ചോദ്യപ്പെട്ടി
◼ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ബൈബിൾ വിദ്യാർഥിക്ക് എത്രനാൾ അധ്യയനം എടുക്കണം?
പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ വിദ്യാർഥിക്ക്, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?, “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്നീ രണ്ടുപ്രസിദ്ധീകരണങ്ങളും പഠിച്ചു തീരുന്നതുവരെ അധ്യയനം എടുക്കേണ്ടതാണ്. ഇവ രണ്ടും പൂർത്തിയാകുന്നതിനുമുമ്പ് വിദ്യാർഥി സ്നാനമേറ്റാലും അധ്യയനം തുടരണം. അദ്ദേഹം സ്നാനമേറ്റെങ്കിലും, മണിക്കൂറും മടക്കസന്ദർശനവും അധ്യയനവും റിപ്പോർട്ടുചെയ്യാവുന്നതാണ്. മറ്റൊരു പ്രസാധകൻ നമ്മോടൊപ്പം അധ്യയനത്തിനു വരുന്നെങ്കിൽ, അദ്ദേഹം അതിൽ പങ്കെടുക്കുന്നപക്ഷം അദ്ദേഹത്തിനും മണിക്കൂർ റിപ്പോർട്ടുചെയ്യാനാകും.—2010 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജ് കാണുക.
പുതിയവരോടൊത്തുള്ള അധ്യയനം അവസാനിപ്പിക്കുന്നതിനുമുമ്പുതന്നെ അവർ സത്യത്തിൽ അടിയുറച്ചവരായിത്തീരേണ്ടതുണ്ട്. അവർ ക്രിസ്തുവിൽ “വേരൂന്നി” “വിശ്വാസത്തിൽ സ്ഥിരചിത്ത”രായിത്തീരണം. അങ്ങനെയാകുമ്പോൾ, നേരിടാനിരിക്കുന്ന പരിശോധനകളിൽ ഉറച്ചുനിൽക്കാൻ അവർക്കാകും. (കൊലോ. 2:6, 7; 2 തിമൊ. 3:12; 1 പത്രോ. 5:8, 9) മാത്രമല്ല, ‘സത്യത്തിന്റെ പരിജ്ഞാനം’ നേടിയാൽ മാത്രമേ അവർക്കു മറ്റുള്ളവരെ ഫലപ്രദമായി ബൈബിൾ പഠിപ്പിക്കാൻ സാധിക്കൂ. (1 തിമൊ. 2:4) വിദ്യാർഥികളുമൊത്ത് രണ്ടുപ്രസിദ്ധീകരണങ്ങളും പഠിക്കുന്നതിലൂടെ “ജീവനിലേക്കുള്ള” “പാത”യിൽ ഉറച്ചുനിൽക്കാൻ നാം അവരെ സഹായിക്കുകയായിരിക്കും.—മത്താ. 7:14.
ഒരു വ്യക്തിക്കു സ്നാനമേൽക്കാൻ അംഗീകാരം നൽകുന്നതിനുമുമ്പ് അദ്ദേഹം അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും അവയ്ക്കു ചേർച്ചയിലാണ് ജീവിക്കുന്നതെന്നും മൂപ്പന്മാർ ഉറപ്പുവരുത്തേണ്ടതുണ്ട്. ആദ്യത്തെ പുസ്തകം പഠിച്ചുതീരുന്നതിനുമുമ്പു സ്നാനമേൽക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥിയുടെ കാര്യത്തിൽ മൂപ്പന്മാർ വിശേഷാൽ ശ്രദ്ധയുള്ളവരായിരിക്കണം. സ്നാനമേൽക്കാൻവേണ്ട യോഗ്യതയിൽ വിദ്യാർഥി എത്തിയിട്ടില്ലെങ്കിൽ ആ പടിയിലേക്കു പുരോഗമിക്കുന്നതിന് ആവശ്യമായ സഹായം നൽകാൻ മൂപ്പന്മാർ വേണ്ട ക്രമീകരണങ്ങൾ ചെയ്യും.—യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 217-218 പേജുകൾ കാണുക.
[2-ാം പേജിലെ ആകർഷക വാക്യം]
പുതിയവർക്ക് സത്യത്തിൽ നല്ല അടിസ്ഥാനം ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്