ദിവസവും യഹോവയെ സ്തുതിക്കുക
1. എന്തു ചെയ്യാൻ ദൈവദാസർ പ്രേരിതരാകുന്നു, എന്തുകൊണ്ട്?
1 “നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും,” ദാവീദ് രാജാവ് എഴുതി. (സങ്കീ. 145:2, 7, 21) ദിവസവും യഹോവയെ സ്തുതിക്കാൻ നമുക്കും കാരണങ്ങളുണ്ട്.—സങ്കീ. 37:10; 145:14, 18; 2 പത്രോ. 3:13.
2. കുടുംബങ്ങൾക്ക് എങ്ങനെ ദൈനംദിനം യഹോവയെ സ്തുതിക്കാൻ കഴിയും?
2 കുടുംബത്തിൽ: ദിനവാക്യം പരിചിന്തിക്കുമ്പോഴും കുടുംബാരാധനാ വേളയിലും യോഗങ്ങൾക്കു തയ്യാറാകുമ്പോഴും അർഥവത്തായ ആത്മീയ ചർച്ചകൾക്കു സഹായിക്കുന്ന, പരിപുഷ്ടിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ നമുക്കുണ്ട്. ദിവസവും ഒരു നേരമെങ്കിലും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്ന രീതി പല കുടുംബങ്ങൾക്കുമുണ്ട്. സ്വൈരമായി സംഭാഷണത്തിലേർപ്പെടാനും യഹോവയെ സ്തുതിക്കാനും അത് അവസരമേകുന്നു. മാതാപിതാക്കൾ മുൻകൈയെടുത്തു നടത്തുന്ന അത്തരം ചർച്ചകൾ, “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും” മക്കളെ വളർത്തിക്കൊണ്ടുവരാൻ ഏറെ സഹായിക്കും.—എഫെ. 6:4; ആവ. 6:5-7.
3. സഹോദരങ്ങൾക്കൊപ്പമായിരിക്കുമ്പോൾ നമുക്കെങ്ങനെ യഹോവയെ സ്തുതിക്കാനാകും?
3 സഹോദരങ്ങൾക്കൊപ്പമായിരിക്കുമ്പോൾ: വയൽസേവനത്തിലേർപ്പെടുമ്പോഴും യോഗങ്ങളിൽ സംബന്ധിക്കുമ്പോഴും സഹവിശ്വാസികൾക്കൊപ്പം യഹോവയെ സ്തുതിക്കാനുള്ള മഹത്തായ അവസരം നമുക്കുണ്ട്. (സദൃ. 15:30; ഫിലി. 4:8; എബ്രാ. 13:15) നാമെല്ലാം യഹോവയെ സ്നേഹിക്കുന്നതിനാൽ, അവന്റെ നന്മയോടുള്ള ആത്മാർഥമായ വിലമതിപ്പ് നമ്മുടെ സംഭാഷണത്തിൽ പ്രതിഫലിപ്പിക്കുക എളുപ്പമാണ്.—സങ്കീ. 106:1.
4. യഹോവയെ സ്തുതിക്കാൻ എന്ത് അവസരം നിങ്ങൾക്കുണ്ട്?
4 അവിശ്വാസികളോടു സംസാരിക്കുമ്പോൾ: ദിവസവും പരസ്യശുശ്രൂഷയിൽ ഏർപ്പെടാൻ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽപ്പോലും, സഹപ്രവർത്തകരോടും സഹപാഠികളോടും മറ്റും യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ചുരുക്കമായി സംസാരിക്കുന്നതിലൂടെ ആത്മാർഥഹൃദയരിൽ പ്രത്യാശ ഉൾനടാൻ നമുക്കാകും. (സങ്കീ. 27:14; 1 പത്രോ. 3:15) യാത്രയ്ക്കിടയിൽ ഒരു സഹോദരി, ഒപ്പമുണ്ടായിരുന്ന ഒരു യാത്രക്കാരിയോടു സാക്ഷീകരിച്ചു. അതവർക്ക് വലിയ ആശ്വാസവും പ്രോത്സാഹനവുമേകി. വീണ്ടും ബന്ധപ്പെടാനായി അവർ തന്റെ വിലാസവും ഫോൺനമ്പരും സഹോദരിക്കു കൈമാറി. ലോകം ഇന്ന് കൂടുതൽക്കൂടുതൽ പ്രശ്നങ്ങളിൽ മുങ്ങിത്താഴുമ്പോൾ യഹോവയുടെ ജനം, ശ്രദ്ധിക്കാൻ മനസ്സുള്ള സകലരെയും ‘നന്മയുടെ സുവിശേഷം’ അറിയിക്കുകയാണ്. അത് ആളുകൾക്കു പ്രത്യാശയും യഹോവയെ സ്തുതിക്കാനുള്ള കാരണവും നൽകുന്നു.—യെശ. 52:7; റോമ. 15:11.
5. യഹോവയെ സ്തുതിക്കാൻ നാം വാഞ്ഛിക്കുന്നത് എന്തുകൊണ്ട്, അപ്രകാരം ചെയ്യുന്നതിന്റെ പ്രയോജനമെന്ത്?
5 തന്റെ ദാസർ ദിവസവും തന്നെ സ്തുതിക്കുന്നത് യഹോവയെ എത്ര സന്തോഷിപ്പിക്കും! നമുക്കു ചുറ്റുമുള്ള സൃഷ്ടികളെല്ലാം ദിവസവും ദൈവത്തെ സ്തുതിക്കുന്നു. അതുപോലെ, കുടുംബത്തിലോ സഭയിലോ ആയിരിക്കുമ്പോഴും യഹോവയുടെ സ്തുതിപാഠകരല്ലാത്തവരുമായി സംസാരിക്കുമ്പോഴും നമുക്കവനെ സ്തുതിക്കാം.—സങ്കീ. 19:1-4.