിപ്പും പിന്തുണയും പലരെയും സഹായിച്ചിരിക്കുന്നു. (സങ്കീ. 26:2, 3; ഫിലി. 4:6) വർഷംതോറും ഒന്നോ അതിലധികമോ മാസം സഹായ പയനിയറായി സേവിക്കാൻ ചിലർക്കു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ അവർക്കു തങ്ങളുടെ ശുശ്രൂഷ വർധിപ്പിക്കാനായി. അതിലൂടെ ലഭിച്ച സന്തോഷം, സാധാരണ പയനിയർ സേവനത്തെക്കുറിച്ചു ചിന്തിക്കാൻ അവരിൽ പലരെയും പ്രേരിപ്പിച്ചു.—പ്രവൃ. 20:35.
3. മുമ്പ് ഒരു പയനിയർ ആയിരുന്നിട്ടുണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് എന്തു പരിചിന്തിക്കാവുന്നതാണ്?
3 പയനിയർ സേവനം പുനരാരംഭിക്കാനാകുമോ? മുമ്പ് നിങ്ങൾ പയനിയറായി സേവിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ നല്ല ഓർമകൾ ഇന്നും നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടാകും. വീണ്ടും ആ സേവനം ഏറ്റെടുക്കുന്നതിനെക്കുറിച്ചു പ്രാർഥനാപൂർവം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതു നിറുത്താനിടയായ സാഹചര്യങ്ങൾക്ക് ഇപ്പോൾ മാറ്റംവന്നിട്ടുണ്ടാകാം. ഒരിക്കൽക്കൂടി പയനിയർ അണികളിലേക്കു കടന്നുവരാനുള്ള അവസരം നിങ്ങൾക്കായി തുറന്നുകിടക്കുകയായിരിക്കാം.—1 യോഹ. 5:14, 15.
4. മഹത്തായ എന്ത് അവസരമാണ് നമുക്കെല്ലാമുള്ളത്?
4 കൊയ്ത്തുവേല ഊർജിതമായി പുരോഗമിക്കുകയാണ്; ഉടൻ അവസാനിക്കുകയും ചെയ്യും. (യോഹ. 4:35, 36) വയൽശുശ്രൂഷയിലെ പങ്ക് വർധിപ്പിക്കാനായി എന്തു ചെയ്യാനാകുമെന്നു കാണാൻ നമുക്കെല്ലാവർക്കും നമ്മുടെ സാഹചര്യം വിലയിരുത്താം. ഇനി, കൂടുതലായി പ്രവർത്തിക്കാൻ കഴിയില്ലെന്നു തോന്നുന്നെങ്കിൽ, വേലയിലെ ഫലപ്രദത്വം വർധിപ്പിക്കാനാകുമോ? (മർക്കോ. 12:41-44) വിശിഷ്ടമായ ഈ വേലയിൽ യഹോവയാൽ ഉപയോഗിക്കപ്പെടാൻ സാഹചര്യം അനുവദിക്കുന്നെങ്കിൽ, എത്ര മഹത്തായ പദവിയായിരിക്കും നിങ്ങൾക്ക് ആസ്വദിക്കാനാകുക!—സങ്കീ. 110:3.