“ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ”
1. നമ്മുടെ പ്രസംഗവേലയിൽ എന്തു പ്രകടമായിരിക്കണം?
1 ക്രിസ്തീയ പ്രവർത്തനത്തിന്റെ ഒരു മണ്ഡലത്തിലും ക്രിസ്ത്യാനിക്ക് അലസനായിരിക്കാനാവില്ല. “ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ. യഹോവയ്ക്കുവേണ്ടി അടിമവേല ചെയ്യുവിൻ” എന്നാണ് നമ്മോടു പറഞ്ഞിരിക്കുന്നത്. (റോമ. 12:11) ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്ണതയെ കെടുത്തിക്കളയുന്ന പല ഘടകങ്ങളുണ്ട്. രാജ്യസേവനത്തിലെ നമ്മുടെ തീക്ഷ്ണതയും ഉത്സാഹവും “അഗ്നിനാളംപോലെ ജ്വലിപ്പിച്ചു” നിറുത്താൻ നമുക്ക് എങ്ങനെ കഴിയും?—2 തിമൊ. 1:6, 7.
2. ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്ണതയും വ്യക്തിപരമായ ബൈബിൾ പഠനവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
2 വ്യക്തിപരമായ ബൈബിൾ പഠനം: ദൈവവചനത്തോട് ആഴമായ സ്നേഹമുള്ള, അതിൽ അടങ്ങിയിരിക്കുന്ന സത്യത്താൽ പ്രചോദിതനായ ഒരു വ്യക്തിക്കേ രാജ്യപ്രസംഗവേലയിൽ ഫലം കണ്ടെത്താനാകൂ. (സങ്കീ. 119:97) വ്യക്തിപരമായ പഠനത്തിലൂടെ മനസ്സിലാക്കുന്ന ബൈബിൾ സത്യങ്ങൾ നമ്മുടെ ഹൃദയത്തെ പ്രചോദിപ്പിക്കുകയും തീക്ഷ്ണത വർധിപ്പിക്കുകയും ചെയ്യും. അത്തരം സത്യങ്ങൾ വെളിപ്പെടുത്തിത്തന്ന ദൈവത്തോടുള്ള സ്നേഹവും സുവാർത്ത മറ്റുള്ളവരോടു പങ്കുവെക്കാനുള്ള നമ്മുടെ അദമ്യമായ ആഗ്രഹവും ദൈവത്തെ സ്തുതിക്കാനും അവന്റെ നാമം പരസ്യമായി പ്രഖ്യാപിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. (എബ്രാ. 13:15) മുഴുഹൃദയാ സുവാർത്ത പ്രസംഗിക്കുമ്പോൾ ആ ദൂതിനോടുള്ള നമ്മുടെ ആഴമായ വിലമതിപ്പാണു നാം പ്രകടമാക്കുന്നത്.
3. പരിശുദ്ധാത്മാവിന് ശുശ്രൂഷയിൽ നമ്മെ സഹായിക്കാനാകുന്നത് എങ്ങനെ?
3 ദൈവാത്മാവിനുവേണ്ടി പ്രാർഥിക്കുക: സ്വന്തം ശക്തിയാൽ ശുശ്രൂഷയിൽ ഫലം കണ്ടെത്താനാവില്ല. ദൈവാത്മാവിന്റെ അനുസ്യൂതമായ ഒഴുക്കുള്ളവർക്കേ യഥാർഥ തീക്ഷ്ണത ഉണ്ടാകൂ. (1 പത്രോ. 4:11) ചലനാത്മകമായ “ശക്തി”യുടെ ഉറവായ ദൈവത്തോട് അടുത്തുചെല്ലുന്നെങ്കിൽ സധൈര്യം സാക്ഷീകരിക്കാനുള്ള ആത്മീയ കരുത്ത് നമുക്കു ലഭിക്കും. (യെശ. 40:26, 29-31) ശുശ്രൂഷയിൽ പ്രതികൂല സാഹചര്യങ്ങൾ നേരിട്ടപ്പോൾ പൗലോസ് അപ്പൊസ്തലന് “ദൈവത്തിൽനിന്നു സഹായം” ലഭിച്ചു. (പ്രവൃ. 26:21, 22) യഹോവയിൽനിന്നുള്ള പരിശുദ്ധാത്മാവിന്, ശക്തിപകർന്നുകൊണ്ട് ശുശ്രൂഷയിൽ ജ്വലിച്ചുനിൽക്കാൻ നമ്മെ സഹായിക്കാനാകും. അതുകൊണ്ട് നാം അതിനായി പ്രാർഥിക്കണം.—ലൂക്കോ. 11:9-13.
4. തീക്ഷ്ണതയ്ക്ക് എന്തു ഫലമുണ്ടായിരുന്നേക്കാം, എന്നാൽ നാം എന്തു ശ്രദ്ധിക്കണം?
4 ശുശ്രൂഷയിൽ നമുക്കുള്ള തീക്ഷ്ണത സഹവിശ്വാസികളിലും ഉത്സാഹം വർധിപ്പിക്കും. (2 കൊരി. 9:2) ഉത്സാഹത്തോടും ബോധ്യത്തോടും കൂടെ സംസാരിക്കുന്നെങ്കിൽ നാം പറയുന്ന കാര്യങ്ങൾ ആളുകൾ സ്വീകരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ തീക്ഷ്ണതയോടൊപ്പം നാം നയവും ന്യായബോധവും സൗമ്യതയും പ്രകടമാക്കണം. (തീത്തൊ. 3:2) എപ്പോഴും നാം വീട്ടുകാരെ ആദരിക്കുകയും തിരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും വേണം.
5. ഏതു നിശ്വസ്ത ഉദ്ബോധനത്തിനു നാം ശ്രദ്ധനൽകണം?
5 രാജ്യഘോഷകരെന്നനിലയിൽ നമുക്ക് എപ്പോഴും “ആത്മാവിൽ ജ്വലിക്കുന്നവരാ”യിരിക്കാം. വ്യക്തിപരമായ പഠനത്തിലൂടെയും നമ്മെ ശക്തരാക്കുന്ന പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യാനാകുന്ന യഹോവയോടുള്ള ഹൃദയംഗമമായ പ്രാർഥനയിലൂടെയും നമുക്കു തീക്ഷ്ണത വളർത്തിയെടുക്കാം. അങ്ങനെ, ‘പരിശുദ്ധാത്മാവിന്റെ ശക്തി ലഭിച്ചവരായി പൂർണനിശ്ചയം പ്രാപിച്ച്’ തീക്ഷ്ണതയോടെ നമുക്ക് നമ്മുടെ ശുശ്രൂഷ നിവർത്തിക്കാം.—1 തെസ്സ. 1:5.