സഭയിലുള്ളവരുടെ അവിശ്വാസികളായ ഇണകളെ എങ്ങനെ സഹായിക്കാം?
1. യഹോവ എന്ത് ആഗ്രഹിക്കുന്നു, അവനെ നമുക്ക് എങ്ങനെ അനുകരിക്കാം?
1 അവിശ്വാസിയായ ഭാര്യയോ ഭർത്താവോ ഉള്ള ഒരു പ്രസാധകനോ പ്രസാധികയോ നിങ്ങളുടെ സഭയിലുണ്ടോ? യഹോവയെ ആരാധിക്കുന്നതിൽ ഇണയും തങ്ങളോടൊത്തു ചേരാൻ അവർ എത്രയധികം ആഗ്രഹിക്കുന്നുണ്ടാകും! എന്നാൽ അവർ മാത്രമല്ല അത് ആഗ്രഹിക്കുന്നത്; മുഴുസഭയും അത് ആഗ്രഹിക്കുന്നുണ്ട്. “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണ”മെന്നും ആഗ്രഹിക്കുന്ന യഹോവയുടെ അതേ മനോഭാവമാണ് അവർ അതുവഴി പ്രതിഫലിപ്പിക്കുന്നത്. (1 തിമൊ. 2:4) സഭയിലുള്ളവരുടെ അവിശ്വാസികളായ ഇണകളെ നമുക്ക് എങ്ങനെ സഹായിക്കാം?
2. സഭയിലെ ഒരു പ്രസാധകന്റെ/പ്രസാധികയുടെ അവിശ്വാസിയായ ഇണയോട് ഇടപെടാൻ വിവേകം നമ്മെ സഹായിക്കുന്നത് എങ്ങനെ?
2 ആദ്യംതന്നെ, അവിശ്വാസിയായ വ്യക്തിയുടെ ഭാഗത്തുനിന്ന് കാര്യങ്ങളെ കാണാൻ ശ്രമിക്കുക. അവിശ്വാസികളായ പലരും തങ്ങളുടെ ഇണയെയും കുടുംബത്തെയും സ്നേഹിക്കുന്നവരാണ്. പക്ഷേ മതത്തിന്റെ കാര്യത്തിൽ അവർക്ക് അവരുടേതായ വീക്ഷണങ്ങൾ ഉണ്ടായിരിക്കാം. ഇവരിൽ ചിലർക്ക് യഹോവയുടെ സാക്ഷികളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞുകേട്ട തെറ്റായ വിവരങ്ങൾ മാത്രമേയുള്ളൂ. ഭാര്യ/ഭർത്താവ് മുമ്പ് കുടുംബത്തോടൊപ്പം ചെലവഴിച്ചിരുന്ന സമയം ഇപ്പോൾ ആരാധനയ്ക്കായി ഉപയോഗിക്കുന്നത് മറ്റുചിലരെ നീരസപ്പെടുത്തിയേക്കാം. എന്തുതന്നെയായാലും, സഭയിലെ ഒരു പ്രസാധകന്റെ/പ്രസാധികയുടെ അവിശ്വാസിയായ ഇണയോട് പരിഭ്രമമില്ലാതെ ദയയോടും ആദരവോടും കൂടെ ഇടപെടാൻ വിവേകം നമ്മെ സഹായിക്കും.—സദൃ. 16:20-23.
3. അവിശ്വാസിയായ വ്യക്തിയെ സത്യത്തിലേക്ക് ആകർഷിക്കുന്നത് പ്രധാനമായും എന്തായിരിക്കും?
3 വ്യക്തിഗത താത്പര്യം: ചുരുങ്ങിയപക്ഷം തുടക്കത്തിലെങ്കിലും, അവിശ്വാസിയായ വ്യക്തിയെ സത്യത്തിലേക്ക് ആകർഷിക്കുന്നത് നമ്മുടെ സത്പ്രവൃത്തികളായിരിക്കും, അല്ലാതെ ബൈബിൾ ചർച്ചകളായിരിക്കില്ല. (1 പത്രോ. 3:1, 2) അതുകൊണ്ട് നാം ആ വ്യക്തിയുടെ കാര്യത്തിൽ താത്പര്യമെടുക്കേണ്ടത് പ്രധാനമാണ്. സഭയിലെ സഹോദരിമാർക്ക് ഒരു പ്രസാധകന്റെ അവിശ്വാസിയായ ഭാര്യയിലും സഹോദരന്മാർക്ക് അവിശ്വാസിയായ ഭർത്താവിലും ഇപ്രകാരം താത്പര്യമെടുക്കാനാകും. എങ്ങനെ?
