നിങ്ങൾ എങ്ങനെ മറുപടി പറയും?
1. നമ്മോട് ആരെങ്കിലും ഒരു ചോദ്യം ചോദിക്കുമ്പോൾ യേശുവിന്റെ മാതൃക പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്?
1 ആളുകളുടെ ചോദ്യങ്ങൾക്ക് യേശു ഫലകരമായി മറുപടി പറഞ്ഞ വിധം ഇന്നും അനേകരെ അതിശയിപ്പിക്കാറുണ്ട്. ശുശ്രൂഷയിൽ ആളുകൾ പലതരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ യേശുവിന്റെ മാതൃക നമുക്കും അനുകരിക്കാവുന്നതാണ്.—1 പത്രോ. 2:21.
2. ഒരു ചോദ്യത്തിന് ഫലകരമായി ഉത്തരം നൽകാൻ നമ്മെ എന്തു സഹായിച്ചേക്കും?
2 ആദ്യം ശ്രദ്ധിക്കുക: ചോദ്യം ചോദിക്കുന്ന ആളിന്റെ വീക്ഷണത്തിന് യേശു പരിഗണന നൽകിയിരുന്നു. അതു മനസ്സിലാക്കാൻ, പലപ്പോഴും ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അയാൾ എന്താണ് ശരിക്കും ഉദ്ദേശിക്കുന്നതെന്നു കണ്ടുപിടിക്കേണ്ടതുണ്ടായിരിക്കാം. “നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ?” എന്നു ചോദിക്കുന്ന ഒരാൾ, അങ്ങനെയെങ്കിൽ നമ്മൾ ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് എന്തുകൊണ്ടാണ് എന്നു ചിന്തിക്കുന്നുണ്ടാകും. ചോദ്യകർത്താവിന്റെ മനസ്സിലുള്ളത് ശരിക്കും തിരിച്ചറിഞ്ഞാൽ, ഏറെ ഫലകരമായി അയാളോടു ന്യായവാദം ചെയ്യാൻ നമുക്കാകും.—ലൂക്കോ. 10:25-37.
3. തൃപ്തികരമായ തിരുവെഴുത്തുത്തരങ്ങൾ കണ്ടുപിടിക്കാൻ നമുക്ക് എന്തു സഹായമുണ്ട്?
3 ദൈവവചനം ഉപയോഗിച്ച് ഉത്തരം നൽകുക: മിക്കപ്പോഴും ബൈബിൾ എന്തുത്തരം നൽകുന്നു എന്നു കാണിക്കുന്നതായിരിക്കും ഏറെ ഫലകരം. (2 തിമൊ. 3:16, 17; എബ്രാ. 4:12) ഏറ്റവും കൃത്യമായ ഉത്തരം നൽകുന്നതിന് ന്യായവാദം പുസ്തകവും പുതിയ ലോക ഭാഷാന്തരത്തിലെ “ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾവിഷയങ്ങൾ” എന്ന ഭാഗവും വളരെ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. ബൈബിളിനെ ആധികാരിക ഗ്രന്ഥമായി അംഗീകരിക്കാത്തവരോടുപോലും, തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതെന്താണെന്ന് നയപൂർവം വിശദീകരിക്കാനായേക്കും. കാലം മാറ്റുതെളിയിച്ച ബൈബിൾജ്ഞാനത്തിന് ശ്രദ്ധകൊടുക്കാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക. യേശുവിനെ അനുകരിക്കുന്നെങ്കിൽ നിങ്ങളുടെ ഉത്തരങ്ങളും “വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ” ആദരണീയവും ആകർഷകവും മൂല്യവത്തും ആയിരിക്കും.—സദൃ. 25:11.
4. എങ്ങനെയുള്ള സാഹചര്യങ്ങളിൽ ആളുകളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാതിരിക്കുന്നത് ഉത്തമമായിരിക്കും?
4 എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയണമോ? ഏതെങ്കിലും ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കിൽ, “എനിക്കറിയില്ല, എന്നാൽ ഗവേഷണം ചെയ്ത് ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിച്ചിട്ട് വരട്ടേ?” എന്നു പറയാൻ മടി വിചാരിക്കരുത്. നിങ്ങളുടെ വിനയവും വീട്ടുകാരനിലുള്ള വ്യക്തിപരമായ താത്പര്യവും നിമിത്തം, മടങ്ങിവരാൻ അദ്ദേഹം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എന്നാൽ സത്യത്തോട് എതിർപ്പുള്ള ആരെങ്കിലും വെറുതെ ഒരു വാഗ്വാദത്തിനുവേണ്ടി ചോദ്യം ചോദിക്കുകയാണെന്നു തോന്നുന്നപക്ഷം നയപൂർവം സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് യേശുവിനെ അനുകരിക്കുക. (ലൂക്കോ. 20:1-8) സമാനമായി, സത്യത്തോട് ആത്മാർഥ താത്പര്യമില്ലാത്ത ഒരാൾ നിങ്ങളുമായി തർക്കിക്കാൻ ശ്രമിക്കുന്നെങ്കിൽ നയപൂർവം സംഭാഷണം അവിടെ അവസാനിപ്പിച്ചിട്ട് ആത്മാർഥഹൃദയരായ ആളുകളെ കണ്ടെത്താൻ ആ സമയം ഉപയോഗിക്കുക.—മത്താ. 7:6.
5. ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിൽ യേശു എന്തു മാതൃകവെച്ചു?
5 ‘സത്യത്തിനു സാക്ഷിനിൽക്കുന്നതിന്’ യഹോവയിൽ ആശ്രയിക്കേണ്ടത് അതിപ്രധാനമാണെന്ന് യേശുവിന് അറിയാമായിരുന്നു. ആത്മാർഥമായ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. (യോഹ. 18:37) “നിത്യജീവനുവേണ്ട ഹൃദയനില” ഉള്ളവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിൽ യേശുവിനെ അനുകരിക്കാനാകുന്നത് എന്തൊരു പദവിയാണ്!—പ്രവൃ. 13:48.