ശക്തമായ സാക്ഷ്യം നൽകപ്പെടും!
1. സ്മാരകത്തിനു ഹാജരാകുന്നവരെ പ്രസംഗത്തിനു പുറമേ മറ്റെന്തും ആകർഷിച്ചേക്കാം? വിശദീകരിക്കുക.
1 എപ്പോൾ? സ്മാരകാചരണ വേളയിൽ. ഈ ആചരണത്തിനായി ആളുകളെ ക്ഷണിക്കുന്നതിന് നാമെല്ലാം നല്ല ശ്രമം ചെയ്തിരിക്കുന്നു. അന്ന് അവിടെ കേൾക്കുന്ന കാര്യങ്ങളിൽ മാത്രമാണോ ക്ഷണിക്കപ്പെട്ടവർ ആകൃഷ്ടരാകുക? സ്മാരകത്തിന് ഹാജരായ ഒരു സ്ത്രീ അവിടെ കണ്ട കാര്യങ്ങളെക്കുറിച്ച് അഭിപ്രായപ്പെടുകയുണ്ടായി; സ്വമേധാസേവകർ നിർമിച്ച് വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്ന മനോഹരമായ ഹാളും കൂടിവന്നിരുന്നവർക്കിടയിലെ സൗഹാർദവും അവരെ വളരെയേറെ ആകർഷിച്ചു. വർഷത്തിലെ ഈ സുപ്രധാന വേളയിൽ സാക്ഷ്യംനൽകുന്നതിൽ പ്രസംഗകനു മാത്രമല്ല നമുക്കെല്ലാം ഒരു പങ്കുണ്ടെന്നു വ്യക്തം.—എഫെ. 4:16.
2. നമുക്ക് ഓരോരുത്തർക്കും സ്മാരകത്തിനു ഹാജരാകുന്ന പുതിയവർക്ക് എങ്ങനെ സാക്ഷ്യം നൽകാനാകും?
2 പുതിയവരെ ഹൃദ്യമായി സ്വാഗതംചെയ്യുക: ഹൃദ്യമായ പുഞ്ചിരിയോടെ പുതിയവരെ സ്വാഗതംചെയ്യുന്നെങ്കിൽ അത് ഒരു നല്ല സാക്ഷ്യത്തിന് ഇടയാക്കും. (യോഹ. 13:35) സ്മാരകത്തിനു വരുന്ന പുതിയവരെ എല്ലാം നേരിൽക്കണ്ടു സംസാരിക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും, കുറഞ്ഞപക്ഷം നിങ്ങളുടെ അടുത്ത് ഇരിക്കുന്നവരെ പരിചയപ്പെടാനും സൗഹാർദപൂർവം അവരോടു സംസാരിക്കാനും കഴിയും. (എബ്രാ. 13:1, 2) സഭയിലുള്ള ആരെയും പരിചയമില്ലാത്ത പുതിയവർ വന്നിട്ടുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കുക. ഒരുപക്ഷേ, അവർക്കു ക്ഷണം ലഭിച്ചത് പ്രചാരണ പരിപാടിയുടെ സമയത്ത് ആയിരിക്കാം. അങ്ങനെയുള്ളവരോട്, “നിങ്ങൾ ആദ്യമായിട്ടാണോ ഇവിടെ വരുന്നത്” എന്നു ചോദിക്കാനായേക്കും. നിങ്ങൾക്ക് അവരോടൊപ്പം ഇരിക്കാനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാനും കഴിയും. മറ്റൊരു സഭ സ്മാരകത്തിനായി നിങ്ങളുടെ ഹാളിൽ കൂടിവരുന്നതിനാൽ പരിപാടിക്കുശേഷം ഉടൻതന്നെ അവിടം വിട്ടുപോകേണ്ടതുണ്ടെങ്കിൽ അദ്ദേഹത്തോട് ഇങ്ങനെ പറയാനായേക്കും: “ഇവിടെ നടന്ന പരിപാടിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാൻ എനിക്ക് ആഗ്രഹമുണ്ട്. നിങ്ങളെ എപ്പോഴാണ് വീണ്ടും കണ്ടു സംസാരിക്കാനാകുക?”
3. നിഷ്ക്രിയരായവരെ നാം എങ്ങനെ ‘സ്വീകരിക്കണം?’
3 നിഷ്ക്രിയരായവരെ സ്വാഗതംചെയ്യുക: നിഷ്ക്രിയരായവരും സ്മാരകത്തിനു ഹാജരാകും എന്നതിനു സംശയമില്ല; അവരിൽ ചിലർ വർഷന്തോറും സ്മാരകാചരണത്തിനുമാത്രം വരുന്നവർ ആയിരിക്കാം. ഹൃദ്യമായി അവരെ ‘സ്വീകരിക്കുക,’ അവർ വന്നതിൽ നിങ്ങൾക്കു വളരെ സന്തോഷം ഉണ്ടെന്നു പറയുക. (റോമ. 15:7, പി.ഒ.സി. ബൈബിൾ) അധികം വൈകാതെ, മൂപ്പന്മാർക്ക് അവരെ സന്ദർശിക്കുന്നതിനും സഭയോടൊത്തു തുടർന്നു സഹവസിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും കഴിയും. സ്മാരകത്തിനു ഹാജരാകുന്നവരിൽ പലരും അവിടെ കേൾക്കുന്ന കാര്യങ്ങളാൽ മാത്രമല്ല ‘നമ്മുടെ സത്പ്രവൃത്തികൾ കണ്ടറിഞ്ഞും’ ദൈവത്തെ മഹത്ത്വപ്പെടുത്താൻ പ്രേരിതരാകട്ടെ എന്നാണ് നമ്മുടെ പ്രാർഥന.—1 പത്രോ. 2:12.