4. അവിശ്വാസിയായ വ്യക്തിയിൽ താത്പര്യമുണ്ടെന്നു കാണിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
4 അവിശ്വാസിയായ വ്യക്തിയെ നിങ്ങൾ ഇതുവരെ പരിചയപ്പെട്ടിട്ടില്ലെങ്കിൽ വിശ്വാസിയായ ഇണയുമായി സംസാരിച്ചശേഷം അതു ചെയ്യാവുന്നതാണ്. തുടക്കത്തിൽ തണുപ്പൻമട്ടിലുള്ള ഒരു പ്രതികരണമാണ് അവിശ്വാസിയിൽനിന്നു ലഭിക്കുന്നതെങ്കിൽ വിഷമിക്കേണ്ടതില്ല. നാം ആ വ്യക്തിയോടു കാണിക്കുന്ന താത്പര്യവും സൗഹൃദവും യഹോവയുടെ സാക്ഷികളോടുള്ള സമീപനം മാറ്റാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം. (റോമ. 12:20) അവിശ്വാസിയായ വ്യക്തിയെ കുടുംബസമേതം ഭക്ഷണത്തിനു ക്ഷണിക്കുന്നത് സഹായകമാണെന്ന് ചില ക്രിസ്ത്യാനികൾ മനസ്സിലാക്കിയിരിക്കുന്നു. യഹോവയുടെ സാക്ഷികളെ ഈ വിധത്തിൽ അടുത്തറിയുന്നത് അവിശ്വാസിയായ വ്യക്തിയുടെ മനസ്സിലുള്ള മുൻവിധി ദൂരീകരിക്കാൻ ഇടയാക്കിയിട്ടുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ, ആത്മീയ വിഷയങ്ങളിലേക്ക് ചർച്ച വലിച്ചിഴയ്ക്കാതെ അവിശ്വാസിക്ക് താത്പര്യമുള്ള കാര്യങ്ങൾ സംസാരിക്കാനും പക്വമതികളായ ഈ ക്രിസ്ത്യാനികൾ ശ്രദ്ധിക്കുന്നു. പിന്നീട്, ആ വ്യക്തിയുമായി ഒരു സൗഹൃദം സ്ഥാപിച്ചുകഴിയുമ്പോൾ ബൈബിളിനെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ ഒരുപക്ഷേ തന്റെ ഇണ സംബന്ധിക്കുന്ന യോഗങ്ങളിൽ എന്താണു പഠിപ്പിക്കുന്നതെന്നു നേരിട്ടു മനസ്സിലാക്കാൻ അദ്ദേഹത്തെ ക്ഷണിക്കാനായേക്കും. സഭയിലെ ചിലരെ അതിനോടകം പരിചയപ്പെട്ടു കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് അദ്ദേഹത്തിന് യോഗസ്ഥലത്തു വരുമ്പോൾ അത്ര അപരിചിതത്വം തോന്നാനിടയില്ല. സത്യം അറിയാൻ അദ്ദേഹം താത്പര്യം കാണിക്കുന്നില്ലെങ്കിൽക്കൂടി, വിശ്വാസിയായ ഇണയ്ക്ക് നൽകുന്ന പിന്തുണയെപ്രതി അദ്ദേഹത്തെ അനുമോദിക്കാൻ മറക്കരുത്.
5. അവിശ്വാസികളെ സഹായിക്കാനായി മൂപ്പന്മാർക്ക് എന്തു ചെയ്യാനാകും?
5 സഭയിലുള്ളവരുടെ അവിശ്വാസികളായ ഇണകളെ ഇത്തരത്തിൽ സഹായിക്കുന്നതിൽ മൂപ്പന്മാർ വിശേഷാൽ ശ്രദ്ധയുള്ളവരായിരിക്കണം. ബൈബിളിൽ താത്പര്യം കാണിക്കാതിരുന്ന അവിശ്വാസിയായ ഒരു വ്യക്തി ആശുപത്രിയിലാകുമ്പോഴോ ഗുരുതരമായ ആരോഗ്യപ്രശ്നം നേരിടുമ്പോഴോ ബൈബിളിൽനിന്നുള്ള സാന്ത്വനവാക്കുകൾക്ക് അദ്ദേഹം ശ്രദ്ധകൊടുത്തെന്നുവരാം. അതുകൊണ്ട് അങ്ങനെയുള്ള കുടുംബങ്ങളിൽ മരണംപോലുള്ള എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാകുകയും ആശ്വാസം നൽകാനായി മൂപ്പന്മാർ അവരെ സന്ദർശിക്കുകയും ചെയ്യുമ്പോൾ അവിശ്വാസിയായ വ്യക്തിയെയും ഉൾപ്പെടുത്താൻ കഴിയും.
6. അവിശ്വാസികളായ വ്യക്തികളെ നാം സഹായിക്കേണ്ടത് എന്തുകൊണ്ട്?
6 അവിശ്വാസിയായ തന്റെ ഇണ സത്യം സ്വീകരിക്കുമ്പോൾ ഒരു പ്രസാധകന്/പ്രസാധികയ്ക്ക് അത് എത്ര സന്തോഷം കൈവരുത്തും! അത് യഹോവയെയും ദൂതന്മാരെയും സഭയിലുള്ളവരെയും സന്തോഷിപ്പിക്കും. (ലൂക്കോ. 15:7, 10) അവിശ്വാസിയായ വ്യക്തി തുടക്കത്തിൽ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽക്കൂടി നമ്മുടെ ശ്രമങ്ങൾ, “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്കു വരാൻ ഇച്ഛിക്കുന്ന” യഹോവയെ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം.—2 പത്രോ. 3:9.
[6-ാം പേജിലെ ആകർഷക വാക്യം]
ചുരുങ്ങിയപക്ഷം തുടക്കത്തിലെങ്കിലും, അവിശ്വാസിയായ വ്യക്തിയെ സത്യത്തിലേക്ക് ആകർഷിക്കുന്നത് നമ്മുടെ സത്പ്രവൃത്തികളായിരിക്കും, അല്ലാതെ ബൈബിൾ ചർച്ചകളായിരിക്കില്ല